കൊവിഡ് മഹാമാരി ലോകം കീഴടക്കുമ്പോൾ പലതും നാം അറിയേണ്ടിയിരിക്കുന്നു. ലോകത്തിന്റെ തന്നെ അധിപൻമാരായിരുന്നവരും ഇപ്പോൾ ആണെന്ന് വിശ്വസിക്കുന്നവരുമായവർ ഈ മഹാമാരിക്കു മുമ്പിൽ മുട്ടുകുത്തി. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴമൊഴി മാറേണ്ട കാലമായി .
ചാൾസ് ഡാർവിൻ എന്ന പ്രകൃതി ശാസ്ത്രജ്ഞന്റെ വരികൾ ഇങ്ങനെ, ''ഏറ്റവും ബലവാനോ ഏറ്റവും ബുദ്ധിമാനോ അല്ല അതിജീവിക്കുന്നത്. എന്നാൽ മാറ്റത്തോട് അനുകൂലമായി പ്രതികരിക്കുന്നവരാണ്" ഈ വരികളെ അന്വർത്ഥമാക്കുന്നതാണ് ഇന്നത്തെ സാഹചര്യങ്ങൾ.
മികച്ച വിദ്യാഭ്യാസത്തിനായി നാം വിദേശ രാജ്യങ്ങളിലേക്ക് പായുമ്പോൾ ചിന്തിക്കുക ഈ മികച്ച വിദ്യാഭ്യാസത്തിന്റെ നിർവചനം എന്തായിരിക്കണം.
വിദേശം എന്ന വാക്കിനോട് നമുക്കുള്ള പ്രണയം വളരെ വലുതാണ്. പാശ്ചാത്യ ചിന്തകളോടും പ്രവൃത്തികളോടും പ്രണയം തോന്നുമ്പോൾ ഇരുന്നു ചിന്തിക്കുക, നമ്മുടെ ദേശത്തിന്റെ നന്മകളെക്കുറിച്ച് 'നമ്മുടെ ദേശത്തിന്റെ ഇതുവരെ ആരും കടക്കാൻ ശ്രമിക്കാത്ത ഊർജ്ജ സ്രോതസുകളെക്കുറിച്ച്". രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയവും സ്വയം പര്യാപ്ത രാജ്യം എന്നതായിരുന്നല്ലോ.
വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നത സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നത് തെറ്റല്ല. എന്നാൽ നമ്മുടെ സംസ്കൃതിയുടെ നന്മകളും മേന്മകളും ഉൾക്കൊള്ളാനും നമുക്ക് സാദ്ധ്യമാകണം. അനുകരണം ഒരു ഫാഷനായി കൊണ്ടുനടക്കുന്നത് നാം നമ്മോടു തന്നെ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്.
'സ്വയം പര്യാപ്തത" എന്ന ആശയം നമ്മൾ അന്വർത്ഥമാക്കണം. ആർഷ ഭാരതത്തിന്റെ സംസ്കൃതിയും ധാർമ്മികതയും എന്നും നമ്മൾ കാത്തുസൂക്ഷിക്കുന്നതിനൊപ്പം കാർഷിക സ്വയംപര്യാപ്തത കൈവരിക്കേണ്ടതുമുണ്ട്. അതിനായി നാം സമൂലമായി മാറണം. നമ്മുടെ പഠനങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എന്നിവ കാലക്രമത്തിൽ ഈ വിഷയം ഗൗരവമായി കാണുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം.
(ചെമ്പഴന്തി എസ്.എൻ കോളേജിലെ അസിസ്റ്റന്റ്
പ്രൊഫസറാണ് ലേഖിക)