ന്യൂഡൽഹി : ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നരീന്ദർ ബത്ര ചട്ടങ്ങൾ ലംഘിച്ചാണ് മത്സരിച്ചതെന്ന പരാതിയിൽ കഴമ്പില്ലെന്ന് ഫെഡറേഷന്റെ ഇന്റഗ്രിറ്റി യൂണിറ്റ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ ബത്രയ്ക്കെതിരെ വൈസ് പ്രസിഡന്റ് സുധാംശു മിത്തലാണ് പരാതി നൽകിയിരുന്നത്.

2016 നവംബറിൽ ഹോക്കി ഇന്ത്യ പ്രസിഡന്റായിരുന്നത് മറച്ചുവച്ചാണ് ബത്ര ഇന്റർനാഷണൽ ഫെഡറേഷൻ പ്രസിഡന്റായി മത്സരിച്ചതെന്നായിരുന്നു മിത്തലിന്റെ പരാതി. ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിത്വം വഹിക്കുന്നവർ അന്താരാഷ്ട്ര ഫെഡറേഷന്റെ സ്ഥാനങ്ങൾ വഹിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഇന്റർനാഷണൽ ഫെഡറേഷന്റെ പ്രസിഡന്റായശേഷം ബത്ര ഹോക്കി ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നതായി ഇന്റഗ്രിറ്റി യൂണിറ്റ് ചെയർമാൻ വെയ്‌ൻ സ്നെൽ പറഞ്ഞു.