ഓ പിന്നെ ഇവള് പഠിച്ചങ്ങ് കളക്ടറാവാൻ പോവല്ലേ. സുമതി അമർഷം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞപ്പോൾ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞുപോയി. കളക്ടറായില്ലെങ്കിലും എനിക്ക് പഠിക്കണം. അതെന്റെ ആഗ്രഹമാണ്. ലക്ഷ്മി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ വല്ല വേലയ്ക്കും പോടി പെണ്ണേ എന്നായി അമ്മ സുമതി. പഴയകാല മലയാള സിനിമയിലൊക്കെ കണ്ട വികാരവും നിർവികാരവുമായ രംഗങ്ങളിലൊന്നാണിത്. പഠിക്കാൻ മോഹിക്കുന്ന മകൾ. അതിനെ തല്ലിതകർക്കുന്ന അമ്മ. ഇവിടെ കഥാപാത്രങ്ങൾ. അമ്മയും മകളും മാത്രമല്ല, വേറെ രണ്ടുപേരുംകൂടിയുണ്ട്. തമ്മനും തൊമ്മനും എന്ന് പറയുംപോലെ പോസിറ്റീവും നെഗറ്റീവും. മകൾ പോസിറ്റീവും അമ്മ നെഗറ്റീവും. പഠിച്ചിട്ട് എന്ത് ചെയ്യാനാണെന്ന അമ്മയുടെ നെഗറ്റീവ് ചിന്ത. പഠിച്ച് രക്ഷപ്പെടണമെന്ന മകളുടെ പോസിറ്റീവ് ചിന്തയും. അപ്പോൾ രണ്ട് ചിന്തകളുടെ പോരാട്ടമാണ്.
പോസിറ്റീവും നെഗറ്റീവും എന്നും എപ്പോഴും ബദ്ധശത്രുക്കളാണ്. ഒന്നിങ്ങോട്ട് പിടിക്കുമ്പോൾ ഒന്നങ്ങോട്ട് പോകും. ഒരിക്കലും ചേരില്ല. ഒന്ന് ദേവനും മറ്റത് അസുരനും എന്ന് വേണമെങ്കിൽ പറയാം. കണ്ടിട്ടില്ലേ ചില വീടുകളിൽ ഭാര്യ നെഗറ്റീവും ഭർത്താവ് പോസിറ്റീവുമായിരിക്കും. മറ്റ് ചില വീടുകളിൽ നേരെ തിരിച്ചും. പിന്നെ ശണ്ഠയോട് ശണ്ഠയായിരിക്കും. ഒറ്റവാക്കിൽ ദേവാസുരയുദ്ധം. ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ നിന്ന് കളിക്കുന്നത് പോസിറ്റീവും നെഗറ്റീവും. പാവം ഭാര്യയും ഭർത്താവും അതറിയുന്നില്ല. ഭർത്താവിന്റെ മനസ് മാറ്റണേ എന്ന് ഭാര്യ ഉള്ളുരുകി പ്രാർത്ഥിക്കുമ്പോൾ നെഗറ്റീവ് ചിരിക്കും. അമ്പടാ....ഞാൻ നിൻെറ ഭർത്താവിനൊപ്പം നിൽക്കുമ്പോൾ മനസ് മാറാനോ. നല്ല കാര്യം!
ഒരാളുടെ മനസ് നെഗറ്റീവിൽ നിന്ന് പോസിറ്റീവായി മാറണമെങ്കിൽ സാക്ഷാൽ ദൈവംതമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ലെന്നാണ് പ്രമാണം.. അത് നെഗറ്റീവിനറിയാം.അതാണ് നെഗറ്റീവിന്റെ നെഗളിപ്പ്. എന്ത് പറഞ്ഞാലും എതിരേ പറയൂ. ആളൊരു നെഗറ്റീവാ എന്ന് ചിലരെപ്പറ്റി പറയുന്നത് കേട്ടിട്ടില്ലേ. നെഗറ്റീവ് ചിന്തയുള്ളവർ എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അയൽക്കാരൻ നന്നായാൽ അവർക്ക് സഹിക്കില്ല. ഹോ അവളുടെയൊരു പത്രാസുകണ്ടില്ലേ. മനസിലുള്ളത് ഇങ്ങനെയുള്ള ഡയലോഗിലൂടെ പുറത്ത് ചാടും.
പണ്ട് ഫിലിം വച്ച് ഫോട്ടോ എടുത്തിരുന്നപ്പോൾ ആദ്യം തെളിയുന്നൊരു രൂപമുണ്ടായിരുന്നു. അതിനെ നെഗറ്റീവെന്നാണ് വിളിച്ചിരുന്നത്. ഫോട്ടോക്കാരൻെറ നെഗറ്റീവ് കാഴ്ച. അടിമുടി ഒരുമാതിരി വെള്ളിയിലൊരു പ്രേത ലുക്ക്. അതിനെ പിന്നെ കഴുകി കഴുകി പോസിറ്റീവാക്കുന്നു. അപ്പോൾ നെഗറ്റീവ് പിന്നാട്ട്, പോസിറ്റീവ് മുന്നോട്ട്....
നെഗറ്റീവായി ചിന്തിക്കുന്നിടത്ത് മൊത്തം നെഗറ്റീവ് എനർജിയായിരിക്കും. അവിടെ ഭാഗ്യദേവത ഇരിക്കില്ലെന്നാണ് വിശ്വാസം. അങ്ങനെ എല്ലാവരും തള്ളിപ്പറഞ്ഞിരുന്ന നെഗറ്റീവിന് ഇപ്പോൾ ഭയങ്കര ഡിമാന്റാണ്. ഇദിയാൻെറ ഗ്രാഫുയർന്നു പൊങ്ങി. നെഗറ്റീവാണെന്ന് കേട്ടാൽ ദൈവമേ രക്ഷിച്ചു എന്ന് കൈകൂപ്പി പ്രാർത്ഥിച്ചു പോകും. പാേസിറ്റീവാണെന്ന് കേട്ടാലോ. തീർന്നു. . നെഗറ്റീവിന് വിലയും നിലയുമുണ്ടാക്കിയതിന്റെ ക്രെഡിറ്റ് കൊവിഡിനാണ്. ഏത് നായിൻെറ മോനും ഒരു ദിവസമുണ്ടെന്ന വിശ്വാസം നെഗറ്റീവിൻെറ കാര്യത്തിലും ഫലിച്ചു.
ലക്ഷ്മിയുടെ അമ്മ സുമതി എങ്ങനെ നെഗറ്റീവായി. അത് അന്വേഷിച്ച് പോയാൽ ചെന്നെത്തുന്നത് ഗാന്ധാരിക്ക് മുന്നിൽ. അതെന്തപ്പാ അങ്ങനെ? അന്ധനായ ഭർത്താവിന്റെകണ്ണുകളാകേണ്ട ഗാന്ധാരി കണ്ണും മൂടിക്കെട്ടി നടന്നു. എന്നാൽ കുന്തീദേവിയോ കണ്ണ് തുറന്നിരുന്നു. ഭർത്താവ് മരിച്ചിട്ടും മക്കളുടെ സുഖദുഃഖങ്ങൾക്കൊപ്പം നിന്നു. കുന്തിയുടെ സാമിപ്യം പാണ്ഡവരെ ധർമ്മബോധമുള്ളവരാക്കി. കണ്ണും മൂടിക്കെട്ടി നടന്ന അമ്മയിൽ നിന്ന് ഒരു പരിചരണവും കൗരവർക്ക് കിട്ടിയില്ല. മഹാഭാരതയുദ്ധത്തിൽ കൗരവർ ഒന്നടങ്കം ചത്തൊടുങ്ങി. യുദ്ധം ജയിക്കാൻ വേണ്ടി കണ്ണും തുറന്നിരുന്ന കുന്തി പലഅടവുകളും പയറ്റി. അമ്മമാർ കണ്ണുംപൂട്ടിയല്ല, കണ്ണ് തുറന്നിരിക്കേണ്ട കാലമാണ്. മക്കൾ ചെയ്യുന്നത് അമ്മമാർ അറിയണം. അമ്മമാരുടെ സ്നേഹം മക്കൾക്ക് കിട്ടുകയും വേണം. അമ്മ മനസ് തങ്ക മനസ് എന്നാണല്ലോ. അത് അന്യമാക്കുന്നതിന്റെ കാഴ്ചകളും കാണുകയാണ്
ആനയുടെ നിറം കറുപ്പാണ്. അമേരിക്കക്കാർ വെറുപ്പോടെ കാണുന്ന വർഗക്കാരുടെ നിറവും :കറുപ്പാണ്.
പ്രതിഷേധക്കാർ മന്ത്രിമാരുടെ കാറിന് മുന്നിൽ ചാടി വീഴുമ്പോൾ എടുത്ത് വീശുന്നതും കറുപ്പാണ്. വെളുത്ത മഴയെ ചൂടുന്ന കുടയും കറുപ്പാണ്. മരിച്ച വീട്ടിൽ പൊങ്ങുന്ന കൊടിയും കറുപ്പാണ്. മരണ വീട്ടിലേക്ക് വരുന്നവരുടെ നെഞ്ചത്തെ ബാഡ്ജും കറുപ്പാണ്. മരിച്ച് കിടക്കുന്നയാളിൻെറ പുറത്താകട്ടെ വെളുത്ത പുതപ്പും.അപ്പോൾ കറുപ്പിനാണോ വെളുപ്പിനാണോ അഴക്. വെളുപ്പ് വിശുദ്ധിയുടെ പ്രതീകമെന്നാണ് വയ്പ്. എല്ലാവരെയും അശുദ്ധമാക്കിക്കൊണ്ട് വിശുദ്ധിയോടെ മരിച്ചയാളിൻെറ യാത്ര. കറുപ്പണിഞ്ഞ് നിൽക്കുന്ന ആനക്കുമുണ്ടൊരു അമ്മ മനസ്. ആ മനസ് കണ്ടില്ല, വെളുത്ത വർഗ പൊലീസുകാരൻ കറുത്ത വർഗക്കാരനെ കഴുത്തുഞെരിച്ചു കൊന്നപ്പോഴും കണ്ടില്ല ആ മനസ്.
****
അമ്മ സ്നേഹം വാട്സാപ്പിൽ നിറഞ്ഞു തളുമ്പുകയാണ്. അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ എന്നാണല്ലോ കവി വാക്യം തന്നെ.
****
അച്ഛൻ രൂക്ഷമായി നോക്കിയാൽ നിക്കർ നനയുമെന്ന് ഒരച്ഛൻ വിരോധി. അമ്മ രൂക്ഷമായി നോക്കിയാൽ ചിരി വരുമെന്ന് ഒരമ്മ സ്നേഹിയും.
****
അമ്മയുടെ കൈപ്പത്തിയാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ പനി അളക്കൽ യന്ത്രമെന്നാണ് ഒരു സീമന്തപുത്രൻ പറയുന്നത്.
****
ഏത് പാതിരാവിലും വീട്ടിൽ കയറി വന്നാൽ കേൾക്കുന്ന അമ്മയുടെ ഒരു ചോദ്യമുണ്ട്. ''മക്കളെ കഴിക്കുന്നില്ലേ.....''പതിവായി വൈകി വരുന്ന ഒരു മകന്റെ വികാരത്തുടിപ്പ്.
****
ഒരായുസിൽ പെണ്ണിന് രണ്ട് വീടാണുള്ളതെന്നാണ് ഒരു പുരുഷശാസ്ത്രജ്ഞന്റെ കണ്ടെത്തൽ. ജനിക്കാൻ ഒരെണ്ണം, മരിക്കാൻ വേറൊരെണ്ണം. ഒന്നാമത്തെ വീട്ടിലിരുന്ന് അവൾ ചിന്തിക്കുന്നത് രണ്ടാമത്തെ വീട്ടിലെ യൗവ്വനത്തെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചുമായിരിക്കും. രണ്ടാമത്തെ വീട്ടിലിരുന്ന് ആലോചിക്കുന്നത് ഒന്നാമത്തെ വീട്ടിലെ ബാല്യത്തെക്കുറിച്ചും കൗമാരത്തെക്കുറിച്ചുമായിരിക്കും. കുറേക്കഴിയുമ്പോൾ ആദ്യത്തെ വീട് അവധിക്കാലത്ത് പോകാനുള്ളതും രണ്ടാമത്തെ വീട് അവധിയില്ലാതെ പണിയെടുക്കാനുള്ളതുമാകും. ആയൂസിൽ രണ്ട് വീടുണ്ടായിട്ടും ഒടുവിൽ ജീവനിൽ ഉറപ്പില്ലാതെയാകും അവളുടെ ഉറക്കമെന്നാണ് ശാസ്ത്രജ്ഞൻെറ കണ്ടെത്തൽ.
****
എസ്.എസ്.എൽ.സി പരീക്ഷ എഴുതി വന്ന മകനോട് അമ്മ: പരീക്ഷ എങ്ങനെയുണ്ടായിരുന്നു മോനേ?
മോൻ:അമ്മേ 25 ചോദ്യങ്ങളിൽ അവസാന 10 ചോദ്യങ്ങളെ ഞാൻ ക്വാറന്റൈൻ ചെയ്തു.
അമ്മ: എന്നു വച്ചാൽ?
മകൻ: ആ ഭാഗം മറിച്ച് നോക്കിയതേയില്ല. പിന്നെ ഏഴ് ചോദ്യങ്ങളെ െഎസോലേഷനാക്കി. അതായത് എഴുതിയില്ല എന്നർത്ഥം. നാലെണ്ണം ടെസ്റ്റിനു വിട്ടു.
അമ്മ: എന്ത് ടെസ്റ്റ്?
മകൻ: തോന്നിയത് എഴുതിയിട്ടുണ്ട്. ടീച്ചർക്ക് ഇഷ്ടപ്പെട്ടാൽ മാർക്കിടാം. മൂന്നെണ്ണം നെഗറ്റീവാണമ്മേ.
അമ്മ: എന്ത് നെഗറ്റീവ്?
മകൻ: തെറ്റിപ്പോയി എന്ന് പറയാം. പിന്നെ ഒരെണ്ണം പോസിറ്റീവാണ്. അത് ശരിയായ ഉത്തരമാണ്.
അച്ഛൻ: അപ്പോൾ അതൊരെണ്ണം സമ്പർക്കത്തിലൂടെയായിരിക്കും അല്ലേ?
മകൻ: അച്ഛനെന്താ ഉദ്ദേശിച്ചത്?
അച്ഛൻ: അടുത്തിരുന്ന കുട്ടിയെ നോക്കി കോപ്പിയടിച്ചത്.
മകൻ: ഇതെന്താ അമ്മേ ഈ അച്ഛൻ പറയണേ, നമ്മൾ കഴിയുന്നത്ര പോസിറ്റീവാകാതിരിക്കണം എന്നല്ലേ എല്ലാവരും പറയുന്നത്. ഞാൻ എന്റെ കടമ നിർവഹിച്ചു. ഇനി എന്നെ കുറ്റം പറയരുത്. അനുഗ്രഹിക്കൂ അമ്മേ, അനുഗ്രഹിക്കൂ അച്ഛാ....