ഗൾഫ് നാടുകളെ ഇന്ന് കാണുന്ന ആധുനിക നഗരങ്ങളാക്കി മാറ്റിയത് ദശാബ്ദങ്ങളായി അവിടെ കുടിയേറിയ പ്രവാസികളാണ്. ഇതിൽ ഏറെയും കേരളത്തിൽ നിന്നും ഉള്ളവർ. ഇതിൽ പലരും ഇപ്പോൾ എന്നെന്നേക്കുമായി വിട പറയുന്നു.
ഗൾഫിലെ രാജാക്കന്മാർ അവരുടെ രാജ്യം പടുത്തുയർത്തുന്നതിന് പ്രധാനമായും ആശ്രയിച്ചത് അന്യനാടുകളിൽ നിന്നെത്തിയവരെയാണ്. ഇതിൽ തൊഴിലാളികളുണ്ട്, എൻജിനിയർമാരുണ്ട്,ഡോക്ടർമാരുണ്ട്, വിവിധ മേഖലകളിൽ തൊഴിൽ നൈപുണ്യം നേടിയവരുണ്ട്, ലോകത്തിന്റെ മിക്ക രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ഉറക്കം തൂങ്ങിനിന്നിരുന്ന മരുഭൂമിയിലെ ഗ്രാമങ്ങളെ ഉണർത്തിയത് ഇവരാണ്. പെട്രോൾ പണം ശമ്പളമായി ഇവരിലേക്കും ഒഴുകി.
ദുബായിലെ മൊത്തം ജനസംഖ്യയുടെ 90 ശതമാനവും അന്യരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്.
യു.എ.ഇയിൽ കൊവിഡ് അനന്തര ഘട്ടത്തിൽ 90,00,000 ജോലി അവസരം നഷ്ടമാവുമെന്ന് ഒാക്സ്ഫഡ് ഇക്കണോമിക്സ് കണക്ക് കൂട്ടുന്നു. വിമാനങ്ങളിൽ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ഫലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങുന്ന വാർത്തയാണ് ഇപ്പോൾ അവിടത്തെ പത്രങ്ങളിൽ നിറയെ.
ഗൾഫിൽ നിന്ന് മദ്ധ്യവർഗത്തിൽപ്പെട്ടവർ ഇങ്ങനെ കൊഴിഞ്ഞുപോയാൽ സാമ്പത്തികരംഗം ആകെ തകരാറിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ റയാൻ ബോഹൽ പറയുന്നു. 'ജനങ്ങൾ വിട്ടുപോകുമ്പോൾ ഹോട്ടലുകൾ, സ്കൂളുകൾ, സ്റ്റേഷനറി കടകൾ തുടങ്ങിയവ നടത്തിയിരുന്നവർക്ക് നഷ്ടം നേരിടേണ്ടിവരും. സർക്കാർ അടിയന്തരസഹായം നൽകിയില്ലെങ്കിൽ അവരും ബിസിനസ് വിട്ട് നാട്ടിലേക്ക് മടങ്ങും."
കൊവിഡിന്റെ ഭീഷണിയിൽ 100 കോടി തൊഴിലാളികൾ ജോലി നഷ്ടമോ ശമ്പളം വെട്ടികുറയ്ക്കലോ നേരിടേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര ലേബർ ഒാർഗനൈസേഷൻ പറയുന്നത്.
ദുബായിൽ പ്രധാന വരുമാന മാർഗം ടൂറിസമാണ്. ജനങ്ങൾ അവിടെനിന്ന് പോകുകയും ആരും അങ്ങോട്ട് കുറച്ച് നാളെത്തേക്കെങ്കിലും വരാതിരിക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിതി തകരാറിലാകും. അന്യനാട്ടുകാർ പോകുന്നത് ഒഴിവാക്കാനും ചില ഗൾഫ് രാജ്യങ്ങൾ റസിഡൻസ് വിസ പുതുക്കി നൽകുക, വർക്ക് പെർമിറ്റ് ഫീസ് ഒഴിവാക്കുക തുടങ്ങിയ നടപടികൾ എടുത്തുവരുന്നു.
പലരെയും ദുബായ് വിടാൻ പ്രേരിപ്പിക്കുന്നത് അവിടത്തെ ഉയർന്ന ജീവിതച്ചെലവാണ്. ഒാരോവർഷം കഴിയുന്തോറും വാടക, മറ്റു ചെലവുകൾ എന്നിവ കൂടി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ട്യൂഷനും വൻ തുകയാണ് രക്ഷിതാക്കൾക്ക് ചെലവഴിക്കേണ്ടിവരുന്നത്. ശമ്പള വരുമാനം കുറഞ്ഞാൽ പലർക്കും കുടുംബ സമേതം കഴിയുന്നത് ഒഴിവാക്കാതെ പറ്റില്ല. ദുബായ് സ്കൂളുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ കുറവ് പ്രതീക്ഷിക്കുന്നതായി ദുബായ് എഡ്യൂക്കേഷണൽ മേഖലയിൽ പണം മുടക്കുന്നവരെ ഉപദേശിക്കുന്ന എം.എം.കെ കാപ്പിറ്റൽ എന്ന കമ്പനിയുടെ ഉടമകളിലൊരാളായ മഹ്ദി മത്തർ പറഞ്ഞു. അതുപോലെ വിദ്യാഭ്യാസം ഒാൺലൈനായപ്പോൾ ഗസ്റ്റ് ലക്ചററായി കരാർ ജോലികളിൽ ഏർപ്പെട്ടിരുന്ന നിരവധിപേർക്ക് ജോലി പോയി.
ദുബായിൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ മാളുകളും ആഡംബര കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഭാവി അനിശ്ചിതത്വത്തിലാണ്.
ദുബായ് പഴയ മട്ടിലേക്ക് മടങ്ങാൻ സമയമെടുക്കും.എമിറേറ്റ്സ് എന്ന വമ്പൻ ബിസിനസ് ഗ്രൂപ്പ് 30,000 ജോലിയാണ് വെട്ടി കുറച്ചത്. ദുബായ് ഹോട്ടലുകളും 30 ശതമാനം ജീവനക്കാരെ കുറച്ചു.