നീതി ദേവതയുടെ മൂടിക്കെട്ടിയ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പാറുണ്ടോ ? കഥയേക്കാൾ അവിശ്വസനീയമായ ചില സംഭവങ്ങളിൽ ആ മിഴികൾ നിറഞ്ഞൊഴുകാറുണ്ടാവും. അത്തരമൊരു സംഭവം പറയാം. നാലു വർഷം മുമ്പാണ്. പിണങ്ങിക്കഴിയുന്ന ഭാര്യയിൽ നിന്ന് മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകി. പിതാവിനൊപ്പം താമസിക്കുന്ന ഭാര്യയിൽ നിന്ന് ഒമ്പതു മാസം പ്രായമുള്ള മകളെ വിട്ടുകിട്ടാനായിരുന്നു ഹർജി. അസാധാരണമായ ഒരു കാരണമായിരുന്നു അതിന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ഗുരുതരമായ കരൾ രോഗിയാണ് കുഞ്ഞ്. ഭാര്യയും അവരുടെ പിതാവും കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ നൽകുന്നില്ല. കരൾ മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർ പറഞ്ഞിട്ടും അതിനുള്ള നടപടി വൈകുന്നെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ ഇത്തരം ഹർജികളിൽ ഉചിതമായ നിർദ്ദേശങ്ങൾ നൽകി വിധി പറയുന്നതാണ് പതിവ്. കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുന്നിലേക്കാണ് ഹർജി വന്നത്. കുട്ടിയെ വിട്ടു കിട്ടാൻ ഹർജിക്കാരൻ പറയുന്ന കാരണങ്ങൾ സത്യമാണോയെന്ന് അന്വേഷിച്ച് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാർ അഭിഭാഷകനോടു നിർദ്ദേശിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മറുപടി വന്നു. കുട്ടിയുടെ നില ഗുരുതരമാണ്. കരൾ മാറ്റിവയ്ക്കലാണ് പോംവഴി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നുള്ള വിശദ വിവരങ്ങളും കോടതിയിലെത്തി. കുടുംബവഴക്കുകളെത്തുടർന്നുള്ള പതിവു ഹർജികളുടെ നിലവാരത്തിൽ നിന്ന് ഒമ്പതു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ജീവന്റെ പ്രശ്നമാണിതെന്ന് തിരിച്ചറിഞ്ഞ നിമിഷം ഹൈക്കോടതിയുടെ 'മട്ടു മാറി".
ഹൈക്കോടതി
രക്ഷിതാവായി
സവിശേഷമായ അധികാരം വിനിയോഗിച്ച് ഹൈക്കോടതി കുഞ്ഞിന്റെ രക്ഷാകർതൃത്ത്വം ഏറ്റെടുത്തു. മരണത്തിന്റെ കൈകളിലേക്ക് വഴുതി വീണേക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ കേരള ഹൈക്കോടതി മുന്നിട്ടിറങ്ങി. എണ്ണയിട്ട യന്ത്രം പോലെ സർക്കാർ സംവിധാനങ്ങൾ ഒരുങ്ങി. കുട്ടിക്കു വേണ്ടി അമ്മയും അച്ഛനും തമ്മിലുള്ള തർക്കങ്ങൾക്കൊന്നും സ്ഥാനമില്ലാതെയായി. ഡിവിഷൻ ബെഞ്ച് വ്യക്തിപരമായി പ്രശ്നത്തിലേക്ക് ഇറങ്ങിച്ചെന്നു. കിംസ് ആശുപത്രിയിൽ കുഞ്ഞിന്റെ സർജറിക്ക് സൗകര്യമൊരുങ്ങി. സഹായവുമായി സർക്കാർ റെഡിയായി. ആശ വർക്കറായ ഒരു സ്ത്രീ തന്റെ കരൾ പകുത്തു നൽകാൻ തയ്യാറായി. കരൾ മാറ്റിവയ്ക്കാനുള്ള അനുമതികൾ മിന്നൽ വേഗത്തിൽ പറന്നു വന്നു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് കേരള ഹൈക്കോടതി അക്ഷരാർത്ഥത്തിൽ ഒരു മാലാഖയെ പോലെ കണ്ണിമ ചിമ്മാതെ കാവലിരുന്നു. ശസ്ത്രക്രിയ നടന്നു. സാമ്പത്തിക ബുദ്ധിമുട്ടു നേരിട്ടിരുന്ന ആ കുടുംബത്തിന് ലഭ്യമാക്കാവുന്ന സഹായങ്ങൾ ഹൈക്കോടതി വിധിയിലൂടെ എത്തി. കിംസ് ആശുപത്രിയും വലിയ തോതിൽ സാമ്പത്തിക ഇളവു നൽകി. ശസ്ത്രക്രിയയുടെ ചെലവു കഴിഞ്ഞ് പിന്നെയും തുക ബാക്കി വന്നു. ആലിയ ഫാത്തിമ (അതാണ് ആ കുഞ്ഞിന്റെ പേര്) എന്ന കുഞ്ഞിന്റെ ഭാവിക്കായി ആ തുക നിക്ഷേപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത ദിവസം ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമും ഭാര്യയും നേരിട്ടെത്തി ആശംസകൾ അർപ്പിച്ചു.
അപ്രതീക്ഷിതമായ
മറ്റൊരു നേട്ടം
ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നതോടെ ഹർജിക്കാരനും ഭാര്യയും തമ്മിലുള്ള തർക്കം ഇല്ലാതായി. സന്തുഷ്ടമായ കുടുംബജീവിതത്തിലേക്ക് അവർ തിരിച്ചു വന്നു. ഫലപ്രദമായ ശസ്ത്രക്രിയയെന്നപോലെ ആ സംഭവവും എനിക്ക് സന്തോഷം നൽകുന്നതാണ്. പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ല. ഒരിക്കൽ കേസിലെ അഭിഭാഷകനോടു കുട്ടിയെക്കുറിച്ചു ചോദിച്ചു. സുഖമായിരിക്കുന്നു എന്നറിഞ്ഞു. അതു കേട്ടതാണ് വലിയ സന്തോഷം. - ആ സംഭവത്തെക്കുറിച്ച് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പറയുന്നു. കഴിഞ്ഞ ഏപ്രിൽ അവസാനം ജസ്റ്റിസ് അബ്ദുൾ റഹീം സർവീസിൽ നിന്ന് വിരമിച്ചു. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി വീഡിയോ സ്ട്രീമിംഗിലൂടെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ ചടങ്ങു നടത്തിയത്.
മാനുഷിക മുഖമുള്ള വിധികളിലൊന്നായിട്ടാണ് ചരിത്രം ആലിയ ഫാത്തിമ കേസിലെ വിധി വിലയിരുത്തുക. അവയവ മാറ്റ ശസ്ത്രക്രിയകളുടെ നിയമപരമായ നൂലാമാലകളിൽ വലഞ്ഞും കോടതിയുടെ സഹായം തേടിയും പിന്നെയും നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ആ കേസുകളിലൊക്കെ വഴി വിളക്കായി തെളിഞ്ഞു നിൽക്കുന്ന വിധിയാണ് ആലിയ ഫാത്തിമയുടെ കേസിലെ സന്തോഷം നൽകുന്ന വിധി.