ജൂൺ രണ്ടാം വാരം കടക്കുമ്പോൾ, തൃശൂരിൽ കൊവിഡ് പിടിപെട്ടവർ 179, ചികിത്സയിൽ 126, മരണം മൂന്ന്. ജനങ്ങളും ആരോഗ്യപ്രവർത്തകരും വൈറസിന്റെ പടയോട്ടം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുമ്പോഴാണ് ഉറവിടം കണ്ടെത്താനാവാതെ രോഗം പിടിപെടുന്നുവെന്ന ഭീതിയും ഉയരുന്നത്. ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതോടെ, ആരോഗ്യവകുപ്പിൻ്റെ തല പുകഞ്ഞു. സമ്പർക്കത്തിലൂടെ പകരാനുളള യാതൊരു വഴിയും കാണുന്നില്ല. വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ ഉളളവരുമായി ഇടപഴകിയിട്ടുമില്ല. നാട്ടിലും ഇൗ ഭീകരൻ പൊട്ടിമുളച്ചോ എന്ന് ചോദിച്ചാണ് നാട്ടുകാരും ആശങ്കപ്പെടുന്നത്.
ഇൗ മാസത്തിലെ ആദ്യ ആഴ്ചയാണ് നിയന്ത്രണച്ചരട് പൊട്ടിച്ച് കൊവിഡ് താണ്ഡവമാടിയത്. 100 പേരുടെ രോഗസ്ഥിരീകരണം. സംസ്ഥാനത്ത് ഏറ്റവും രോഗികളുളള മൂന്ന് ജില്ലകളിൽ ഒന്നായി അതോടെ തൃശൂർ മാറി. ഇതിനിടെ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കൊവിഡ് ബാധിച്ച് മരിക്കുന്നു. അദ്ദേഹവുമായി ഐസൊലേഷൻ വാർഡിലും മറ്റും ഇടപെട്ട ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരടക്കം 40 പേർ നിരീക്ഷണത്തിലാവുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ ഒരു കുടുംബത്തിലെ 8 പേർക്കും രോഗം. മാലദ്വീപിൽ നിന്നെത്തിയ അദ്ധ്യാപകൻ 41 വയസുകാരൻ ഡിന്നി ചാക്കോയും മരണത്തിന് കീഴടങ്ങുന്നു. തൃശൂരിന്റെ ഉറക്കം കളഞ്ഞ ദിനങ്ങൾ...
രാജ്യത്തെ ആദ്യ കൊവിഡ് സ്ഥിരീകരിച്ച ജില്ലയിൽ മാർച്ചിലും ഏപ്രിലിലുമെല്ലാം രോഗം നിയന്ത്രണവിധേയമായിരുന്നു. ഒരു മാസത്തിലേറെക്കാലം രോഗബാധിതരില്ലായിരുന്നു. ഗ്രീൻ സോണിലായിരുന്നതിനാൽ സുരക്ഷിത ജില്ലകളിലൊന്നായി. അന്യസംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും മലയാളികൾ തിരിച്ചെത്തിയതോടെ കൊവിഡ് ഗ്രാഫ് കുതിച്ചുയരുകയായിരുന്നു.
വുഹാൻ
വൈറസും
മുംബെ കൊവിഡും
ജനുവരി 30. ചൈനയിലെ വുഹാനിൽനിന്ന് കേരളത്തിലെത്തിയ തൃശൂർ സ്വദേശിയായ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രാജ്യം ഞെട്ടി, ആദ്യമായി മഹാമാരിയുടെ വൈറസ് ഇന്ത്യയിലെത്തിയിരിക്കുന്നു. കേരളത്തെ ഉത്കണ്ഠകളോടെയും ഭീതിയോടെയും മറ്റെല്ലാ സംസ്ഥാനങ്ങളും നോക്കിക്കണ്ട ദിനം. 112 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വൈറസ് ബാധിതർ ഒന്നേകാൽ ലക്ഷത്തിനടുത്തായി. മരണം 3500 കവിഞ്ഞു. അപ്പോൾ തൃശൂരിൽ രോഗികൾ പതിമൂന്ന് പേർ മാത്രം. അങ്ങനെ ആശ്വസിച്ചിരിക്കുമ്പോഴാണ് മുംബെയിൽ നിന്നെത്തിയ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയുടെ(73) മരണം. തൃശൂരിലെ ആദ്യ കൊവിഡ് മരണം, കേരളത്തിലെ നാലാമത്തേതും. അതെ, മൂന്ന് മാസങ്ങൾക്കു ശേഷം തൃശൂരിൽ വീണ്ടും ഭീതി.
മൂന്നു മാസം മുമ്പ് മുംബയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു ഖദീജക്കുട്ടി. വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു അവർക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിക്കുന്ന മുംബയിൽ നിന്നാണ് കൊവിഡ് ബാധ ഉണ്ടായത്. ഇവർ യാത്ര ചെയ്തത് കാറിലാണ്. ഒപ്പം വന്ന മൂന്ന് ബന്ധുക്കൾ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഭീതിയും ആശങ്കയുമുണ്ടായി. 32 ദിവസം രോഗികളില്ലാതെ ഗ്രീൻ സോണിലായിരുന്നു ജില്ല. പ്രവാസികളും അന്യസംസ്ഥാനങ്ങളിലുളളവരും മടങ്ങിയെത്തിയതോടെയാണ് വൈറസ് വാഹകർ കൂടിയത്.
പ്രയോഗവും
യോഗവും
കൊവിഡ് പ്രതിരോധത്തിൻ്റെ പ്രോട്ടോകോൾ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് തൃശൂരിലായിരുന്നു. അതും യുദ്ധകാലവേഗത്തിൽ. വുഹാനിൽ നിന്ന് ജനുവരി 24ന് വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനി മൂന്ന് ദിവസത്തിന് ശേഷം രോഗലക്ഷണം കാണിച്ചുതുടങ്ങിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചിരുന്നു. അന്നാണ് സംസ്ഥാനത്തെ ആരോഗ്യരംഗം ഉണർന്ന് സജീവമായത്. ആ പ്രയോഗം ഫലം കണ്ടു. ഫെബ്രുവരി 20ന് പെൺകുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. ജനുവരി 30 മുതൽ മാർച്ച് ഒന്നുവരെ മൂന്ന് പേർക്കാണ് കേരളത്തിൽ കൊവിഡ് ബാധിച്ചത്. മൂന്ന് പേരും ചൈനയിൽ നിന്ന് വന്നവരായിരുന്നു. മാർച്ച് 28നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. അപ്പോഴെല്ലാം സുരക്ഷിതമായിരുന്ന തൃശൂർ, ഇൗ ഇടവപ്പാതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്.