അഞ്ചു വർഷം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായും (എന്റെ ഭാര്യയും മകനും ഭാര്യയുമെല്ലാം 5 വർഷം ഇവിടെ വിദ്യാർത്ഥികളായിരുന്നു) 15 വർഷം അദ്ധ്യാപകനായും 2 മാസം പ്രിൻസിപ്പലായും ഈ കോളേജിൽ പ്രവർത്തിച്ചയാളെന്ന നിലയിലാണ് ഈ കത്തെഴുതുന്നത്. കെ.ആർ. നാരായണൻ, പട്ടം താണുപിള്ള, സി. കേശവൻ, കെ. ബാലകൃഷ്ണൻ, എം.എസ്. മണി, സി.പി. നായർ തുടങ്ങി ആയിരക്കണക്കിന് മഹത് വ്യക്തിത്വങ്ങളുടെ മാതൃകലാലയമാണ് യൂണിവേഴ്സിറ്റി കോളേജ്. ഈ കലാലയത്തിന് കളങ്കം ചാർത്തുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലുണ്ടായി. അതിൽ പരിതപിക്കുന്നവരാണ് ഞാനും എന്നെപ്പോലുള്ളവരും. കലാലയത്തിന് കളങ്കം വരുത്തുന്നവരാണ് സംഭവങ്ങൾ വാർത്താ പ്രാധാന്യത്തോടെ നൽകുന്നതിൽ കേരളകൗമുദി സജീവമായി ഇടപെടണം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ എൻ.ഐ.ആർ.എഫിന്റെ റാങ്കിംഗിൽ കേരള സർവകലാശാല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിറുത്തിയെന്ന വാർത്തയ്ക്കും മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയില്ല. യൂണിവേഴ്സിറ്റി കോളേജ് രാജ്യത്തെ നൂറുകണക്കിന് കോളേജുകളുടെ കൂട്ടത്തിൽ 23-ാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നിലനിറുത്തിയത് വലിയ സംഭവമല്ലേ. കേരളകൗമുദി ഈ കാര്യങ്ങളിൽ നല്ല പ്രാധാന്യം നൽകുമെന്നാണ് 65 വർഷമായി കേരളകൗമുദി വായിക്കുന്ന എന്റെ പ്രത്യാശ.
യൂണിവേഴ്സിറ്റി കോളേജിന്റെ കുറ്റവും കുറവും പ്രാധാന്യത്തോടെ നൽകുന്നപോലെ തന്നെ ഈ കോളേജിന്റെ യശസ്സ് വർദ്ധിപ്പിക്കുന്ന സംഭവങ്ങൾക്കും അർഹമായ പ്രാധാന്യം നൽകണം.
പ്രൊഫ. (ഡോ.) കെ. സുകുമാരൻ, മുൻ പ്രിൻസിപ്പൽ, ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം.