സത്യൻ എന്ന മഹാനടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ജൂൺ 15ന് 49 വർഷം തികയുന്നു. സത്യൻ സിനിമയിലെത്തി പ്രശസ്തനാകും മുമ്പ് മൂന്നുവർഷക്കാലം ആലപ്പുഴയിൽ പൊലീസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, പട്ടാളക്കാരൻ, പൊലീസ് ഇൻസ്പെക്ടർ തുടങ്ങിയ ജോലികൾ കഴിഞ്ഞ് തുടർന്നുള്ള ഇരുപത് കൊല്ലക്കാലം സിനിമയിൽ.
പുന്നപ്ര-വയലാർ വെടിവയ്പിനുശേഷം 1947 ലാണ് അദ്ദേഹം പൊലീസ് ഇൻസ്പെക്ടറായി ആലപ്പുഴയിലെത്തുന്നത്. കായികാഭ്യാസിയായിരുന്ന സത്യന്റെ വരവ് കവലച്ചട്ടമ്പികൾക്കും തെമ്മാടികൾക്കും ഭയം സൃഷ്ടിച്ചു. അത്തരക്കാർ മുന്നിൽ വന്നുപെട്ടാൽ കാലുമടക്കി പതിരനോക്കി അടിക്കും. അതിലായിരുന്നു അദ്ദേഹത്തിന് രസം. സത്യന്റെ വരവോടെ സാധുക്കൾക്കും സാധാരണക്കാർക്കും പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്കും മാനം മര്യാദയോടെ വഴിനടക്കാമെന്നായി.
ഒരിക്കൽ കൊമ്മാടി ജംഗ്ഷനിൽ വച്ച് ഒരു സഖാവിനെ സത്യൻ തല്ലുന്നത് കണ്ടു അതുവഴിവന്ന സാനു മാസ്റ്റർ യാത്ര മതിയാക്കി തിരിച്ചുപോയി. പുന്നപ്രയിലെ പ്രബലനായ സി.കെ. കരുണാകരനെയും ആര്യാട്ടെ അച്ചൻവാവയേയും സത്യൻ പിടികൂടി തല്ലിയത് നാട്ടിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. പ്രതിഷേധം മണത്തറിഞ്ഞിട്ടും സത്യൻ ഒറ്റയ്ക്ക് തന്നെ നിർഭയം നടന്നു. സത്യന്റെ അടങ്ങാത്ത രോഷം തെക്കനാര്യാട്ടെ കെ.കെ. കാെച്ചുനാരായണന്റെ നേർക്കായിരുന്നു. അതിനുകാരണം പൊലീസ് വാഹനങ്ങൾ കടന്നുവരുന്ന ഗ്രാമീണ റോഡുകൾ രാത്രികാലങ്ങളിൽ വെട്ടിപ്പൊളിക്കുന്നതിന്റെ സൂത്രധാരൻ കൊച്ചുനാരായണനാണെന്ന് സത്യന് അറിവുകിട്ടിയതാണ്. തന്നെയുമല്ല, കൊച്ചുനാരായണന്റെ വീടിനടുത്ത് സത്യനൊരു സുഹൃത്തുണ്ടായിരുന്നു. സദാനന്ദ തണ്ടാർ. തണ്ടാരും നാടാരും ബ്രിട്ടീഷ് ആർമിയിൽ ഒരുമിച്ചുണ്ടായിരുന്നു. ഒരിക്കൽ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ തണ്ടാരെക്കണ്ട് തിരിച്ചുവന്ന സത്യന്റെ റോഡരികിൽ പൂട്ടിവച്ചിരുന്ന സൈക്കിൾ കാണാതെപോയി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ തൊട്ടടുത്തുനിന്ന ഒരു കൊന്നത്തെങ്ങിന്റെ മണ്ടയ്ക്ക് ഒരുമുഴം കയറിൽ അത് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തി. ഇൗ സംഭവത്തിന് പിന്നിലും കൊച്ചുനാരായണനാണെന്ന് സത്യൻ തെറ്റിദ്ധരിച്ചു. കൊച്ചുനാരായണനെ കൈയിൽ കിട്ടാൻ കൊതിച്ചുനടന്നിട്ട് കൊല്ലം രണ്ടുകഴിഞ്ഞു. ഒടുവിൽ നാട്ടുകാരിലൊരാൾ ഒറ്റിക്കൊടുത്തു. ഉദയാസ്റ്റുഡിയോയ്ക്ക് കിഴക്ക്, തോടിന്റെ കരയിൽ ആൾത്താമസമില്ലാതെ കിടന്ന ഒരോലപ്പുരയിൽ നിന്നും കൊച്ചുനാരായണനെ സത്യൻ പിടികൂടി. ആളുകളറിഞ്ഞുകേട്ടുചെന്നപ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തവിധം കൊച്ചുനാരായണൻ അവശനായിപ്പോയി. തൊട്ടടുത്ത കവലയിൽ കൊണ്ടുവന്നപ്പോൾ അനിയന്ത്രിതമായ ജനക്കൂട്ടം. അവിടെ വച്ചവസാനത്തെ ഒരടി കൂടികൊടുത്തതും, കൊച്ചുനാരായണൻ താഴെപ്പോയി. പിടിച്ചെഴുന്നേൽപ്പിച്ചു വെള്ളം കൊടുത്തിട്ട് സത്യൻ തന്റെ സ്വതസിദ്ധമായ സ്റ്റൈലിൽ ചോദിച്ചു.
'എവിടെപ്പോയെടാ... നിന്റെ കമ്മ്യൂണിസം? എവിടെപ്പോയി നിന്റെ ധീരത?"
'ധീരത നഷ്ടപ്പെട്ടത് നിങ്ങൾക്കാണ്... ധൈര്യമുണ്ടോ നിങ്ങൾക്കെന്റെ കൈയിലെ കെട്ടഴിച്ചിട്ടടിക്കാൻ?"
' കെട്ടഴിച്ചിട്ടടിച്ചാൽ....?"
'അടിച്ചാൽ ആ സെക്കൻഡിന് കൊച്ചുനാരായണൻ ചെവിക്കല്ലിനടിച്ചിരിക്കും."
ആ സീൻ അങ്ങനെ അവസാനിച്ചു
പിന്നീടുള്ള ദിനരാത്രങ്ങളിൽ സത്യന് സ്വസ്ഥത ഉണ്ടായില്ല. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസികാവസ്ഥ. സ്വന്തം തൊഴിലിലെ ക്രൂരത. മനംമടുപ്പ്. ആകപ്പാടെ കടുത്ത നിരാശ. ഒടുവിൽ അദ്ദേഹം പേട്ടയിലെത്തി. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണനെ ചെന്നുകണ്ടു. 'എടോ താനീ കാക്കിയും, തൊപ്പിയും വലിച്ചു ദൂരത്തെറിയൂ. തനിക്കീപ്പണി പറ്റിയതല്ല. താൻ സിനിമയിൽ അഭിനയിക്കാൻ നോക്ക്. ഞാനൊരുപടം ചെയ്യുന്നു. 'ത്യാഗസീമ" താനാണ് നായകൻ."
സത്യൻ ജോലി രാജിവച്ചു. സിനിമാനടനായി. പക്ഷേ ത്യാഗസീമ പുറത്തുവന്നില്ല. എന്നാൽ തുടർന്നിറങ്ങിയ പടങ്ങൾ മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചു. സത്യനെ കടത്തിവെട്ടാൻ മലയാളത്തിൽ മറ്റൊരു നടനില്ലെന്നായി. ഇന്ത്യൻ സിനിമയിലെ ഭാവാഭിനയ ചക്രവർത്തിമാരായ അശോക് കുമാറിനും ശിവാജിഗണേശനും ഒപ്പമെത്തി സത്യൻ. ധാരാളം പടങ്ങളും കൈനിറയെ പണവും.
കൊച്ചുനാരായണൻ എന്ന യുവാവിനോട് താൻ ചെയ്ത ക്രൂരത അത് തീരാത്ത വേദനയായി മനസിൽ കിടന്നു. മരിക്കുന്നതിനൊരു കൊല്ലംമുമ്പ് പതിനായിരം രൂപ പൊതിഞ്ഞു സത്യൻ കൊച്ചുനാരായണന്റെ അടുത്തേക്ക് ഉദയായിലെ ഒരു തൊഴിലാളിയായ ചാക്കുരാഘവനെ പറഞ്ഞയച്ചു. 'കൊച്ചുനാരായണൻ തന്നെ വന്നൊന്നു കാണാൻ." കൊച്ചുനാരായണന്റെ പ്രതികരണമറിഞ്ഞ സത്യൻ നിശബ്ദനായിപ്പോയി. 'ഞാൻ എന്തിനദ്ദേഹത്തെ കാണണം? എനിക്ക് കാണണ്ട."
ഷൂട്ടിംഗില്ലാതിരുന്നൊരു വൈകുന്നേരം ഒരു ഹെറാൾഡ് കാറിൽ സത്യൻ ഉദയായിൽ നിന്നും സദാനന്ദ തണ്ടാരെ കാണാൻ പുറപ്പെട്ടു. കാറിൽ നിന്നിറങ്ങിയതും സത്യനെ ഒരാൾ തിരിച്ചറിഞ്ഞു. സിനിമയിലെ ആ സുപരിചിതവേഷം. കറുത്തഷൂസും, പാൻസും, വെളുത്ത സ്ളാക്ക് ഷർട്ട്, കൂളിംഗ് ഗ്ളാസ്. സാർ ആ സ്കൂളിന്റെ മുറ്റത്ത് കൂടിയിരിക്കുന്ന നാലുപേരിൽ ഒരാൾ കൊച്ചുനാരായണൻ സഖാവാണ്"
'എവിടെ...?"
സത്യൻ നേരെ ആ പഞ്ചാരമണൽപ്പരപ്പിലൂടെ... ഒരു പ്രത്യേക സ്റ്റൈലിൽ കൈവീശി നടന്നുചെന്നു വിളിച്ചു.
'മിസ്റ്റർ കൊച്ചുനാരായണൻ"
വിളികേട്ടില്ലെങ്കിലും അദ്ദേഹം എഴുന്നേറ്റുവന്നു. വല്ലാതെ ക്ഷീണിച്ചിരുന്നു. ക്ഷയരോഗമായിരുന്നു.
'എന്നോട് ക്ഷമിക്കൂ കൊച്ചുനാരായണൻ".
'ഏയ് ക്ഷമാപണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. അങ്ങ് അന്ന് എസ്.ഐ സർ സി.പി. രാമസ്വാമി അയ്യരുടെ ആജ്ഞ അനുസരിക്കാൻ ബാദ്ധ്യസ്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ. അതങ്ങയുടെ തൊഴിൽ. അത് ഭംഗിയായിത്തന്നെ ചെയ്തല്ലോ? എന്നാൽ എന്നെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന് രാജിയില്ല. അവന് ലക്ഷ്യമാണ് പ്രധാനം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ തല്ലുകൊള്ളാം. താഴെ വീഴാം. ചത്തുപോകാം. പക്ഷേ ഞങ്ങൾ ലക്ഷ്യംനേടി. സർ സി.പിയെ ഇവിടുന്ന് കെട്ടുകെട്ടിച്ചില്ലേ? രാജവാഴ്ച അവസാനിപ്പിച്ചില്ലേ?"
'ആൾ റൈറ്റ് "...
അതായിരുന്നു സത്യന്റെ പ്രതികരണം.
(ലേഖകന്റെ ഫോൺ : 9495269297.)