വെള്ളക്കാരനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ കഴുത്ത് ഞെരിഞ്ഞ് ജീവനുവേണ്ടി പിടയുമ്പോൾ ജോർജ് ഫ്ളോയിഡ് കരഞ്ഞു വിളിച്ചു. 'മമ്മാ... എനിക്ക് ശ്വാസം മുട്ടുന്നു." ലോക മനസാക്ഷിയെ ശ്വാസം മുട്ടിച്ച ആ നിലവിളി വീഡിയോയിൽ പകർത്തിയത് 17വയസുള്ള വിദ്യാർത്ഥിയാണ്. ഡാർനെല്ല ഫ്രെയ്സിയൽ. ലോകം മുഴുവൻ വൈറലായ വീഡിയോ ചിത്രീകരിച്ച ഡാർനെല്ലയ്ക്ക് ഇപ്പോഴും നടുക്കം മാറിയിട്ടില്ല. മനഃസാക്ഷിയുള്ളവർക്ക് കണ്ട് നിൽക്കാനാവാത്ത ദൃശ്യം.
ജോർജിന്റെ ജീവൻ നഷ്ടപ്പെടുകയാണെന്ന് ആ വീഡിയോ ചിത്രീകരിക്കുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല. വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റബോധത്താൽ തേങ്ങുകയാണവൾ. എങ്കിലും അവളുടെ നീതിബോധത്തിന് പ്രായത്തേക്കാൾ പാകതയുണ്ട്. അതിനാൽ തന്നെ ജോർജിനെ ക്രൂരമായി കൊലപ്പെടുത്തിയ ഡെറിക് ചൗവ് എന്ന വെള്ളക്കാരൻ പൊലീസുകാരന്റെ ദുഷിച്ച മുഖം നീതി പീഠത്തിന് മുന്നിലും ലോകത്തിന് മുന്നിലും വെളിപ്പെടുത്താനവൾക്കായി. തൊലി കറുത്തതിന്റെ പേരിൽ സഹജീവികൾ അനുഭവിക്കുന്ന പീഡനം കാലമെത്ര കഴിഞ്ഞിട്ടും തുടരുകയാണെന്ന് അവൾ വിളിച്ചു പറഞ്ഞു. ലോകത്ത് ഒന്നാമതെത്താൻ മത്സരിക്കുന്ന അമേരിക്കയുടെ അടിത്തട്ടിലൊളിച്ചിരുന്ന വർണവെറിയെ അവൾ വേരോടെ തോണ്ടി പുറത്തിട്ടു.
'ഇനിയും സഹിക്ക വയ്യ!. ജോർജിന് നീതി ലഭിക്കണം. ഇനിയൊരാളും തൊലി കറുത്തതിന്റെ പേരിൽ അപമാനിക്കപ്പെടാനോ പീഡിപ്പിക്കപ്പെടാനോ പാടില്ല. അതിനായി ഏതറ്റം വരെയും പോരാടാൻ തയ്യാറാണെന്ന് ഈ പെൺകുട്ടി പറയുന്നു." ഉറച്ച വാക്കുകൾ ഉരിയാടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.
മറക്കാനാവില്ലിത്
' സംഭവം നടന്ന് പിറ്റേന്ന് രാത്രിയാണ് ഞാൻ ആ വീഡിയോ പോസ്റ്റ് ചെയ്തത്. അത് വൈറലാകുകയായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്ന് എല്ലാവരും ചോദിച്ചു. എന്താണ് അപ്പോൾ തോന്നിയതെന്ന് എനിക്ക് അറിയില്ല. രാത്രി എട്ടോടെ എന്റെ 9 വയസുള്ള കസിനൊപ്പം ഞാൻ ആ കടയിലേക്ക് പോകുകയായിരുന്നു. അയാൾ നിലത്തു കിടക്കുന്നത് ഞാൻ കണ്ടു. പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഞാൻ എന്റെ കാമറ ഓൺ ചെയ്തു. അയാൾക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്ലീസ്, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല എന്ന് അയാൾ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
പക്ഷേ, അവർ അത് കേട്ടില്ല. അവർ ആ മനുഷ്യനെ കൊന്നു. അഞ്ച് അടി അപ്പുറത്ത് ഞാൻ ഉണ്ടായിരുന്നു. അബോധാവസ്ഥയിലായെന്നാണ് ഞാൻ കരുതിയത്. അയാളുടെ ജീവൻ നഷ്ടമായെന്ന് അറിഞ്ഞത് പിന്നീടാണ്. അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല.അതോർത്ത് എനിക്ക് ഉറങ്ങാനാവുന്നില്ല' പൊട്ടിക്കരഞ്ഞുകൊണ്ട് ഡാർനെല്ല ഫ്രെയ്സിയൽ പറഞ്ഞു.
ഈ തലമുറയിലെ
റോസാ പാർക്ക്സ്
'ജോർജിന്റെ കൊലപാതകത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരാൻ ഇടയാക്കിയ, ആ ഞെട്ടിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച വെറുമൊരു ഹൈസ്കൂൾ വിദ്യാർത്ഥി മാത്രമല്ലവൾ. ഞാൻ വിശ്വസിക്കുന്നു ഡാർനെല്ല ഈ തലമുറയിലെ റോസാ പാർക്ക്സാണെന്ന്. വർണവിവേചനത്തിനെതിരെ പ്രതിഷേധത്തിന്റെ തീ കൊളുത്തിയവൾ...'ഡാർനെല്ലയുടെ അഭിഭാഷകൻ സേത് ബി കോബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞതാണിത്.
'കാപട്യമേശാത്ത, തീർത്തും നിഷ്കളങ്കയായ ഒരുവൾ, അവിചാരിതമായി ഒരു പ്രതിബന്ധം നേരിടുന്നു. കാലിടറി വീഴുന്നു. എന്നിട്ടും അവൾ തികച്ചും ശരിയായ കാര്യം ചെയ്തു. അവൾ തിരിച്ചറിഞ്ഞു. 'ഞാനെന്തെങ്കിലും ചെയ്യണമെന്ന്. ഞാൻ എഴുന്നേറ്റ് നിൽക്കണമെന്ന്'. അത് ചരിത്രം തിരുത്തിക്കുറിച്ചു.
ഡാർനെല്ല കണ്ട കാഴ്ച അധികൃതരോട് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. ഒടുവിൽ ഫോണെടുത്ത് അവൾ വീഡിയോ കാട്ടി. താൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇക്കാര്യം പുറം ലോകം അറിയില്ലെന്ന് അവൾക്ക് മനസിലായി. അവൾ ആ വീഡിയോ സോഷ്യൽ മീഡിയയിലിട്ടു. അവളത് ചെയ്തില്ലായിരുന്നുവെങ്കിൽ ജോർജ് ഫ്ളോയിഡിന്റെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ലോകം അറിയാതെ പോകുമായിരുന്നു. ' - സേത് ബി കോബിൻ പറഞ്ഞു.
കടുത്ത മാനസിക
പ്രശ്നത്തിൽ
അവിചാരിതമായാണ് ഡാർനെല്ല ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായത്. അത് ഫോണിൽ ഷൂട്ട് ചെയ്യാൻ അവൾ വിവേകം കാട്ടിയെങ്കിലും, താൻ കണ്ട നടുക്കുന്ന ദൃശ്യം അവളുടെ മനസിനെ ആകെ അലട്ടിയിരിക്കയാണ്. ഹൈസ്കൂൾ വിദ്യാർത്ഥിക്ക് സഹിക്കാവുന്നതിലും വലിയ മാനസിക പ്രശ്നമാണവൾ അനുഭവിക്കുന്നത്. നിലവിൽ ഡാർനെല്ലയുടെ കുടുംബം അവൾക്കൊപ്പം നിന്ന് ധൈര്യം പകരുന്നു. മനശാസ്ത്ര വിദഗ്ദ്ധന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്.
എന്റെ ഡാഡി
ലോകം മാറ്റി മറിച്ചു
ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളിൽ തളരാതെ പതറാതെ നിന്ന രണ്ട് സ്ത്രീകൾ കൂടിയുണ്ട് ഈ സംഭവത്തിൽ. ജോർജ് ഫ്ളോയിഡിന്റെ ഭാര്യ റോക്സിയും കുഞ്ഞുമകൾ ജിയന്നയും.
ഡാഡിയുടെ ക്രൂരമായ കൊലപാതകത്തിൽ അമേരിക്ക കത്തുന്നത് ആ 6 വയസുകാരി അറിഞ്ഞു.
ന്യൂയോർക്കിൽ നടക്കുന്ന പ്രതിേഷധങ്ങളിലൊന്നിൽ അച്ഛന്റെ സുഹൃത്തിന്റെ തോളിലിരുന്ന് ജിയന്ന പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തവരെല്ലാം അച്ഛന്റെ പേര് പറയുന്നതും പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചതും കണ്ടപ്പോൾ കുഞ്ഞു ജിയന്ന പറഞ്ഞു.
'ഡാഡി ലോകത്തെ മാറ്റി മറിച്ചു.' എന്ന് വിതുമ്പി. ഫ്ളോയിഡിന്റെ അവസാന വീഡിയോ ജിയന്നയും കണ്ടു.
'ആരെങ്കിലും ഡാഡിയെ സഹായിച്ചിരുന്നെങ്കിലെന്ന് എനിക്ക് തോന്നി. ഞാനവിടെ ഉണ്ടായിരുന്നുവെങ്കിൽ ഓടി ചെന്നേനെ. എനിക്ക് ഡാഡിയെ മിസ് ചെയ്യുന്നു. എന്റെ കൂടെ കളിക്കാൻ ഇനി ഡാഡി ഒരിക്കലും വരില്ലല്ലോ' ജിയന്ന പറഞ്ഞു നിറുത്തുമ്പോൾ ലോകം ഒപ്പം തേങ്ങുകയാണ്.
പോരാട്ടം
തുടരും
ജീവനുതുല്യം സ്നേഹിച്ച ജീവിത പങ്കാളിയുടെ മരണം ആകെ തകർത്തുകളഞ്ഞു.പക്ഷേ, അമേരിക്കയിലെ കറുത്ത വർഗക്കാർക്കെല്ലാം നീതി ലഭിക്കണമെന്ന കാര്യത്തിൽ ഫ്ളോയിഡിന്റെ ഭാര്യ റോക്സിക്ക് വിട്ടുവീഴ്ചയില്ല. അതുവരെ പോരാട്ടം തുടരുമെന്നുമെന്ന് പറയുമ്പോൾ ശബ്ദത്തിന് കാരിരുമ്പിന്റെ ഉറപ്പ്.
'ശ്വാസം കിട്ടാതെ ഡാഡി മരിച്ചുവെന്ന് മാത്രമാണ് ഞാൻ മകളോട് പറഞ്ഞത്. അവൾക്കിനി അച്ഛനില്ലല്ലോ. മകൾ പഠിച്ച് ഡിഗ്രിയെടുക്കുന്നത് കാണാൻ ഇനി ഫ്ളോയിഡില്ലെന്നത് ഹൃദയഭേദകമാണ്. പ്രതിഷേധം കഴിയുമ്പോൾ എല്ലാവരും വീട്ടിലേക്ക് പോകും. പക്ഷേ, ഫ്ളോയിഡില്ലാത്ത ജീവിതവും വീടും ആലോചിക്കാനേ കഴിയുന്നില്ല.' - റോക്സി പറഞ്ഞു.