പത്തനംതിട്ട: കുളിരു പകർന്ന് കവിതയായി ഒഴുകിയ പമ്പ കലികൊണ്ടത് എന്തിനായിരുന്നു?. തീരത്തോട് കളിച്ചും കരഞ്ഞും പടിഞ്ഞാറ് ചെന്ന് തിരയിൽ അലിയേണ്ടവൾ വഴിയറിയാതെ അലച്ചാർത്തപ്പോൾ നാം മഹാപ്രളയം എന്നു വിളിച്ചു. പമ്പ എന്തൊക്കെയോ നാശം വിതച്ചുവത്രെ. പേമാരി ഒടുങ്ങിയപ്പോൾ പഴയ വഴി കണ്ട് നദി ആഹ്ളാദിച്ചു. തീര കയ്യേറ്റത്താൽ മെലിഞ്ഞു പോയവൾ ആരോഗ്യം വീണ്ടെടുത്ത് സമൃദ്ധമായി നിറഞ്ഞൊഴുകി. ഇൗ കാലവർഷത്തിൽ പമ്പ വീണ്ടും മുഖം കറുപ്പിക്കുമോ എന്ന ശങ്കയിൽ അടിത്തട്ടിൽ അടിഞ്ഞ മണൽ കോരി മാറ്റി വഴി തെളിച്ചു കൊടുക്കാൻ പെട്ടന്നൊരു തീരുമാനം വന്നു.
രണ്ട് വർഷം മുൻപ് പ്രളയ ശേഷം ഇങ്ങനെയൊരു തീരുമാനമുണ്ടായിരുന്നു. അത് തടസങ്ങളിൽ തട്ടി നിന്നു. നടപ്പാക്കേണ്ട ജില്ലാ ദുരന്തനിവാരണ വിഭാഗം 'ദുരന്ത"മായെന്ന് ആക്ഷേപം കേട്ട് കഴിയവെയാണ് ഇത്തവണ തലതൊട്ടപ്പനായ സാക്ഷാൽ ചീഫ് സെക്രട്ടറി ടോം ജോസ് (പിന്നീട് വിരമിച്ചു) തന്നെയിറങ്ങിയത്. വെറുതെയല്ല, ഹെലികോപ്ടറിൽ പിൻഗാമിയായ അഡീഷണൽ ചീഫിനെയും പൊലീസ് ചീഫിനെയും കൂട്ടി പമ്പയ്ക്ക് മീതേ പറന്ന് നിലയ്ക്കലിൽ താഴ്ന്നു. കോപ്ടറിന്റെ കാറ്റിൽ കാടുലഞ്ഞു. ഇരമ്പം കേട്ട് നാട് ഞെട്ടിയുണർന്നു. ആരും ഒന്നും അറിഞ്ഞിരുന്നില്ല. അടിയന്തര യോഗത്തിൽ ശാസന കേട്ട് കളക്ടർ തളർന്നു. ദുരന്ത നിവാരണ വിഭാഗത്തിന്റെ ജില്ലാ ചെയർമാനായ മേപ്പടിയാനെയാണ് മണൽ നീക്കാൻ രണ്ട് വർഷം മുൻപ് ഏൽപ്പിച്ചിരുന്നത്.
നദിയിലെ മണൽ കോരിയാൽ കേസിൽ കുടുക്കാൻ നോക്കി നിന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ കണക്കിന് കിട്ടി. കേന്ദ്ര വനനിയമത്തിന്റെ വാള് വീശി അവർ ചെറുത്തു നിന്നു. കണ്ണൂരിലെ പൊതുമേഖല സ്ഥാപനമായ കേരള ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് മണലെടുക്കുമെന്ന് ചീഫ് സെക്രട്ടറി തീർപ്പ് അറിയിച്ചു. മണൽ കോരിയെടുത്ത് ശബരിമല വനത്തിന് പുറത്തേക്ക് എത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ പൊങ്ങും മുൻപേ കമ്പനിയുടെ ജെ.സി.ബികളും ലോറികളും പമ്പയിലെത്തി.
ആ പറക്കലിന്
പിന്നിലെന്ത്?
എഴുതിയുണ്ടാക്കിയ നാടകം പോലെ എല്ലാം സംഭവിക്കുമെന്നായപ്പോൾ എന്തൊക്കെയോ ചീഞ്ഞു നാറുന്നതായി പ്രതിപക്ഷ നേതാവിന് മണത്തു. മെയ് 31ന് വിരമിക്കാനിരുന്ന ചീഫ് സെക്രട്ടറി 29ന് ഹെലികോപ്ടറിൽ പമ്പയിലേക്ക് പറന്നത് എന്തിനാണ് ?. പമ്പയിലെ മണൽ കണ്ണൂരിലേക്ക് കടത്തുകയാണോ ?. കണ്ണൂർ കമ്പനി സൗജന്യമായാണോ മണൽ എടുക്കുന്നത് ?. മണൽ അവർ വിലയ്ക്ക് വിൽക്കുമോ ?. സി.പി.എമ്മിന്റെ കണ്ണൂരിലെ സഖാവ് ചെയർമാനായ കമ്പനിക്ക് മണൽ നീക്കാൻ തിടുക്കത്തിൽ അനുവാദം കൊടുത്തതിന്റെ പിന്നിലെന്ത് ?......പ്രതിപക്ഷം സർക്കാരിന് നേരെ ചോദ്യങ്ങളുടെ പട്ടിക നീട്ടിയപ്പോൾ ഉൗറിച്ചിരിച്ചത് വനംമന്ത്രിയാണത്രെ. കക്ഷി പണ്ടേ മന്ത്രിസഭയിൽ പറഞ്ഞതാണ് കാട്ടിലെ മണലും തടിയും പുറത്തേക്കു കൊണ്ടുപോകാനാവില്ലെന്ന്. സുപ്രീംകോടതി ചില മാർഗനിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്. വനത്തിൽ നിന്ന് എന്തെങ്കിലും പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ഒരു വിദഗ്ദ്ധ സമിതിയുണ്ടാക്കി പഠിച്ച് റിപ്പോർട്ട് നൽകണം. മണലായാലും തടിയായാലും മൂല്യമനസുരിച്ച് പണം കെട്ടിവയ്ക്കണം. പുറത്തേക്ക് എന്താവശ്യത്തിന് കൊണ്ടുപോകുന്നുവെന്ന് വ്യക്തമാക്കണം...സംഗതി ഇങ്ങനെയൊക്കെയാണെന്ന് അറിയാമായിരുന്നിട്ടും മുൻ ചീഫ് സെക്രട്ടറിയുടേത് എന്തിനുള്ള പുറപ്പാടായിരുന്നു?.
പണി പാളി
ഏതായാലും, പമ്പാനദിയിൽ നിന്ന് കോരിയ മണലുമായി വന്ന ലോറികൾ പുറത്തേക്ക് കൊണ്ടുപോകുന്നത് സുപ്രീംകോടതി നിർദേശം ചൂണ്ടിക്കാട്ടി വനപാലകർ തടഞ്ഞു. ചീഫ് സെക്രട്ടറിയും സംഘവും ഹെലികോപ്ടറിൽ പമ്പയിൽ നിന്ന് തിരിച്ച് തലസ്ഥാനത്ത് എത്തിയപ്പോഴേക്കും പണി പാളി. വിരമിക്കൽ പ്രായമെത്തിയ പിറ്റേന്ന് കസേരയൊഴിഞ്ഞു. മണൽ വാരാനെത്തിയ കമ്പനിക്കാർ കണ്ണൂരിലേക്ക് മടങ്ങി. ജെ.സി.ബികളും ലോറികളും തിരിച്ചുപോയി.
പുഴയുടെ ഗതിയൊരുക്കി 'തടി' രക്ഷിക്കാൻ വന നിയമം പാലിച്ച് ദുരന്തനിവാരണ വിഭാഗം മറ്റൊരുപായം കണ്ടെത്തി. മണൽ വാരി കാടിനുള്ളിൽ തന്നെയിടുക. അതിന് പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തും ചക്കുപാലത്തും വനപാലകർ സ്ഥലം കാട്ടിക്കൊടുത്തു. 1.29ലക്ഷം ക്യുബിക് മീറ്റർ മണൽ വാരി മാറ്റുകയാണ്. ദുരന്ത നിവാരണക്കാർ സ്വന്തം കീശയിൽ നിന്ന് കാശിറക്കി ജെ.സി.ബികളും ലോറികളും കൊണ്ടുവന്നു.
ന്യായവാദം
ചട്ടങ്ങൾ ലംഘിച്ച് മണൽ മാറ്റിയതിന് കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിടിയിൽ നിന്ന് കുതറിമാറാൻ പമ്പയിലെ മണൽ വിൽക്കാനാല്ല, സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനാണ് ഉദ്ദേശിച്ചതെന്ന് സർക്കാർ ന്യായവാദമിറക്കി. ഇപ്പോൾ ഉയരുന്ന ചോദ്യമിതാണ്, പ്രളയത്തിനു ശേഷം അടിഞ്ഞ മണൽ വനത്തിലെ സുരക്ഷിത സ്ഥാനത്തേക്ക് രണ്ടു വർഷത്തിനുള്ളിൽ നീക്കം ചെയ്യാമായിരുന്നില്ലേ?.
കരക്കമ്പി: വിരമിച്ച ചീഫ് സെക്രട്ടറിയെ ശബരിമല വിമാനത്താവള നിർമാണച്ചുമതല ഏൽപ്പിക്കുമത്രെ. കണ്ണൂരിലെ കമ്പനി പമ്പയിൽ നിന്ന് മണൽ വാരി എരുമേലിയിലെ ഗോഡൗണിലെത്തിച്ചാൽ വിമാനത്താവള നിർമാണത്തിന് ഉപയോഗിക്കാമെന്ന് കരുതിപോലും.