തിരുവനന്തപുരം: ജൂൺ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശനെ സ്രവപരിശോധനയ്ക്ക് വിധേയമാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. മേയ് 23നും ജൂൺ 10നും ജനറൽ ആശുപത്രിയിലും ജൂൺ 11ന് മെഡിക്കൽകോളേജിലും ശ്വാസതടസത്തിന് ചികിത്സ തേടിയെങ്കിലും കൊവിഡ് പരിശോധന നടത്തിയില്ല. 12ന് മരിക്കുകയും ചെയ്തു. മരണം ഉറപ്പാക്കുന്നതിന് ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ മാത്രമാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതുമൂലം ഇയാളിൽ നിന്ന് നിരവധിപേർക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടായിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവരെപ്പോലും പരിശോധനയ്ക്ക് വിധേയമാക്കാത്ത ആരോഗ്യവകുപ്പിന്റെ നടപടിയാണ് ഇതിനുകാരണമെന്നും എം.എൽ.എ പറഞ്ഞു.