നാടെങ്ങും കൊവിഡ് ഭീതിയിലാണ്. കോടതികളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ സോപ്പിട്ടു കൈ കഴുകി കൊറോണയെ തോൽപ്പിക്കുന്ന തം കോടതിയോടു പറ്റില്ലല്ലോ ? അത്തരം രണ്ടു വിധികളെക്കുറിച്ചാണ് ഇത്തവണ പറയുന്നത്. ആദ്യത്തെ സംഭവം പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ നിന്നാണ്. രണ്ടാം സംഭവം കേരള ഹൈക്കോടതിയിൽ നിന്നും.
ഫോട്ടോ നൽകിയ
എട്ടിന്റെ പണി
കൊവിഡ് ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ കോടതികളെല്ലാം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കേസുകൾ പരിഗണിക്കുന്നത്. പുറത്തേക്കിറങ്ങാൻ കഴിയാത്ത തരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണമുണ്ടെങ്കിലും പ്രണയത്തെത്തുടർന്നുള്ള ഒളിച്ചോട്ടങ്ങൾക്കും ഇവരെ കണ്ടെത്താനുള്ള ഹേബിയസ് കോർപ്പസ് ഹർജികൾക്കും ഒരു കുറവുമുണ്ടായിട്ടില്ല. അത്തരമൊരു കേസ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ഹരിപാൽ വർമ്മയുടെ ബെഞ്ചിൽ അടുത്തിടെ വന്നു. പ്രായപൂർത്തിയായ കമിതാക്കൾ. അവർ ഒളിച്ചോടി വിവാഹം കഴിച്ചു. പക്ഷേ ബന്ധുക്കൾ വിടുന്ന മട്ടില്ല. ഇരുവരെയും വേർപെടുത്തുമെന്ന് ഭീഷണി. നവദമ്പതികൾ ഗുർദാസ്പൂരിലെ സീനിയർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. മേയ് 23 ന് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. ബന്ധുക്കൾ ഭീഷണിയുമായി പിന്നാലെ. അങ്ങനെയാണ് അവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഇരുവർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു. ഇനിയാണ് ട്വിസ്റ്റ്. കല്യാണം നടന്നെന്ന് തെളിയിക്കാൻ ഹർജിക്കാർ കല്യാണച്ചടങ്ങിന്റെ ഫോട്ടോ തെളിവായി ഹാജരാക്കിയിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ ഫോട്ടോയിലൂടെ കോടതി കണ്ണോടിച്ചു. കല്യാണച്ചടങ്ങിൽ പങ്കെടുത്ത ഒരാളും മാസ്ക് ധരിച്ചിട്ടില്ല. കൊവിഡ് വ്യാപന ഭീതി നിലവിലുള്ള സാഹചര്യത്തിൽ ഒരാളു പോലും മാസ്ക് ധരിക്കാതെ ഒരു കല്യാണച്ചടങ്ങ്. ഒട്ടും വൈകിയില്ല, പൊലീസ് സംരക്ഷണ ഉത്തരവിന്റെ കൂടെ ഒന്നു കൂടി എഴുതിച്ചേർത്തു. ഹർജിക്കാരായ ദമ്പതികൾ 10,000 രൂപ പിഴയായി ഹോഷിയാപൂരിലെ ഡെപ്യൂട്ടി കമ്മിഷണർ മുമ്പാകെ 15 ദിവസത്തിനുള്ളിൽ കെട്ടിവെക്കണം. കഴിഞ്ഞില്ല, ഇൗ തുക ഹോഷിയാപൂരിലെ പരമാവധി ജനങ്ങൾക്ക് മാസ്ക് വാങ്ങി നൽകാനായി വിനിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ്
ടെസ്റ്റും കടന്ന്
കുഞ്ഞിനെ താല്കാലികമായി വിട്ടു കിട്ടാൻ കൊവിഡ് ഭീഷണി മറികടക്കേണ്ടി വന്ന പ്രവാസിയായ ഒരമ്മയുടെ അനുഭവമാണിത്. സൗദിയിൽ ജോലി നോക്കിയിരുന്ന അമ്മ കഴിഞ്ഞ മാർച്ച് ഏഴിന് നാട്ടിലെത്തി. അകന്നു കഴിയുന്ന ഭർത്താവിൽ നിന്ന് കുട്ടിയെ വിട്ടു കിട്ടാൻ അമ്മ നൽകിയ ഹർജിയിൽ എതിർകക്ഷികൾ ഉന്നയിച്ച വാദം ഹർജിക്കാരി നാട്ടിൽ തിരിച്ചെത്തിയിട്ട് ഇതുവരെ കൊവിഡ് പരിശോധന നടത്തിയില്ലെന്നായിരുന്നു. ഇവർക്ക് കൊവിഡ് രോഗമുണ്ടെങ്കിൽ കുട്ടിയുടെ ആരോഗ്യം അപകടത്തിലാവുമെന്ന എതിർ കക്ഷികളുടെ വാദം അംഗീകരിച്ച് കുടുംബ കോടതി ഹർജി തള്ളി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറി സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ ഹർജിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് കുടുംബ കോടതി ഹർജി നിരസിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം കുടുംബക്കോടതി പിന്നീട് അടച്ചതോടെ കൊവിഡ് ബാധയില്ലെന്ന് തെളിയിച്ച് കുട്ടിയെ വീണ്ടെടുക്കാൻ ഹർജിക്കാരിക്ക് കഴിയാത്ത സ്ഥിതിയായി. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് ഭീഷണിയെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഹർജിക്കാരി കൊവിഡ് ടെസ്റ്റ് നടത്തിയില്ലെന്ന വാദമാണ് ഇവിടെയും എതിർ കക്ഷികൾ ഉന്നയിച്ചത്. തുടർന്ന് ഹർജിക്കാരിയുടെ ചെലവിൽ കൊവിഡ് ടെസ്റ്റ് നടത്താൻ ഹൈക്കോടതി തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. തൊടുപുഴ ആശുപത്രിയിൽ നടത്തിയ ടെസ്റ്റിൽ ഹർജിക്കാരിക്ക് കൊവിഡ് രോഗമില്ലെന്ന് തെളിഞ്ഞു. തുടർന്ന് കുട്ടിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.