മാഡ്രിഡ് : ജർമ്മനിക്ക് പിന്നാലെ സ്പെയിനിലും ഫുട്ബാൾ മൈതാനങ്ങൾക്ക് വീണ്ടും ജീവൻ വച്ചു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ഒന്നരയോടെ സെവിയ്യയും ഗെറ്റാഫെയും തമ്മിലുള്ള മത്സരത്തോടെയാണ് സ്പാനിഷ് ലാലിഗയ്ക്ക് രണ്ടാം കിക്കോഫായത്.
കൊവിഡിനെ ഭയന്ന് മൂന്നുമാസത്തോളം അടച്ചിട്ടിരുന്ന ഫുട്ബാൾ മൈതാനങ്ങളിൽ കാണികളെ ഒഴിവാക്കിയാണ് കളി പുനരാരംഭിച്ചിരിക്കുന്നത്. കർശന സുരക്ഷയിലും കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ചുമാണ് സ്പെയിനിലും കളി പുനരാരംഭിച്ചത്. കഴിഞ്ഞ മാസം കളി തുടങ്ങിയ ജർമ്മനിയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതും സ്പാനിഷ് ഫുട്ബാൾ അധികൃതർക്ക് ആത്മവിശ്വാസം നൽകുന്നു.
ലീഗിലെ കരുത്തന്മാരായ ബാഴ്സലോണയ്ക്കും റയൽമാഡ്രിഡിനും ആദ്യ ദിവസത്തിൽ മത്സരമില്ല. നാളെ രാത്രി ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്കാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. എതിരാളികൾ മയ്യോർക്കയാണ് മയ്യോർക്കയുടെ തട്ടകത്തിൽ വച്ചാണ് മത്സരം.
റയൽ മാഡ്രിഡ് ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിക്ക് കളത്തിലിറങ്ങും. എയ്ബറുമായാണ് റയലിന്റെ മത്സരം. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് അത്ലറ്റിക് ക്ളബും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം നടക്കും.
മാർച്ച് മദ്ധ്യത്തോടെയാണ് സ്പാനിഷ് ലീഗിലെ മത്സരങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നത്.
27 മത്സരങ്ങൾ വീതമാണ് എല്ലാ ക്ളബുകളും പൂർത്തിയാക്കിയിരിക്കുന്നത്.
11 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.
2 പോയിന്റിന്റെ വ്യത്യാസത്തിൽ ബാഴ്സലോണയാണ് ലീഗിൽ മുന്നിൽ. റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്.
പോയിന്റ് നില
(ക്ളബ്, കളി, പോയിന്റ് എന്ന ക്രമത്തിൽ)
ബാഴ്സലോണ 27-58
റയൽ മാഡ്രിഡ് 27 -56
സെവിയ്യ 27-47
റയൽ മാഡ്രിഡ് 27 -46
ഗെറ്റാഫെ 27 -46
ഇന്നത്തെ മത്സരങ്ങൾ
ഗ്രനാഡ Vs ഗെറ്റാഫെ
വലൻസിയ Vs ലെവാന്റെ
(രാത്രി 11.30 മുതൽ)