പന്തളം: പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിന് ഓൺലൈൻ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നടന്ന പന്തളം നഗരസഭാ കൗൺസിൽ യോഗം പ്രതിഷേധത്തിൽ കലാശിച്ചു. നഗരസഭാ കവാടത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പഠനസൗകര്യമില്ലെന്ന് ആരോപിച്ച് കൗൺസിൽ ബഹിഷ്‌കരിച്ച് അവർ ധർണ നടത്തി. കൗൺസിൽ തീരുമാനം അട്ടിമറിക്കാൻ ഇവർ ശ്രമിക്കുന്നതിനെതിരെ എൽ.ഡി.എഫും രംഗത്തെത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു കൗൺസിൽ. വിദ്യാഭ്യാസ മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ബി.ആർ.സി.വഴി നടപ്പിലാക്കാൻ പഴയതും പുതിയതുമായ ടെലിവിഷൻ സംഭരിക്കാനും തികഞ്ഞില്ലെങ്കിൽ തനതുഫണ്ടിൽ നിന്ന് തുക ചെലവഴിക്കുവാനുമായിരുന്നു തീരുമാനമെന്ന് ചെയർപേഴ്‌സൻ റ്റി.കെ.സതി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിതാ നായർ എന്നിവർ പറഞ്ഞു. ഇതിനെതിരെ നടത്തിയ പ്രതിഷേധം പ്രഹസനമാണന്ന് അവർ ആരോപിച്ചു.. ടി..വി വാങ്ങാൻ പണം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കേബിൾ ടി.വി.ക്കാരെ സമീപിച്ച് പഴയ ടി.വി വാങ്ങിക്കൊടുക്കാമെന്ന ഭരണകക്ഷിയുടെ മറുപടിയിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയതെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
എ.നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു.കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി.രമണൻ, മഞ്ജു വിശ്വനാഥ്, ആനി ജോൺ, പന്തളം മഹേഷ്, സുനിതാവേണു എന്നിവർ പ്രസംഗിച്ചു.ബി.ജെ.പി നടത്തിയ ധർണയിൽ കെ.വി.പ്രഭ, ശ്രീലത, കെ.സീന, ശ്രീലേഖ, സുധാ ശശി, സുമേഷ്, ധന്യാ ഉദയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് സമരത്തിൽ ചെയർപേഴ്‌സൺ റ്റി.കെ.സതി, വൈസ് ചെയർമാൻ ആർ.ജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ല സിതാ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാധാ രാമ ചന്ദ്രൻ ,എ.രാമൻ, തുടങ്ങിയവർ പങ്കെടുത്തു.