
കൊല്ലം: ഇടവപ്പാതിപോലെ പെയ്യുന്ന വേനൽമഴ ജില്ലയിലെങ്ങും കനത്ത നാശം വിതക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും കടലാക്രമണവും കൂടിയായപ്പോൾ കൊവിഡ്കാലത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. കാലവർഷം എത്താൻ ഇനിയും ആഴ്ചകൾ ശേഷിക്കെയാണ് ഇടയ്ക്കിടെ തകർത്ത് പെയ്യുകയും പിന്നെ തോരുകയും ചെയ്ത വേനൽമഴയുടെ താണ്ഡവമാടൽ. കൊല്ലം തീരത്ത് ശക്തമായ കടലേറ്റത്തിൽ മുണ്ടയ്ക്കൽ, കാക്കത്തോപ്പ്, കളീയ്ക്കൽ, താന്നി എന്നിവിടങ്ങളിൽ തീരദേശ റോഡും തീരസംരക്ഷണത്തിനിട്ട കടൽഭിത്തിയും കടലെടുത്തു. തീരദേശവാസികൾ ഭയത്തോടെയാണ് കഴിയുന്നത്. കടൽക്ഷോഭം കനത്തതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനും നിയന്ത്രണങ്ങളുണ്ട്.
മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മരങ്ങൾ വീണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും കടകൾക്കും നാശം നേരിട്ടു. ദേശീയ, സംസ്ഥാന പാതകളിലേക്ക് മരങ്ങൾ വീണത് ഗതാഗത തടസ്സം സൃഷ്ടിച്ചു. കരുനാഗപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായി. ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള സ്പെഷ്യൽ ട്രെയിൻ കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ടു. നീണ്ടകര പുത്തൻതുറയ്ക്ക് സമീപം മരം കാറിനു മുകളിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മുഖത്തല ഇ.എസ്.ഐ ആശുപത്രി ജംഗ്ഷനിൽ നിന്ന കൂറ്റൻ ആൽമരം ഒടിഞ്ഞുവീണ് പെട്ടിക്കടയും ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതലൈനുകളും തകർന്നു. റോഡിൽ ആളില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
കിഴക്കൻ മേഖലയിലും ദിവസങ്ങളായി കനത്ത മഴ പെയ്യുകയാണ്. നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ മലയോര ഹൈവെയിൽ പലയിടത്തും മണ്ണൊലിച്ചു പോയി.
ലോക്ക് ഡൗണിൽ 
ഇളവുകളേറെ, എന്നിട്ടും...
നാലാം ഘട്ടം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ നിരത്തുകൾ സാധാരണ നിലയിലേക്കെത്തിയെങ്കിലും വ്യാപാര മേഖല ഉണർന്നില്ല. ആട്ടോറിക്ഷകൾ സർവീസ് പുനരാരംഭിച്ചതിനൊപ്പം സ്വർണക്കടകൾ, വൻകിട വസ്ത്രശാലകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം പ്രവർത്തനം തുടങ്ങി. പൊതു ഗതാഗതം പൂർണ തോതിൽ ഇല്ലാത്തതും കൊവിഡ് ഭീതി ഒഴിയാത്തതിനാലും മിക്കവരും സ്വന്തം വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നത്. ചെറിയ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ പോലും കാറിലാണ് യാത്ര. ഇതുമൂലം സർവീസ് ആരംഭിച്ച ആട്ടോറിക്ഷകൾക്കും പഴയതു പോലെ ഓട്ടവും വരുമാനവും ലഭിക്കുന്നില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ കയറ്റുന്നതിനാൽ യാത്രക്കാരുടെ എണ്ണം തീരെ കുറവാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ടെങ്കിലും മറ്റു വ്യാപാര കേന്ദ്രങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്.
താങ്ങാനാകാത്ത നഷ്ടത്തിൽ വ്യാപാര കേങ്ങൾ
വൻകിട വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ തുറന്നെങ്കിലും പൊതു സാമ്പത്തിക മാന്ദ്യം വിപണിയിലും ദൃശ്യമാണ്. ജോലിയും വരുമാനവും ഇല്ലാതെ സാധാരണക്കാർ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു. സ്വകാര്യ മേഖലയിൽ കൃത്യമായി ശമ്പളം നൽകാനാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപാര കേന്ദ്രങ്ങളിൽ വില്പന കുത്തനെ ഇടിഞ്ഞതെന്നാണ് വിലയിരുത്തൽ. അടുത്ത അദ്ധ്യയന വർഷം ലക്ഷ്യമിട്ട് കുട, ബാഗ്, നോട്ട് ബുക്കുകൾ എന്നിവ വൻ തോതിൽ കടകളിൽ എത്തിയിട്ടില്ല. സ്കൂൾ മാർക്കറ്റുകൾ നേരത്തെ പ്രവർത്തനം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതിന്റെ പത്തിലൊന്ന് പോലും വിപണനം നടക്കുന്നില്ല. തുണിക്കടകളിലും സ്വർണക്കടകളിലും തിരക്കേറിയിട്ടുണ്ട്.
തകരുന്നത് തൊഴിലാളി 
ജീവിതങ്ങൾ
മുന്നൂറോളം ജീവനക്കാർ ജോലി ചെയ്തിരുന്ന വലിയ വസ്ത്രശാലകൾ ജില്ലയിലുണ്ട്. ലോക്ക് ഡൗൺ ഇളവുകളിൽ കഴിഞ്ഞ ദിവസം കടകൾ തുറന്നെങ്കിലും കടകളുടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് മാത്രമാണ് ജോലിക്കെത്താനായത്. മൂന്നൂറോളം പേർ ജോലി ചെയ്തിരുന്നിടത്ത് 20 മുതൽ 30 വരെ ജീവനക്കാർ മാത്രമാണുള്ളത്. ഹോസ്റ്റലുകളൊന്നും തുറക്കാത്തതിനാൽ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് എത്താനായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ എല്ലാവർക്കും എല്ലാദിവസും ജോലി നൽകാനുമാകില്ല. ഇതോടെ സാധാരണ തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.
സ്വർണ വിപണിയും പതിയെ തിരക്കിലേക്ക്
സ്വർണ വില സർവകാല റെക്കാഡിലേക്കെത്തിയതോടെ സ്വർണം വിറ്റ് പണമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമേറി. ലോക്ക് ഡൗണിൽ കടകൾ അടയുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ വലിയ വ്യത്യാസമാണിപ്പോൾ സ്വർണത്തിന്. വിവാഹം, നൂല് കെട്ട് തുടങ്ങിയ ഒഴിവാക്കാനാത്ത ചടങ്ങുകൾക്ക് സ്വർണം ആവശ്യമുള്ളവർ വാങ്ങുന്നുണ്ട്. എങ്കിലും മുൻപത്തെക്കാൾ വാങ്ങുന്ന അളവിൽ കുറവുണ്ട്.
ട്രോളിംഗ് നിരോധനം
ജൂൺ 9 മുതൽ
മത്സ്യ ബന്ധന മേഖലയ്ക്ക് കൊവിഡ് ഇരുട്ടടിയായതിന് പിന്നാലെ ട്രോളിംഗ് നിരോധനം കൂടി വരാൻ പോകുകയാണ്. ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്ക് നിരോധനം നടപ്പാക്കാൻ തീരുമാനിച്ചതായി ഫിഷറീസ്  മന്ത്രിജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ ജില്ലാ കളക്ടർമാരുടെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കുറി ട്രോളിംഗ് നിരോധനം വേണ്ടെന്ന് വയ്ക്കണമെന്നും ലോക്ക് ഡൗണിൽ മത്സ്യബന്ധന മേഖല രണ്ട് മാസത്തോളം സ്തംഭിച്ചതിനാൽ ആകാലയളവ് ട്രോളിംഗ് നിരോധന കാലയളവായി പരിഗണിക്കണമെന്നും മത്സ്യതൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ അതംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. കൂടാതെ കോവിഡ്19 വ്യാപനം തടയാൻ റിംഗ് സീൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ എണ്ണം 30 ആയി നിജപ്പെടുത്തി. സാമൂഹ്യ അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടാവൂ എന്നും ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള ജില്ലാതല യോഗംനടത്തുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ 8 കൊവിഡ് രോഗികൾ
കഴിഞ്ഞയാഴ്ച ജില്ല കൊവിഡ് മുക്തമായിരുന്നെങ്കിൽ ഇപ്പോൾ 8 പേർ കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ഇവരെല്ലാം ഗൾഫിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഗൾഫിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടാനാണ് സാദ്ധ്യത. ലോക്ക്ഡൗൺ വിലക്കുകൾ പിൻവലിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതിലും കൊവിഡ് മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ജനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നതും അപകടമായേക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നുണ്ട്.