ശങ്കർ എന്നു പറഞ്ഞാൽ ആർട്ടിസ്റ്റ് ശങ്കറാണോ എന്നു മറുചോദ്യമുയരും. ആർട്ടിസ്റ്റ് ശങ്കരൻകുട്ടി എന്നു ചോദിച്ചാൽ അത് ആരാന്നായിരിക്കും ചോദ്യം. പക്ഷേ ശങ്കരൻകുട്ടി എന്നു ശങ്കുവിനെ കോട്ടയത്തെ പഴമക്കാർക്കാർക്കും മറക്കാൻ കഴിയില്ല.
ജവഹർലാൽ നെഹ്റുവിന്റെ മുഖ ചിത്രം പെൻസിൽ സ്കെച്ചിൽ വരച്ചിട്ട് നെഹ്റുവിന്റെ കൈയ്യൊപ്പു ചിത്രത്തിന് താഴെ അംഗീകാരമായി വാങ്ങിയ കലാകാരനായിരുന്നു ശങ്കരൻകുട്ടി. ഒരു കാലത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘമിറക്കിയ പുസ്തകങ്ങളുടെയെല്ലാം കവർ ചിത്രം വരച്ചു അതിന് താഴെ ശകു എന്ന് ചുരുക്കിയെഴുതിയ ശങ്കരൻ കുട്ടിയാകാം ഏറ്റവും കൂടുതൽ പുസ്തക കവർ വരച്ച ആർട്ടിസ്റ്റ്. പുസ്തകങ്ങളുടെ ആത്മാവ് കണ്ടറിഞ്ഞ് കവർചിത്രം വരക്കാൻ അസാധാരണ കഴിവുള്ളതിനാൽ കാരൂർ നിലകണ്ഠപിള്ളയും പൊൻകുന്നം വർക്കിയും ഡിസി കിഴക്കേമുറിയുമെല്ലാം എസ്.പി.സി.എസ് സാരഥികളായിരുന്ന കാലത്ത് മറ്റാരെയും കൊണ്ട് പുസ്തകങ്ങൾക്ക് കവർ വരപ്പിച്ചിരുന്നില്ല.
തകഴിയുടെ ചെമ്മീന് കറുത്തമ്മയുടെ ചിത്രമായിരുന്നു കവർ. നടി ഷീലയോട് കടുത്ത ആരാധന ഉണ്ടായിരുന്ന ശങ്കരൻ കുട്ടി നിറഞ്ഞ മാറും പിൻഭാഗവുമുള്ള ഷീലയുടെ മുഖമുള്ള കറുത്തമ്മയെയായിരുന്നു വരച്ചിരുന്നത്. ഈ കവർ ചിത്രം കണ്ടാണ് രാമു കാര്യാട്ട് ചെമ്മീനിലേക്ക് ഷീലയെ കറുത്തമ്മയായി തീരുമാനിക്കുന്നത്. രാമു കാര്യാട്ടുമായി ചങ്ങാത്തം സ്ഥാപിച്ച ശങ്കരൻകുട്ടി ചെമ്പൻകുഞ്ഞായി കൊട്ടാരക്കരയെയയും പളനിയായി സത്യനെയും മറ്റു കഥാപാത്രങ്ങളായി പല നടന്മാരുടെയും പേര് കാര്യാട്ടിനോട് പറഞ്ഞു. ഇതിൽ പലതും സ്വീകരിച്ചു. കറുത്തമ്മയുടെ കാമുകനായ പരീക്കുട്ടിയായി അഭിനയിക്കാൻ തനിക്ക് മോഹമുണ്ടെന്ന് ശങ്കരൻകുട്ടി പറഞ്ഞത് കാര്യാട്ട് അംഗീകരിച്ചു. കടപ്പുറത്ത് കറുത്തമ്മയായ ഷീലയെ കെട്ടിപ്പിടിച്ചു കിടക്കുന്ന സീനോർത്ത് രോമാഞ്ചം കൊണ്ട ശങ്കരൻ കുട്ടി താനാണ് പരീക്കുട്ടിയായി അഭിനയിക്കുന്നതെന്നും കണ്ടവരോടെല്ലാം പറഞ്ഞു. അവസാനം മധുവിനെ പരീക്കുട്ടിയായി തിരഞ്ഞെടുത്തപ്പോൾ ശങ്കരൻകുട്ടി തന്തയ്ക്കും തള്ളയ്ക്കും പിന്നെ പലർക്കുമായ് വിളിച്ച തെറി കടലിലെ തിരമാലപോലെ ഒന്നിനു പിറകേ ഒന്നായിരുന്നുവെന്നാണ് ശങ്കരൻകുട്ടിയുടെ ഉഡായിപ്പുകളെക്കുറിച്ച് നന്നായി അറിയാവുന്നവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രമുഖനായ പ്രൊ. സി.ആർ. ഓമനക്കുട്ടൻ പറയുന്നത്.
നല്ല ചിത്രകാരനൊപ്പം പേരു കേട്ട മദ്യപാനിയുമായിരുന്നു ശങ്കരൻകുട്ടി. അമിത മദ്യപാനത്താൽ ജീവിതത്തിൽ കുറേ സുഹൃത്തുക്കളെയല്ലാതെ മറ്റൊന്നും സമ്പാദിക്കാനും കഴിഞ്ഞില്ല . സാഹിത്യകാരന്മാരും കലാകാരന്മാരും ചേർന്ന് വീട് വച്ചു കൊടുക്കാൻ ശ്രമം നടത്തി. എസ്.പി.സി.എസ് മുൻ കൈയെടുത്ത് സ്ഥലം വാങ്ങാൻ എഴുത്തുകാരുടെ സഹായം തേടി. സംഘത്തിൽ നിന്ന് റോയൽറ്റി കുടിശിഖ കിട്ടാനുള്ള സാഹിത്യകാരന്മാർ പണം നൽകാതെ തങ്ങളുടെ സംഭാവന കുടിശികയിൽ പെടുത്തിയതോടെ വീട് വയ്ക്കലും താളം തെറ്റി .
'വൃത്തം "എന്ന പേരിൽ സ്വന്തമായി ഒരു പ്രസിദ്ധീകരണം ഇതിനിടെ ശങ്കരൻ കുട്ടി തുടങ്ങി. ആദ്യലക്കത്തിൽ തകഴിയുടെ കഥ വരെ ഉണ്ടായിരുന്ന വൃത്തം പ്രഥമ ലക്കത്തോടെ നിന്നു. ശങ്കരൻകുട്ടി കടക്കാരനുമായി.
ആരോഗ്യം നശിച്ച് അകാലത്തിൽ മരണം ശങ്കരൻകുട്ടിയെ തേടിയെത്തുമ്പോൾ കുടുംബം നിരാലംബമായിരുന്നു .
പ്രശസ്ത ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായിരുന്ന ഹരിശങ്കർ ഇളയമകനായിരുന്നു. എല്ലാ വർഷവും ശങ്കരൻകുട്ടി അനുസ്മരണവും പുസ്തകങ്ങളുടെ മികച്ച കവർപേജിന് ശങ്കരൻകുട്ടി പുരസ്കാരവും നൽകി അച്ഛന്റെ ഓർമ നിലനിറുത്താൻ മുൻകൈയെടുത്തത് ഹരിശങ്കറായിരുന്നു. ശങ്കരൻകുട്ടിയുടെ മറ്റൊരു പതിപ്പായിരുന്ന ഹരിശങ്കറും രണ്ട് വർഷം മുമ്പ് അകാലത്തിൽ അന്തരിച്ചതോടെ ശങ്കരൻ കുട്ടി അനുസ്മരണം നടത്താൻ ആളില്ലാതായി. അസാധാരണ സിദ്ധിയുണ്ടായിരുന്ന അനശ്വര കലാകാരനെ ഓർമിക്കാൻ ഇന്ന് ആരുമില്ലാതായി.!..