തിരുവനന്തപുരം: പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിലെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. ഇന്നലെ വൈകിട്ട് 7നാണ് സംഭവം. ഫാക്ടറിയിലെ റബർ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ് ആദ്യം തീപടർന്നത്. തുടർന്ന് തീ മാലിന്യം കത്തിക്കുന്ന ഷെഡിലേയക്ക് പൂർണമായും പടരുകയായിരുന്നു.സംഭവത്തിൽ ആളപായമില്ല.കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അധികൃതർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ വേഗം പടരുകയായിരുന്നു.തുടർന്നാണ് ഫയർഫോഴ്സിൽ വിവരമറിച്ചത്. ചെങ്കൽചൂള ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ 1.5 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 8.15ഓടയാണ് തീ അണച്ചത്. ഫയർഫോഴ്സ് എത്തുമ്പോഴേയക്കും തീ ഷെഡിൽ മൊത്തം പടർന്നിരുന്നു. വേസ്റ്റ് റബർ കത്തിക്കുന്ന ഇൻസിനിറേറ്ററിൽ നിന്ന് തീ പടർന്നതോ അല്ലെങ്കിൽ അതിലേക്ക് വരുന്ന വയറിലുണ്ടായ ഷോർട്ട് സർക്ക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗൺ മൂലം കയറ്റി വിടാതിരുന്ന റബർ വേസ്റ്റുകളും ഇവിടെ കൂടിയിട്ടിരുന്നു. മാലിന്യഷെഡും വേസ്റ്റുകളും പൂർണമായി കത്തി നശിച്ചു.വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് യൂണിറ്റ് ചീഫ് ജി.കൃഷ്ണകുമാർ അറിയിച്ചത്. നാശനഷ്ടം കണക്കാക്കി വരുന്നതായി ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി അധികൃതർ അറിയിച്ചു. പ്രധാന കെട്ടിടത്തിൽ നിന്ന് ദൂരെയാണ് മാലിന്യ പ്ളാന്റ് സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തീപടരാതെ വൻ ദുരന്തം ഒഴിവായി. കെട്ടിടങ്ങളുടെയെല്ലാം പിറകിലാണ് മാലിന്യ പ്ളാന്റ് സ്ഥാപിച്ചിരുന്നത്. തീ പിടിച്ച കെട്ടിടത്തിന്റെ മതിലിന് പിറകു വശത്ത് താമസിച്ചിരുന്ന 40ഓളം കുടുംബങ്ങളെ സംഭവസമയത്ത് അവിടെ നിന്ന് മാറ്റിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പൊലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചു.സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും സ്ഥലം സന്ദർശിച്ച് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.ജില്ല കളക്ടടർ നവജ്യോത് ഖോസെ,വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്,മേയർ കെ.ശ്രീകുമാർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.