ബഹിരാകാശവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ സ്വകാര്യവത്കരിക്കുമെന്ന കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവന ഒട്ടൊരുഞെട്ടലോടെയാണ് കൊവിഡ് കാലത്ത് രാജ്യം കേട്ടത്. ആകാശവും വിൽക്കാനൊരുങ്ങി ബി.ജെ.പി.എന്ന മട്ടിൽ വിമർശനങ്ങളും ചിലകോണുകളിൽ നിന്നുണ്ടായി.
ഇന്ത്യയിൽ
കുത്തക
ഐ.എസ്.ആർ.ഒ
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ.യാണ് ബഹിരാകാശ,ഗവേഷണ, വ്യവസായമേഖലയിലെ കുത്തകസ്ഥാപനം. ഇതിനെ പൊതുമേഖലയിൽ നിലനിറുത്തിയതിനായി പ്രതിരോധ ആവശ്യത്തിന്റെ ന്യായീകരണവും പറഞ്ഞിരുന്നു.ഇത്തരം തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ നിലനിറുത്തുന്നതാണ് ഇന്ത്യയുടെ ശീലം. അതിൽ നിന്നുള്ള വഴിമാറ്റം ജനങ്ങൾ സംശയത്തോടെയാണ് കാണുന്നതെന്നത് വസ്തുതയാണ്. എന്നാൽ അത്രയ്ക്ക് സംശയത്തോടെ നോക്കേണ്ടതാണോ ഇൗ സ്വകാര്യമേഖല?.
ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണമെന്ന് കേൾക്കുമ്പോൾ ആദ്യം വരുന്ന ചിത്രം ആൻട്രിക്സ് ദേവാസ് ഇടപാടാണ്. ടുജി.സ്പെക്ട്രം വിവാദവും ഇന്ത്യ നഷ്ടപരിഹാരം നൽകേണ്ടിവന്നതും അതിൽ ആരോപണവിധേയനായി ഐ.എസ്.ആർ.ഒ.യുടെ മുൻ മേധാവിയും പ്രമുഖശാസ്ത്രജ്ഞനുമായ ഡോ.ജി.മാധവൻനായർ അപഹാസ്യനായതും രാജ്യത്തിന് മറക്കാറായിട്ടില്ല.
എന്നാൽ കഴിഞ്ഞവർഷം ബാംഗ്ളൂരിലെ ടീം ഇൻഡസ് ഉപഗ്രഹവിക്ഷേപണദൗത്യവുമായി വന്നത് പ്രതീക്ഷയും കൗതുകവും നിറച്ചാണ് രാജ്യം നോക്കികണ്ടത്. അത് ഒരു മാറ്റമാണെന്ന് വിലയിരുത്താം.
നയംമാറ്റം
പൊടുന്നനെ
ഉണ്ടായതല്ല
ബഹിരാകാശവ്യവസായമേഖലയിലെ സ്വകാര്യവത്കരണം ഒരു കൊവിഡ് കാലത്തുണ്ടായ നയമാറ്റമാണെന്ന് കാണാനാവില്ല. കഴിഞ്ഞ രണ്ടുദശകങ്ങളായി രാജ്യവും ഐ.എസ്.ആർ.ഒയും നടപ്പാക്കികൊണ്ടിരിക്കുന്ന ഒരു നയസമീപനത്തിന്റെ സ്വാഭാവിക പരിണാമം മാത്രമാണ് ഉപഗ്രഹ,റോക്കറ്റ് നിർമ്മാണത്തിൽ അസംബ്ളിംഗ്, ഇന്റഗ്രേഷൻ,ടെസ്റ്റിംഗ് തുടങ്ങിയിടങ്ങളിൽ അറുനൂറോളം സ്ഥാപനങ്ങൾ ഇപ്പോൾ ഐ.എസ്.ആർ.ഒ.യുമായി സഹകരിക്കുന്നുമുണ്ട്. എന്നാൽ അതിന്റെയെല്ലാംപരമാധികാരി ഐ.എസ്.ആർ.ഒ.എന്ന മട്ടിലാണ് കാര്യങ്ങൾ.
ഒരുനയംമാറ്റത്തിലൂടെ ബഹിരാകാശ വ്യവസായമേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ അത് വേറൊരുതരത്തിലേക്ക് കാര്യങ്ങളെ മാറ്റുമെന്നതിൽ സംശയമില്ല. സ്വന്തം നിലയിൽ ഉപഗ്രഹവും റോക്കറ്റും നിർമ്മിക്കാനും അതിന്റെ ടെസ്റ്റിംഗ്, ഇന്ധനം തുടങ്ങിയവയിലും വിക്ഷേപണകേന്ദ്രം, ചിലപ്പോൾ റോക്കറ്റ്, ടെസ്റ്റിംഗ്, അസംബ്ളിംഗ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഐ.എസ്.ആർ.ഒ.യിൽ നിന്ന് നേരിട്ട് വാങ്ങാൻ ഇത് സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കും.ഇതിലൂടെയുണ്ടാകാനിടയുള്ള അഴിമതിയുടെ സാധ്യത മാറ്റ്രനിറുത്തിയാൽ അത് രാജ്യത്തിന് നൽകുന്ന നേട്ടം വളരെ വലുതായിരിക്കും.
രാജ്യത്തിന്റെ
ആവശ്യം
അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ ശക്തിയൊന്നുമല്ല. എന്നാൽ അവരിൽ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് ചെലവുകുറഞ്ഞ സാങ്കേതിക വിദ്യയും അതിലെ കൃത്യതയുമാണ്. ബഹിരാകാശത്തെ ഒരു വ്യവസായമായി കാണുകയാണെങ്കിൽ ഏറ്റവും അധികം വികസന സാധ്യത ഇന്ത്യയ്ക്ക് നൽകുന്നതും ഇൗ വ്യത്യസ്തതയാണ്.എന്നാൽ അടിസ്ഥാന സൗകര്യവികസനം, സാങ്കേതിക വിദ്യയുടെ വളർച്ച തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. രാജ്യത്തിന്റെ ഖജനാവിൽ നിന്നുള്ള പണമുപയോഗിച്ച് മാത്രം ഇതെല്ലാം കുറഞ്ഞ സമയം കൊണ്ട് നേടിയെടുക്കാമെന്ന് പ്രതീക്ഷിക്കുന്നത് വീരസ്യം മാത്രമാണ്. മറ്റ് ലോകരാജ്യങ്ങളുടെ ഒപ്പമെത്താൻ വൻതോതിൽ പണമിറക്കേണ്ട സാഹചര്യമുണ്ട്. അതിന് സ്വകാര്യവൽക്കരണം സഹായിക്കുമെന്നതിൽ സംശയമില്ല.
ഇന്ത്യയുടെ നേട്ടം 54ബില്ല്യൺ
ഡോളർ
ആഗോളതലത്തിൽ ബഹിരാകാശ വ്യവസായത്തിലെ പ്രതിവർഷ ടേണോവർ ഏതാണ്ട് 360 ബില്ല്യൻ ഡോളറാണ്. അതിൽ ഇന്ത്യയുടെ വിഹിതം കേവലം 7 ബില്ല്യൺ ഡോളർ മാത്രമാണെന്നതിൽ നിന്ന് നാമെവിടെ നിൽക്കുന്നതെന്ന് വ്യക്തമാണ്.സ്വകാര്യപിന്തുണയുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ ഇത് 54ബില്ല്യൻ ഡോളറായി ഉയർത്താനാകുമെന്നാണ് ലോകപ്രശസ്ത ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പർ നടത്തിയ ഇന്ത്യൻ ബഹിരാകാശവ്യവസായത്തെ കുറിച്ച് നടത്തിയ പഠനറിപ്പോർട്ടിലുള്ളത്.ഇൗ വർഷമാദ്യം പുറത്തിറക്കിയ ഇൗ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് ഇൗ മേഖലയിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാരിന്റെ നയമാറ്റിന് പിന്നിൽ ഇൗ റിപ്പോർട്ടിന്റെ സ്വാധീനവുമുണ്ടാകാം.
പുതിയ സാഹചര്യത്തിൽ ശ്രീഹരിക്കോട്ടയിൽ നിർമ്മിക്കുന്ന പുതിയ റോക്കറ്റ് വിക്ഷേപണത്തറയും തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ.നിർമ്മിക്കുന്ന പുതിയ റോക്കറ്റ് വിക്ഷേണ കേന്ദ്രവും ഐ.എസ്.ആർ.ഒയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകും. കേരളത്തിൽ തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് നിർമ്മിക്കുന്ന സ്പെയ്സ് പാർക്ക് പുതിയ സാഹചര്യത്തിൽ അർത്ഥവത്തായ സംരംഭമായി മാറും. ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ വി.എസ്.എസ്. സിയടക്കം അഞ്ചോളം സ്ഥാപനങ്ങളും സ്പെയ്സ് ഇൻസ്റ്റിറ്റ്യൂട്ടുമുള്ള തിരുവനന്തപുരത്ത് സ്വകാര്യ സ്പെയ്സ് സംരംഭകർക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ വ്യവസായ പാർക്ക് തുടങ്ങിയ ഇൗ സംരംഭത്തിലേക്ക് ആഗോള തലത്തിൽ നിന്ന് തന്നെ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ നയമാറ്റം വഴിയൊരുക്കും. ബഹിരാകാശശാസ്ത്രമേഖലയിൽ സ്വകാര്യവൽക്കരണം അനുവദിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ നയമാറ്റം സംസ്ഥാനത്തിന് വൻ നേട്ടമാകും.രണ്ടുവർഷം മുമ്പാണ് മുഖ്യമന്ത്രി പിണറായിവിജയൻ ഇതിന് തുടക്കമിട്ടത്.
ബഹിരാകാശ മേഖലയിൽ സ്വകാര്യവൽക്കരണം പുതുമയല്ലെങ്കിലും പൂർണ്ണമായ സ്വകാര്യവത്കരണത്തിന് ഉതകുന്ന നയം മാറ്റം വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും.രാജ്യത്തിന് വൻസാമ്പത്തിക നേട്ടം ഇതുണ്ടാക്കും. സ്വകാര്യസഹകരണത്തോടെ കൂടുതൽ വിക്ഷേപണങ്ങൾ നടത്താനും വിദേശങ്ങളിൽ നിന്നുള്ള സ്വകാര്യസ്ഥാപനങ്ങളെവരെ വിക്ഷേപണത്തിന് ആകർഷിക്കാൻ ഇനി അവസരമൊരുങ്ങും.
ഡാറ്റാകൈമാറ്റം
തന്നെ പ്രധാനം
പുതിയ സാഹചര്യത്തിൽ ഇതുരണ്ടും സ്വകാര്യമേഖലയ്ക്കും ഉപയോഗിക്കാനാകും.അവിടെ നിന്ന് സ്വകാര്യസ്ഥാപനങ്ങൾക്കും ഉപഗ്രഹവിക്ഷേപണം നടത്താനാകും.
ബഹിരാകാശത്തെ വാണിജ്യമായി കാണുമ്പോൾ അവിടെ ഏറ്റവും വിലയുള്ള വസ്തു ഡാറ്റയാണ്. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ, അത് കൃഷിക്കും വ്യവസായത്തിനും പ്രതിരോധത്തിനും കാലാവസ്ഥാനിർണ്ണയത്തിനും ദുരന്തനിവാരത്തിനും ചികിത്സയ്ക്കുമെല്ലാം ഉപയോഗിക്കാം. വാർത്താവിനിമയസൗകര്യങ്ങളാണ് മറ്റൊന്ന്. ഇതിന്റെയെല്ലാം അപഗ്രഥനങ്ങൾക്കും വാണിജ്യസാധ്യതയുണ്ട്. നയംമാറ്റത്തിനൊപ്പം നിയമത്തിലും ഇന്ത്യയിൽ മാറ്റമുണ്ടാകേണ്ടതുണ്ട്. അതുകൂടി ചേരുമ്പോഴെ ഇതിന്റെ പൂർണ്ണമായപ്രയോജനം ലഭ്യമാകുകയുള്ളു.
സ്വകാര്യറോക്കറ്റും ഉപഗ്രഹങ്ങളും ആകാശത്തേക്ക് കുതിച്ചാൽ എല്ലാം ഇടിഞ്ഞുവീഴുമെന്ന ധാരണ മാറേണ്ട സമയമായി. അതിവേഗ വികസനത്തിന് എല്ലാസാധ്യതകളും വിനിയോഗിക്കേണ്ടിവരും. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചുള്ള സമീപനമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണാധികാരികൾക്കുള്ളത്. ആത്മവിശ്വാസമുള്ള ഒരു സർക്കാരിന് മാത്രമേ ഇത്തരംകാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാനാകുകയുള്ളു.ചൈന ഒഴിവാക്കിയാൽ യൂറോപ്പ്, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ബഹിരാകാശ വികസനത്തിന് പിന്നിൽ സ്വകാര്യമേഖലയുടെ പിന്തുണയുണ്ട്. സ്പെയ്സ് എക്സ് തന്നെ വലിയ ഉദാഹരണം.കാലത്തിനൊപ്പം ചുവടുവെച്ച് ആകാശത്ത് വലിയ ചരിത്രമെഴുതാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിന്റെ തുടക്കമാണീ പ്രഖ്യാപനം.