'നമ്മളിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്ന സ്ഥിതിയിലാണ്. സമരങ്ങൾക്ക് സ്ഥാനമില്ലാത്ത ദുരന്തകാലത്ത് പ്രതിപക്ഷത്തിന്റെ കടമകളെ പുനർനിർവചിക്കേണ്ടതുണ്ട്. പോസിറ്റീവായി ഇടപെട്ട് കളിക്കളത്തിലിറങ്ങി കളിക്കണം. അങ്ങനെ ഇടപെട്ട് സർക്കാരിന്റെ വീഴ്ചകളെ വിമർശിക്കുമ്പോഴാണ് ഫലം"- കെ.പി.സി.സിയുടെ കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിൽ വി.ഡി. സതീശൻ ഉയർത്തിയ അഭിപ്രായപ്രകടനമാണിത്.
സാമൂഹ്യ അടുക്കളകൾ, പുറത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ സജ്ജീകരണമൊരുക്കി നൽകൽ മുതലായ കാര്യങ്ങളിൽ സമൂഹമാദ്ധ്യമ സാദ്ധ്യതകളെയടക്കം പ്രയോജനപ്പെടുത്തിയും മറ്റും സതീശൻ അടക്കമുള്ള പ്രതിപക്ഷത്തെ ചെറുപ്പക്കാരുടെ നിര സജീവമാണ്. നേതൃത്വത്തിൽ നിന്ന് ആധികാരികമായ കൈയൊപ്പ് ഇത്തരം സംരംഭങ്ങൾക്ക് ചാർത്തിക്കിട്ടുന്നുണ്ടോയെന്ന ചോദ്യങ്ങളുയരുമ്പോഴാണ് രാഷ്ട്രീയകാര്യസമിതി പോലുള്ള വേദികളിൽ ഇത്തരം ചർച്ചകളുയരുന്നത്.
കൊവിഡാനന്തര കാലത്തെ (അതോ, കൊവിഡിനൊപ്പമോ) പ്രധാന വെല്ലുവിളികൾ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. ദുരന്തമുഖത്ത് കാണുന്ന രാഷ്ട്രീയാന്തരീക്ഷമാകില്ല, തിരഞ്ഞെടുപ്പ് ഗോദയിലെത്തുമ്പോൾ. അവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയവീര്യത്തിനും ജനപ്രിയതയ്ക്കുമെല്ലാം പ്രാധാന്യമുണ്ട്. കൊവിഡ്കാലത്തെ ജനകീയ ഇടപെടലുകളുമപ്പോൾ മാറ്റുരയ്ക്കപ്പെടാം.
പോസിറ്റീവായ ഇടപെടലിനെക്കുറിച്ച് വി.ഡി. സതീശൻ രാഷ്ട്രീയകാര്യസമിതിയിൽ ഓർമ്മിപ്പിച്ചെങ്കിൽ, ദുരന്തകാലത്തെ രാഷ്ട്രീയസാദ്ധ്യതകൾ കാലേകൂട്ടി കണ്ടറിഞ്ഞ നേതാവുണ്ട് കോൺഗ്രസിൽ. 2016ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തെ സജീവനേതൃത്വം ഉപേക്ഷിച്ച് മടങ്ങിയ ഉമ്മൻ ചാണ്ടി, തന്റെ തിരിച്ചുവരവിന് ഇക്കാലം തന്നെ തിരഞ്ഞെടുത്തത് സ്വാഭാവികം.
ഉമ്മൻ ചാണ്ടിയുടെ
നീക്കങ്ങൾ
'പാർട്ടി പറയുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയാർ"- അടുത്തിടെ, ചാനൽ അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി മനസ്സ് വെളിപ്പെടുത്തി. തന്നെ അലട്ടിയിരുന്ന അസുഖങ്ങൾ അകന്നുപോയിരിക്കുന്നുവെന്ന് അദ്ദേഹം ഈ അഭിമുഖത്തിലൂടെ പൊതുസമൂഹത്തോട് പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം തൃപ്തികരമെന്ന് പ്രശംസിക്കാൻ അദ്ദേഹം മറന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെയും പാർട്ടിയെയും ആര് നയിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അതിനൊപ്പം തന്നെ പക്ഷേ അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവേള അവസാനിപ്പിച്ച് കൊവിഡ്കാലത്ത് വീണ്ടും സജീവമായ ഉമ്മൻ ചാണ്ടി, തിരുവനന്തപുരത്തെ വസതിയിൽ 24മണിക്കൂർ കൺട്രോൾറൂം തുറന്നാണ് പ്രവർത്തനം. സമൂഹമാദ്ധ്യമ ഇടപെടലുകളും ഊർജിതം.
രാഷ്ട്രീയവിമർശനങ്ങളും കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളുമൊക്കെയായി നിത്യേനയെന്നോണം ഉമ്മൻ ചാണ്ടിയുടെ പ്രതികരണങ്ങളുണ്ടാകുന്നു.
സോളാർ, ബാർ കോഴ ആരോപണങ്ങൾ തളർത്തി മങ്ങിപ്പോയ പ്രതിച്ഛായയുമായി 2016ൽ പോരിനിറങ്ങിയ ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനും കനത്ത പ്രഹരമാണേറ്റത്. ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറി. യു.ഡി.എഫ് ചെയർമാൻസ്ഥാനവും വേണ്ടെന്നു പറഞ്ഞു. പ്രതിപക്ഷനിരയിലെ സാധാരണ അംഗമായി അദ്ദേഹം തുടർന്നുവരവേ ആണ് ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറിയായി ഹൈക്കമാൻഡ് അദ്ദേഹത്തെ നിയമിച്ചത്. പ്രവർത്തനരംഗം ഡൽഹിയിലേക്ക് ഉമ്മൻ ചാണ്ടി മാറ്റുന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തന്നെ തള്ളി. എങ്കിലും പ്രതിപക്ഷത്തെ കാണിയുടെ റോളിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ശബ്ദത്തെ ബാധിച്ച രോഗവുമായിരിക്കാം.
2016ൽ ഇടതുപക്ഷം ആയുധമാക്കിയ സോളാർ വിവാദമടക്കമുള്ള ആക്ഷേപങ്ങൾ ഏറെക്കുറെ ആറിത്തണുത്തു. പ്രതിച്ഛായാശോഷണത്തെ മറികടന്ന് വീര്യം കാട്ടാൻ ചെറിയകാലത്തേക്കെങ്കിലും മുഖ്യമന്ത്രിപദം ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നുണ്ടോ?- കൊവിഡ് കാലത്തെ നീക്കങ്ങൾ ആ നിലയിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
ചെന്നിത്തലയും
പ്രതിപക്ഷവും
2016ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ പ്രതിപക്ഷനേതാവായെത്തിയ രമേശ് ചെന്നിത്തലയ്ക്ക് കുറേ വിഷയങ്ങളിൽ സർക്കാരിനെ തിരുത്തിക്കാനായിട്ടുണ്ട്. ബ്രുവറി, ഡിസ്റ്റിലറി അനുമതി നൽകാനുള്ള തീരുമാനം പിൻവലിച്ചതും കൊവിഡ് കാലത്തെ സ്പ്രിൻക്ലർ ഡേറ്റാ ഇടപാട് വിവാദവും ഏറ്റവുമൊടുവിലത്തെ പമ്പ- ത്രിവേണിയിലെ മണലെടുപ്പ് വിവാദത്തിലെ സംഭവഗതികളുമൊക്കെയായി. അപ്പോഴും ജനകീയവിഷയങ്ങളിലേക്ക് പ്രതിപക്ഷം എത്രത്തോളം ആഴ്ന്നിറങ്ങുന്നുവെന്ന ചോദ്യമുയരുന്നു.
പ്രതിപക്ഷനേതാവെന്ന് കേൾക്കുമ്പോൾ ജനങ്ങൾ ആദ്യമോർക്കുന്ന പേര് വി.എസ്. അച്യുതാനന്ദന്റേതാകുന്നത് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിലദ്ദേഹം കാട്ടിയ ഉത്സാഹവും ആത്മാർത്ഥതയുമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് പരിമിതികളുണ്ടാവാം. അതിനെ ഒരു പരിധി വരെ മറികടന്ന് മുന്നോട്ടോടിയ പ്രതിപക്ഷനേതാക്കളിൽ ഉമ്മൻ ചാണ്ടിയുണ്ട്. രമേശ് ചെന്നിത്തല ഓടുന്നുണ്ട്. സർക്കാരിനെ ചിലപ്പോഴെല്ലാം തിരുത്തിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് പോകേണ്ടതെങ്ങനെയെന്ന ചോദ്യം കോൺഗ്രസിനകത്ത് അഞ്ചാംവർഷത്തിൽ ശക്തിപ്പെടുകയുമാണ്.
കേരള കോൺഗ്രസ്
തർക്കം
അമ്പിനും വില്ലിനുമടുക്കാതെ കേരള കോൺഗ്രസിൽ പി.ജെ. ജോസഫും ജോസ് കെ.മാണിയും ഇടഞ്ഞുനിൽക്കുന്നതാണിപ്പോൾ യു.ഡി.എഫിന്റെ തീരാത്തലവേദന. രണ്ടിലൊരു കൂട്ടർ മുന്നണി വിട്ടാലും വിട്ടില്ലെങ്കിലും പൊല്ലാപ്പാണ് മുന്നണിനേതൃത്വത്തിന്. തിരഞ്ഞെടുപ്പ് വർഷത്തിൽ ഒരു കൂട്ടർ വിട്ടുപോയി മുന്നണി മെലിയുന്നത് നല്ല ലക്ഷണമാകില്ല. എന്ത് വില കൊടുത്തും ഇരുകൂട്ടരെയും പിടിച്ചുനിറുത്താനുള്ള ശ്രമം കോൺഗ്രസിന് നടത്തേണ്ടി വരുമ്പോൾ അതിന്റെ ഭാരമേറെയും ചുമക്കേണ്ടി വരുന്നത് യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമടങ്ങുന്ന ത്രിമൂർത്തി നേതൃത്വമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെങ്കിലും നേട്ടമായാലും ക്ഷീണമായാലും ആത്യന്തികമായി അത് പ്രതിപക്ഷനേതാവിന്റെ അക്കൗണ്ടിൽ പെടും.
കോട്ടയത്തിന്റെയും കേരള കോൺഗ്രസിന്റെയും നിറവും മനസ്സുമറിയുന്ന ഉമ്മൻ ചാണ്ടി വിചാരിച്ചാൽ എളുപ്പത്തിൽ തീർക്കാവുന്ന തർക്കമാണ് ജോസഫും ജോസും തമ്മിലേതെന്ന് കരുതുന്ന കോൺഗ്രസുകാരുണ്ട്. ഉമ്മൻ ചാണ്ടി തനിച്ച് കളത്തിലിറങ്ങി തർക്കവിഭാഗങ്ങളെ മെരുക്കാതിരിക്കുന്നതാണോ? എങ്കിൽ അതെന്ത് കൊണ്ടെന്ന ചോദ്യം രമേശ് ചെന്നിത്തലയ്ക്ക് സന്തോഷം പകരുന്നതായിരിക്കില്ല.
കെ.സി. വേണുഗോപാലും മുല്ലപ്പള്ളിയും
വരുന്ന തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിപദത്തിലേക്ക് ഭൈമീകാമുകരായി കോൺഗ്രസിൽ അര ഡസനോളം പേരുണ്ടെന്ന് പരിഹാസരൂപേണ പറഞ്ഞുനടക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ചില യാഥാർത്ഥ്യങ്ങൾ മുന്നിലുണ്ട്.
കെ.പി.സി.സി പ്രസിഡന്റായുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിദ്ധ്യം അതിലൊന്നാണ്. വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണമിപ്പോഴേ ശക്തമാണ്. ഈഴവമുഖ്യമന്ത്രിയെന്ന വാദമുയർന്നാൽ സുധീരനില്ലെങ്കിൽ മുല്ലപ്പള്ളി സ്വാഭാവികസ്ഥാനാർത്ഥിയായെത്തും. വയലാർ രവിക്ക് പ്രായാധിക്യമായി.
സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ കേരളപാർട്ടിയിൽ തന്റെ സ്വാധീനം ശക്തമാക്കുകയാണ്. അദ്ദേഹത്തോടടുപ്പമുള്ളവരാണ് പുതിയ ജനറൽസെക്രട്ടറിമാരിലെ പുതുമുഖങ്ങളേറെയും. ആറ് മാസത്തിന് ശേഷം വയലാർ രവിയുടെ രാജ്യസഭാസീറ്റ് ഒഴിയുമായിരുന്നിട്ടും, ഇപ്പോൾ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് പോകാൻ അദ്ദേഹം തയാറായതിലെന്തോ ഉണ്ടെന്ന അടക്കംപറച്ചിലുകളുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് ഭരണമാണ്. അടുത്തതവണ കേരളത്തിൽ മുഖ്യമന്ത്രിപദത്തിലേക്ക് അപ്രതീക്ഷിത എൻട്രിയായി അദ്ദേഹമെത്തിയാലും രാജസ്ഥാനിൽ പാർട്ടിക്ക് സീറ്റ് നഷ്ടപ്പെടില്ല.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം. ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും ആഗ്രഹിച്ച ചെന്നിത്തലയ്ക്ക്, റവന്യൂവകുപ്പ് നൽകാമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഗ്ദാനത്തിൽ തൃപ്തിയുണ്ടായില്ല. മന്ത്രിസഭയിലേക്കില്ലെന്ന് പറഞ്ഞുനിന്ന അദ്ദേഹത്തിനായി ഹൈക്കമാൻഡിന്റെ സമ്മർദ്ദമുണ്ടായി. ആഭ്യന്തരം ഒഴിയാൻ നിർബന്ധിതനായ വേളയിൽ അത് രമേശിലേക്കെത്താതിരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരീക്ഷിച്ച ഉമ്മൻ ചാണ്ടിക്ക് ഒടുവിൽ വഴങ്ങേണ്ടിവന്നു. എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ തിരുവനന്തപുരത്തെ വിവാദമായ താക്കോൽസ്ഥാന പ്രസംഗവും അതിലൊരു സ്വാധീനമായെന്ന് കഥയുണ്ട്. ഉപമുഖ്യമന്ത്രിപദമാഗ്രഹിച്ച രമേശിനൊപ്പം മുസ്ലിംലീഗും ആ ആഗ്രഹം മുന്നോട്ടുവച്ചത് വിനയായത് രമേശിന്.
ഉപമുഖ്യമന്ത്രി പദമാഗ്രഹിച്ച കെ.പി.സി.സി പ്രസിഡന്റിൽ നിന്ന് ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമായി ഉയർന്ന രമേശ് ചെന്നിത്തലയ്ക്ക് ഇനി മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ഓട്ടം എളുപ്പമാണോ? ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. വേണുഗോപാലുമൊക്കെ വേണം അതിനൊരു കൃത്യമായ ഉത്തരം നൽകാൻ!