തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് നൽകി നിയമനം നേടിയ സംഭവത്തിൽ ഓഫീസിലെ സാലറി സെക്ഷൻ കൈകാര്യം ചെയ്തിരുന്ന സി.ഐ.ടി.യു അംഗമായ ജീവനക്കാരനെ ബലിയാടാക്കി കൗൺസിലിലെ എതിർ സംഘടനയിലെ ഒരു വിഭാഗം ജീവനക്കാർ രക്ഷപ്പെടാൻ ശ്രമം നടത്തുന്നതായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രസ്താവിച്ചു.

അന്ന് എസ്റ്റാബ്ളിഷ്മെന്റ് സെക്ഷൻ കൈകാര്യം ചെയ്തിരുന്നയാൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും അന്നത്തെ പ്രസിഡന്റിന്റെ പി.എയുമായി ചേർന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിയമനം നടത്തിയതെന്നും ഇവർ മൂവരും സ്പോർട്സ് കൗൺസിലിലെ സ്വതന്ത്ര സംഘടനയുടെ വക്താക്കളാണെന്നും പ്രസ്താവനയിൽ പറയുന്നു. ആരോപണ വിധേയനായ ജീവനക്കാരനെതിരെ വനിതാ ജീവനക്കാരാരും ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രൊമോഷൻ തടസപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന ആരോപണങ്ങളാണിവ.

കൗൺസിലിലെ ഒരു പരിശീലകനെതിരെ അപവാദ പ്രചാരണമാണ് നടക്കുന്നതെന്നും ഇതുവരെ ആരും അത്തരത്തിലാെരു പരാതിയും നൽകിയിട്ടില്ലെന്നും സംഘടന പറയുന്നു. ഈ പരിശീലകൻ പഴയ പദവിയിലേക്ക് തിരിച്ചുവരുന്നത് തടസപ്പെടുത്താൻ എതിർ സംഘടന വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എംപ്ളോയീസ് അസോസിയേഷൻ കുറ്റപ്പെടുത്തി.