ചൈന, 'യുവാനെ"ന്നെ സ്വന്തം കറൻസിയിലൂടെ ഡിജിറ്റൽ പതിപ്പ് ഇറക്കാനുള്ള യജ്ഞങ്ങളിൽ മുഴുകിയിരിക്കുകയാണ്. ചൈനയുടെ കേന്ദ്ര ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുത്തൻ പണം ആറ് പട്ടണങ്ങളിൽ, പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു. സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം, ഡിജിറ്റൽ പണപ്പെട്ടിയിലേക്ക് അയച്ചും തിരഞ്ഞെടുക്കപ്പെട്ട കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചും ഡിജിറ്റൽ യുവാനെ പ്രവർത്തിപ്പിക്കുന്നു. പേപ്പർ കറൻസി ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ അനുഷ്ഠിക്കാൻ ഇലക്ട്രോണിക് അസ്തിത്വം മാത്രമുള്ള പുതിയ കറൻസിക്ക് കഴിയുമെന്ന ചിന്ത മാത്രമല്ല അതിലേക്ക് ചൈനയെ നയിച്ചത്.അന്താരാഷ്ട്ര ഇടപാടുകൾ തീർപ്പാക്കാനുള്ള മാദ്ധ്യമമായി കൂടി അത് വളർന്നു പന്തലിക്കുമെന്നും, അതുവഴി ലോക കറൻസിയായി വാണരുളുന്ന ഡോളറിന്റെയും അതിന്റെ തമ്പുരാനായ അമേരിക്കയുടെയും അധീശത്വം പൊളിക്കാനും ഹേതുവാകുമെന്ന വിശ്വാസവും ചൈനയെ പ്രേരിപ്പിച്ച ഘടകങ്ങളാകുന്നു.
ചരിത്രം
ഔദ്യോഗിക തലത്തിൽ ഡിജിറ്റൽ കറൻസി ആദ്യമായി ഇറക്കുന്ന രാജ്യം ചൈനയാണെങ്കിലും ലോകത്തെ 80 ശതമാനം രാജ്യങ്ങളും ഈ വഴിക്കുള്ള ആലോചനകളിലാണ്. ഇന്നിപ്പോൾ, ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണ് ഡിജിറ്റൽ കറൻസികൾ പുറപ്പെടുവിക്കാൻ ശ്രമിക്കുന്നതെങ്കിലും, വിപ്ളവകരമായ ഈ സങ്കേതത്തിന് തുടക്കം കുറിച്ചത് സ്വകാര്യ സംരംഭങ്ങളായിരുന്നു. 2008-ൽ ലോകത്തെ ഗ്രസിച്ച കടുത്ത ധനപ്രതിസന്ധി മുന്നേറിയത് കറൻസികളുടെ വിശ്വാസ്യത തകർത്തുകൊണ്ടായിരുന്നു. അവിശ്വാസത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും ഈ നാളുകളിലായിരുന്നു സ്വകാര്യ നിയന്ത്രണത്തിലുള്ള 'ബിറ്റ്കോയിൻ" തുടങ്ങിയുള്ള ഡിജിറ്റൽ കറൻസികൾ ഉദിച്ചുയർന്നത്. 'ഗൂഢ കറൻസികൾ" എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവ, ദേശീയവും അന്തർദേശീയവുമായ ഇടപാടുകൾക്കുള്ള മാദ്ധ്യമമായി പ്രവർത്തിച്ചതിനോടൊപ്പം തന്നെ, ഊഹക്കച്ചവടത്തിന്റെ ഓമനയായും മാറി. ഇതിന് പുറമേ, സ്വകാര്യ സൃഷ്ടിയായതുകൊണ്ടുതന്നെ, ഭീകരപ്രവർത്തനം, കള്ളക്കടത്ത്, കറുത്ത പണത്തിന്റെ വെളുപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കും അവ ഉപയോഗിക്കുന്നതായി പരാതി ഉയർന്നു. ഇതിനാലാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും സ്വകാര്യ ഡിജിറ്റൽ കറൻസികൾക്കുമേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ഡിജിറ്റൽ കറൻസിയുടെ
വാഗ്ദത്ത മേഖലകൾ
1. കൊടുക്കൽ - വാങ്ങൽ വളരെ എളുപ്പമാക്കും.
2. ദൂരദേശത്തേക്കുള്ള പണമയപ്പ് 'ഉടനടി" ക്രമത്തിലും, കുറഞ്ഞ ചെലവിലും നടത്താനാകും.
3. കേന്ദ്ര ബാങ്ക് തന്നെ ഇവയുടെ മൂല്യം സ്വന്തം പേപ്പർ കറൻസിയുമായി ബന്ധിപ്പിക്കുമെന്നതിനാൽ (ഉദാഹരണമായി ചൈനയിൽ ഒരു 'യുവാൻ" = ഒരു യൂണിറ്റ് കറൻസി) 'ഗൂഢ കറൻസികളെ"പ്പോലെ ഊഹക്കച്ചവടത്തിൽ നിക്ഷേപിക്കുന്നതും അതുവഴി അവയുടെ മൂല്യത്തിൽ വൻ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതും ഒഴിവാക്കാനാകുന്നു.
4. പേപ്പർ കറൻസിയുടെ അച്ചടിക്കും, കൊണ്ടെത്തിക്കൽ ചെലവിനുമായി മുടക്കേണ്ടിവരുന്ന വലിയൊരു സംഖ്യ ലാഭിക്കാനാകും. (വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2016 - 17 വർഷത്തിൽ നോട്ടടിച്ചതിന് മാത്രം റിസർവ് ബാങ്കിന് ചെലവായ തുക 7,965 കോടി രൂപയാണ്).
5. ഡിജിറ്റൽ കറൻസികളുടെ നിർമ്മാണവും, സഞ്ചാരപഥങ്ങളും അപ്പപ്പോൾത്തന്നെ 'ബ്ളാക്ക് ചെയിനെ"ന്ന, കേന്ദ്ര ബാങ്കിന്റെ നിയന്ത്രണത്തിലുള്ള, ഡിജിറ്റൽ കണക്ക് പുസ്തകത്തിൽ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുമെന്നതിനാൽ, സർക്കാരിന്റെ ധനസഹായങ്ങളുടെയും, ഫണ്ട് വിന്യാസങ്ങളുടെയും തൽസ്ഥിതി അനുസ്യൂതം നിരീക്ഷിക്കാനും, വേണ്ട ഇടപെടലുകളിലൂടെ അവയുടെ ഉദ്ദിഷ്ടകാര്യ സാദ്ധ്യത ഉറപ്പുവരുത്താനും കഴിയുന്നു.
6. കേന്ദ്ര ബാങ്കിന് സ്വന്തം ധനനയ രൂപീകരണത്തിന് ആവശ്യമായിട്ടുള്ള 'ഡാറ്റ" ശേഖരിക്കാനും ധന നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ, ഇന്നത്തെക്കാൾ മെച്ചപ്പെട്ട രീതിയിൽ, നടപ്പാക്കുന്നതിനും സഹായിക്കും.
7. കള്ളപ്പണത്തിന്റെ നിർമ്മിതി, നികുതി വെട്ടിപ്പ് തുടങ്ങിയവ തടയാനാകും.
ഭയാശങ്കകൾ
1. ഡിജിറ്റൽ പണത്തിന്റെ പ്രവാഹവും, എത്തപ്പെടുന്ന ഇടങ്ങളും കൃത്യമായി അടയാളപ്പെടുത്തുമെന്നതിനാൽ വ്യക്തികളുടെ 'സ്വകാര്യത"യ്ക്ക് ഭംഗം വരുത്തുമെന്ന ആശങ്കയുണ്ട്.
2. സൈബർ തലത്തിൽ നിലനിൽക്കുന്ന പണമായതുകൊണ്ടുതന്നെ, സൈബർ സുരക്ഷയെ ഭഞ്ജിക്കുന്ന കറുത്ത ശക്തികളുടെ ആക്രമണത്തിനിത് ഇരയാകും.