ലോകം മുഴുവൻ കറങ്ങാൻ കേവലം മണിക്കൂറുകൾ..ചൊവ്വയിലാണെങ്കിൽ ഒരു മനുഷ്യക്കോളനി....വേഗത്തിന് ദൂരം അടിമപ്പെടുന്ന ഒരു കാലം.... ഉറക്കത്തിനിടയിൽ വന്നുപെട്ട സുന്ദരമായ സ്വപ്നമെന്ന് കരുതിയെങ്കിൽ തെറ്റി. ഇവയൊക്കെ ഉണർന്നിരുന്നുകൊണ്ട് ഒരു മനുഷ്യൻ കാണുന്ന സ്വപ്നമാണ്. ഒരുപക്ഷേ, 21-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വപ്നങ്ങൾ കണ്ട ഒരാൾ, ഇലോൺ മസ്ക്.
2002ലാണ് തന്റെ സ്പേസ് ക്രാഫ്റ്റുകൾക്കായി റോക്കറ്റുകൾ വാങ്ങാൻ റഷ്യയിലേക്ക് പോയ ഇലോൺ മസ്കെന്ന യുവാവിനോട് റഷ്യ പറഞ്ഞത് അതിഭീകരമായ തുക. റോക്കറ്ര് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്ക് ആ തുകയുടെ മൂന്നിലൊന്ന് പോലും ചെലവാകില്ലെന്ന് അറിയാവുന്ന മസ്ക്, തനിക്കാവശ്യമുള്ള റോക്കറ്റുകൾ താൻതന്നെ നിർമ്മിച്ചോളാമെന്ന് തീരുമാനമെടുത്തു. പിന്നീടുണ്ടായത് ചരിത്രമായിരുന്നു. ആ ചരിത്രത്തിലേക്കാണ് 2002ൽ സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനി പിറന്നുവീണത്. മസ്കിന്റെ ഭ്രാന്തൻ സ്വപ്നങ്ങളുടെ പരീക്ഷണശാലയായി മാറുകയായിരുന്നു സ്പേസ് എക്സ്.
49കാരനായ മസ്കിനെ പി.ആർ ഏജന്റെന്നും മതിഭ്രമക്കാരനായ കോടീശ്വരൻ എന്നുമൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, മനുഷ്യസ്നേഹി എന്ന് വിളിക്കുകയാകും കൂടുതൽ ഉചിതം. നിലനിൽപ്പിനായി അനുദിനം നെട്ടോട്ടമോടുന്ന ഭൂമിയിലെ മനുഷ്യർക്കായി ഒരു സമാന്തരമോ ബദലോ ആയ പ്രപഞ്ചത്തെയാണ് ഇലോൺ വിഭാവനം ചെയ്യുന്നത്. മാനവരാശിയുടെ പലവിധ നന്മകൾക്കായി ആരും നിയോഗിച്ചതല്ല, ഇലോണിനെ. പകരം ഭൂമിക്ക് അകാലചരമം സംഭവിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും, ഇവിടത്തെ മനുഷ്യരെ സംരക്ഷിക്കേണ്ടത് തന്റെകൂടി കടമയാണെന്ന ധാരണയിൽ സ്വയം നിയോഗിതനാകുകയായിരുന്നു അയാൾ. കോടീശ്വരനായിരുന്ന മസ്ക്, തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് റോക്കറ്റ് നിർമ്മാണത്തിലേർപ്പെട്ടു. സ്വന്തംവീട് വിറ്റ് വാടകവീട്ടിലേക്ക് മാറി. പക്ഷേ, ആത്യന്തികമായി വിജയം ആ പ്രതിഭയ്ക്കൊപ്പമായിരുന്നു.
21-ാം നൂറ്റാണ്ടിന്റെ സാങ്കേതിക ലോകത്തിലെ ശില്പിയെന്നാകും ഒരുപക്ഷേ ഇലോൺ മസ്കിന്റെ പേര് വരുംതലമുറകൾ ഏറ്റുപറയുക. ടെസ്ല എന്ന ഇലക്ട്രിക് കാർ കമ്പനിയുടെ സ്ഥാപകൻ മാത്രമല്ല, മനുഷ്യനെ ചൊവ്വയിലേക്ക് വിടാനും അവിടെയൊരു മനുഷ്യക്കോളനി ഉണ്ടാക്കാനും ശ്രമിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ചീഫ് ടെക്നിക്കൽ ഓഫീസറുമാണ് ഇലോൺ മസ്ക്. മസ്കിന്റെ ഭാവനകൾ വെറും കെട്ടുകഥകൾ അല്ലെന്ന് തെളിയിച്ചുകൊണ്ടായിരുന്നു 2020 ജൂൺ 1ന് രണ്ട് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ട്, സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ്, ഡ്രാഗൺ ക്രൂ പേടകവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. അവിടെയും ചരിത്രം തിരുത്തപ്പെട്ടു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി മസ്കിന്റേത്.
2002 ൽ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ അഥവാ സ്പേസ് എക്സ് എന്ന കമ്പനി സ്ഥാപിതമായതുമുതൽ, മസ്കും അദ്ദേഹത്തിന്റെ വാക്കുകളും തലക്കെട്ടുകളാകാറുണ്ട്. തന്റെ കമ്പനി ഏഴുവർഷങ്ങൾക്കുള്ളിൽ മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുമെന്നും ആ സ്പേസ് ഷിപ്പിനെ ഭൂമിക്ക് പുറത്തേക്ക് നയിക്കാനുപയോഗിക്കുന്ന റോക്കറ്റുകൾ ഉപയോഗിച്ച് ഭൂമിക്ക് അകത്ത് ദീർഘദൂരസഞ്ചാരങ്ങൾ എത്രയോ എളുപ്പമാക്കിത്തീർക്കാമെന്നും മസ്ക് പറഞ്ഞത് 2017ൽ ആസ്ട്രേലിയയിൽ നടന്ന അന്താരാഷ്ട്ര അസ്ട്രോനോട്ടിക്കൽ കോൺഗ്രസിലാണ്. അതായത്, 28,968 കിമി വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റുപയോഗിച്ച് കേവലം 39 മിനിട്ടിനുള്ളിൽ ന്യൂയോർക്കിൽനിന്ന് ചൈനയിലെ ഷാംഗ്ഹായിലേക്ക് സഞ്ചരിക്കാമെന്ന് സാരം! അന്ന് അക്കാര്യം മലയാളമാദ്ധ്യമങ്ങൾ ഒഴികെയുള്ള ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളിലൊക്കെ വലിയ തലക്കെട്ടുകളായിരുന്നു. ഇന്നിപ്പോൾ 2024 ലെ ചൊവ്വാദൗത്യമെന്ന തന്റെ സ്വപ്നത്തിൽനിന്ന് അണുവിടപോലും മസ്ക് പിന്നോട്ടുമാറിയിട്ടില്ല എന്നുമാത്രമല്ല, അതിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ ചുവടുവയ്പാണ് ഇപ്പോഴത്തെ ബഹിരാകാശദൗത്യംപോലും!
കോടാനുകോടി മനുഷ്യരുള്ള ഭൂമി നശിക്കാൻ ഒരു വലിയ ഉൽക്ക വന്നിടിക്കുകയോ, കടുത്ത അഗ്നിപർവതസ്ഫോടനമുണ്ടാകുകയോ, മനുഷ്യനിർമ്മിതമായ ഒരു വൈറസിന്റെ വ്യാപനമോ ആഗോളതാപനമോ, ആണവയുദ്ധമോ മതിയാകും എന്ന യാഥാർത്ഥ്യം മസ്ക് തിരിച്ചറിയുന്നുണ്ട് എന്നതാണ് സത്യം. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ ഉരുത്തിരിഞഞുവന്ന മനുഷ്യവികാസം ഇല്ലാതാകാൻ നിമിഷങ്ങൾ മതിയെന്ന തിരിച്ചറിവിൽനിന്നാണ് മറ്റൊരു ഗ്രഹത്തെക്കൂടി ആവാസകേന്ദ്രമാക്കാൻ മസ്ക് തയാറെടുക്കുന്നത്.
ചൊവ്വാസ്വപ്നം
ചൊവ്വയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലാത്തതിനാൽ അവിടുത്തെ എല്ലാ പ്രവർത്തനങ്ങളും വൈദ്യുതിയിൽ ഉള്ളതായിരിക്കണമെന്നാണ് മസ്ക് പറയുന്നത്. അതിനുള്ള പദ്ധതിയാണ് ഇലക്ട്രിക് കാറുകളുടെയും ഇലക്ട്രിക് ട്രെയിനുകളുടെയും ഹൈപ്പർ ലൂപ്പിന്റെയും ഇലക്ട്രിക് വിമാനങ്ങളുടെയും നിർമ്മിതിയിലൂടെ അദ്ദേഹം നടത്തിവരുന്നത്. ഭൂമിയിലെ ആവശ്യത്തിന് മുഴുവൻ ഉപയോഗംവരുന്ന അത്രയും ബാറ്ററികൾ നിർമ്മിക്കുന്നതിനായി അമേരിക്കയിൽ ലോകത്തിലെ ഏറ്റവും വലിയ ഫ്കാടറിക്ക് പോലും മസ്ക് തുടക്കമിട്ടു. നെവാഡയിലുള്ള ഈ ജിഗാ ഫാക്ടറി, ഈ വർഷം അവസാനത്തോടെ ബാറ്ററിനിർമ്മാണെമെന്ന ലക്ഷ്യവും മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാസ വിളിച്ചു,
മസ്ക് പോയി
2010ലാണ് ബഹിരാകാശ മനുഷ്യ ദൗത്യത്തിന് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകൾ നിർമ്മിച്ചുനൽകാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്വകാര്യ എയറോസ്പേസ് കമ്പനികളെ ക്ഷണിച്ചത്. നാല് മുതൽ ഏഴ് വരെ സഞ്ചാരികളെ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ലോകം കളിയാക്കിക്കൊണ്ടിരുന്ന തന്റെ സ്വപ്നങ്ങൾ തെളിയിച്ചുകാണിക്കാൻ അവസരമന്വേഷിച്ചുകൊണ്ടിരുന്ന മസ്കിന് അതൊരു സുവർണാവസരമായിരുന്നു. അങ്ങനെ ഏഴുപേർക്കുവരെ സഞ്ചരിക്കാവുന്ന ക്രൂഡ്രാഗൺ, നാസയ്ക്കുവേണ്ടി സ്പേസ് എക്സ് നിർമ്മിച്ചു. നേരത്തെ ബഹിരാകാശ നിലയത്തിൽ ചരക്കുകൾ എത്തിച്ചിരുന്ന പരിചയംകൂടി സ്പേസ് എക്സിന് കൈമുതലായി ഉണ്ടായിരുന്നു. ഇത്തരം 21ഓളം ചെറുദൗത്യങ്ങൾക്കുശേഷമായിരുന്നു മനുഷ്യനെ അയയ്ക്കാനുള്ള മികവ് സ്പേസ് എക്സ് കൈവരിച്ചത്.
കുറിപ്പ്:
നന്ദി മസ്കിന്റെ മാതാപിതാക്കൾക്ക്, നിങ്ങളുടെ മകനെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്....
നന്ദി ലോകത്തിന്, തന്റെ മരണം ചൊവ്വയിലായിരിക്കുമെന്ന് പറഞ്ഞ ഒരാളുടെ സ്വപ്നങ്ങൾ വിശ്വസിച്ചതിന്....