rich-men

ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം ആഗോള സമ്പദ്‌വ്യവസ്ഥ തരിപ്പണമായി കഴിഞ്ഞു. പല രാജ്യങ്ങളും നെഗറ്റീവ് ജി.ഡി.പിയിലേക്ക് കൂപ്പുകുത്തി. ആഗോള വളർച്ചാസൂചിക തന്നെ നെഗറ്രീവിലേക്ക് നീങ്ങുന്നു. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്‌ടമായി. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരുടെ എണ്ണവും ലക്ഷത്തിനുമേൽ വരും.

എന്നിട്ടും, ഇക്കാലയളവിൽ സമ്പത്ത് വാരിക്കൂട്ടിയ ചിലരുണ്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് പോളിസി സ്‌റ്റഡീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ മാത്രം ശതകോടീശ്വരന്മാരുടെ സ്വത്തിലുണ്ടായ വർദ്ധന, ഈ കൊവിഡ് കാലത്ത്, മാർച്ചിന് ശേഷം 3.5 ലക്ഷം കോടി ഡോളറാണ്. ഇത് സുമാർ 262.5 ലക്ഷം കോടി രൂപ വരും. ആഗോളതലത്തിലും ഒട്ടേറെ ശതകോടീശ്വരന്മാരുടെ കീശ വൻതോതിൽ നിറഞ്ഞു.

ലോകത്തെ ഏറ്റവും സമ്പന്നൻ ആമസോൺ മേധാവി ജെഫ് ബെസോസാണ്. നിലവിൽ 15,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി (ഏകദേശം 11.25 ലക്ഷം കോടി രൂപ). 2020ന്റെ തുടക്കത്തിൽ ആസ്‌തി 11,520 കോടി ഡോളറായിരുന്നു (8.62 ലക്ഷം കോടി രൂപ). ചൈനയിലെ ഏറ്രവും വലിയ ഇ-കൊമേഴ്‌സ് പ്ളാറ്ര്‌ഫോമുകളിലൊന്നായ പിൻഡ്യുവോഡോയുടെ സി.ഇ.ഒയായ കോളിൻ ഹാംഗിന്റെ ആസ്‌തിയിലുണ്ടായ വർദ്ധന 1,650 കോടി ഡോളറാണ്. ഏകദേശം 1.23 ലക്ഷം കോടി രൂപ. 1,960 കോടി ഡോളറിൽ നിന്ന് 3,610 കോടി ഡോളറിലേക്കാണ് (2.70 ലക്ഷം കോടി രൂപ) സമ്പത്ത് കുതിച്ചത്.

ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കാണ് സമ്പത്ത് വാരിക്കൂട്ടിയ മറ്റൊരു ശതകോടീശ്വരൻ. കൊവിഡ്കാലത്തിന് മുമ്പ് ആസ്‌തി 2,750 കോടി ഡോളറായിരുന്നു (2.06 ലക്ഷം കോടി രൂപ). ഇപ്പോൾ 4,390 കോടി ഡോളർ (3.29 ലക്ഷം കോടി രൂപ). മൈക്രോസോഫ്‌റ്രിന്റെ മുൻ സി.ഇ.ഒ സ്‌റ്രീവ് ബോൾമെറിന്റെ ആസ്‌തി ഇക്കാലയളവിൽ ഉയർന്നത് 5,880 കോടി ഡോളറിൽ നിന്ന് 6,780 കോടി ഡോളറിലേക്ക് (5.06 ലക്ഷം കോടി രൂപ).

ഫേസ്‌ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും പട്ടികയിലുണ്ട്. 2020ന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ആസ്‌തി 7,840 കോടി ഡോളറായിരുന്നു (5.88 ലക്ഷം കോടി രൂപ). ഇപ്പോൾ 8,760 കോടി ഡോളർ. ഏതാണ്ട് 6.57 ലക്ഷം കോടി രൂപ. ആഗോള ലോക്ക്ഡൗണിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും സ്വീകാര്യത നേടിയതുമായ വീഡിയോ കോൺഫറൻസിംഗ് ആപ്പാണ് സൂം. കമ്പനിയുടെ സി.ഇ.ഒ എറിക് യുവാൻ ഈ കൊവിഡ് കാലത്ത് വാരിക്കൂട്ടിയത് 690 കോടി ഡോളറാണ് (51,750 കോടി രൂപ). മൊത്തം ആസ്‌തി 360 കോടി ഡോളറിൽ നിന്ന് (27,000 കോടി രൂപ) 1,050 കോടി ഡോളറായും (79,000 കോടി രൂപ) വർദ്ധിച്ചു.