കൊവിഡ് - 19 ഏറ്റവും വലിയ മഹാമാരിയായി തീർന്നിരിക്കുന്ന ഈ സമയത്ത് കെ.എസ്.ഇ.ബിയുടെ പകൽക്കൊള്ള ക്രൂരമായിപ്പോയി.
ഞാൻ ഒരിടത്തരം കുടുംബാംഗമാണ്. എനിക്ക് ഈ മാസം വന്നിരിക്കുന്നത് 5376 രൂപയുടെ കറണ്ട് ബിൽ ആണ്. ഓഫീസിൽ തിരക്കിയപ്പോൾ ഇക്കഴിഞ്ഞ 4 മാസത്തെ ബില്ലാണത്രേ. കൊവിഡ് കാലത്തെ ബിൽ വരാത്തതിനാൽ മേയ് 18ന് 2350 രൂപ ഓൺലൈനായി അടച്ചിരുന്നു.
എന്നാൽ ഇതൊന്നും നോക്കാതെ, കൊവിഡ് കാലത്തെ 4 മാസത്തെ മൊത്തം യൂണിറ്റ് നോക്കി അതിനെല്ലാം ഉയർന്ന റേറ്റായ 5 രൂപ 80 പൈസ യൂണിറ്റിന് കണക്കാക്കിയാണ് ബില്ല് തന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് തിരക്കിയപ്പോൾ എല്ലാവർക്കും ഈ രീതിയിലാണ് ബിൽ നൽകിയതെന്ന് പറഞ്ഞു. കൊവിഡിന്റെ ഭീതിയിൽ ജനങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. സാമ്പത്തികമായി വളരെ തകർന്നിരിക്കുന്ന ഈ സമയത്ത് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്നു പറയുന്ന പോലെയാണ് കെ.എസ്.ഇ.ബിയുടെ പീഡനവും.
ബി.എസ്. രമേശൻ
നന്ദിയോട്