
കൊവിഡ് പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് ഭീതിജനകമാം വിധം ഉയരുമ്പോൾ കൊല്ലം ജില്ലയിലും അതിന്റെ അനുരണനങ്ങളുണ്ടായി. അപൂർവം കൊവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന കൊല്ലത്ത് ഒറ്റദിവസം 19 പേർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. തുടർന്നുള്ള ദിവസങ്ങളിലും അഞ്ചും ആറും പോസിറ്റീവ് കേസുകൾ വീതം ഉണ്ടാകുന്നു. ലോക്ക്ഡൗൺ ഇളവുകളിൽ സാമൂഹിക അകലം പോലും മറന്ന് കടകളിലും മാർക്കറ്റുകളിലും ഓഫീസുകളിലും ജനം തിക്കിത്തിരക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവ് കേസുകളും ക്രമാതീതമായി ഉയരുന്നത്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഇതുവരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് മാത്രമാണ് സജ്ജമാക്കിയിരുന്നത്. എന്നാൽ കൂടുതൽ രോഗികൾ വരാനുള്ള സാദ്ധ്യത മുന്നിൽകണ്ട് കൊല്ലം ജില്ലാ ആശുപത്രി കൂടി ജൂൺ 20 മുതൽ കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ചു. ഇതിനു മുൻപ് മുഴുവൻ രോഗികളെയും ആശുപത്രിയിൽ നിന്ന് മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട 5 സ്പെഷ്യാലിറ്റി വിഭാഗം ഒഴികെയുള്ള ഡോക്ടർമാരെയും ഒരുവിഭാഗം പാരാമെഡിക്കൽ ജീവനക്കാരെയും ജില്ലയിലെ മറ്റു താലൂക്കാശുപത്രികളിലേക്ക് മാറ്റും. ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതോടെ ഇവിടെ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ഇനി എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു.
ഒറ്റ ദിവസം രണ്ട് കൊലപാതകം,
രണ്ട് ആത്മഹത്യ
ഒരേ ദിവസം രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യകളും. അടുത്ത ദിവസം മറ്റൊരു കൊലപാതകം. രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യകളും നടന്ന കഴിഞ്ഞ ബുധനാഴ്ചയാണ്. ജില്ലയ്ക്ക് കറുത്തദിനമായത്. ലോക്ക് ഡൗൺകാലത്ത് കുറ്റകൃത്യങ്ങൾ നന്നെ കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന ജില്ലാ നിവാസികൾക്ക് ഇളവുകൾ അനുവദിച്ചതോടെ കുറ്റകൃത്യങ്ങൾ പലിശയും ചേർത്ത് നടക്കുന്നതിന്റെ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ദാരുണവും ക്രൂരവുമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുമ്പെയാണ് വീണ്ടും കൊലപാതകങ്ങൾ നടുക്കുന്നത്. അഞ്ചൽ ഏറത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവം കേരളമാകെ ചർച്ചയാകുന്നതിനിടെയാണ് അഞ്ചലിൽ തന്നെ മറ്റൊരു കൊലപാതകം നടന്നത്. അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സജിനിയാണ് (24) ഭർത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സജിനിക്ക് ഭർത്താവ് സുനിലിന്റെ മർദ്ദനമേറ്റത്. ഭാര്യ മരിച്ച വിവരം സുനിൽ അറിയുന്നത് ബുധനാഴ്ച പുലർച്ചെയാണ്. മനോവിഷമത്തിൽ അയാൾ രാവിലെ ഏഴോടെ തൂങ്ങിമരിക്കുകയായിരുന്നു.
കൊല്ലം കടപ്പാക്കടയിൽ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച വാർത്ത കേട്ടാണ് ബുധനാഴ്ച കൊല്ലം ഉണർന്നത്. കിളികൊല്ലൂർ എസ്. വി ടാക്കീസിനു സമീപം കോതേത്ത് നഗർ 51 ൽ കിച്ചു എന്ന ഉദയകിരണാണ് (25) കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിൽ. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഉദയകിരണിന്റെ കൊലയ്ക്ക് പിന്നാലെ ഒരു സംഘമാളുകൾ മൊട്ട വിഷ്ണുവിന്റെ വീടാക്രമിച്ചു. പിന്നാലെ മറ്റൊരു സംഘം ഉദയകിരണിന്റെ സുഹൃത്തിനെയും ആക്രമിച്ചു.
അന്ന് ഉച്ചയോടെയാണ് പരവൂർ പൂതക്കുളത്ത് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ പൂതക്കുളം പന്നിവിള കിഴക്കതിൽ സത്യവതി (50) ബാങ്കിനകത്ത് വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ജോലിയിൽ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മാഹൂതി.
അടുത്ത ദിവസമാണ് (ജൂൺ 4) കൊല്ലം അഞ്ചാലുംമൂട്ടിൽ വീട്ടിൽ അത്താഴം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ സുഹൃത്ത് വിളിച്ചിറക്കി അടിച്ചുകൊന്നത്. കുരീപ്പുഴ തണ്ടേക്കാട് കോളനി കലാരഞ്ജിനി നഗർ 147 ൽ മാർസലിന്റെ മകൻ ജോസ് മാർസലാണ് (35) കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ശിവപ്രശാന്ത് അഞ്ചാലുംമൂട് പൊലീസിൽ കീഴടങ്ങി. നിർമ്മാണ തൊഴിലാളികളായ ഇരുവരും മദ്യപിച്ച ശേഷം ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ട്രോളിംഗ്
നിരോധനം
തുടങ്ങി
52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നതോടെ മത്സ്യമേഖലയിൽ ആരവമൊഴിഞ്ഞു. കടൽ ഇളക്കി മറിച്ചുള്ള മത്സ്യബന്ധനത്തിനാണ് താത്ക്കാലിക വിരാമം. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മൺസൂൺകാല ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കൊല്ലത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിൽ ട്രോളിംഗ് ബോട്ടുകൾക്ക് വിശ്രമകാലമാണ്. ജില്ലയിൽ 2500 ലധികം ട്രോളിംഗ് ബോട്ടുകളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറ്റവുമധികം ബോട്ടുകളുള്ള ശക്തികുളങ്ങരയിൽ ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റി. കൊവിഡുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണായിരുന്നതിനാൽ രണ്ട്മാസത്തോളം മത്സ്യബന്ധന മേഖലയിൽ വറുതിയുടെ കാലമായിരുന്നു. പിന്നാലെ വന്ന ട്രോളിംഗ് നിരോധനം കൂടിയായതോടെ മേഖല കൂടുതൽ വറുതിയിലാകുമെന്നാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇനിയുള്ള ദിവസങ്ങൾ പരമ്പരാഗത മത്സ്യതൊഴിലാളികൾ മാത്രമാകും കടലിലേക്ക് പോകുക.
ഇളവുകളിൽ ജനജീവിതം
തളിർക്കുന്നു
ലോക്ക്ഡൗൺ ഇളവുകൾ കൂടുതൽ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്കെത്തി.
പൊതുഗതാഗതം സാധാരണ നിലയിലാകുകയും ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും പൂർണമായും തുറക്കുകയും ചെയ്തതോടെ പൊതുഇടങ്ങളിൽ തിരക്കേറി. കൊവിഡ് കേസുകൾ കൂടുതലായി വരുന്നതിന്റെ അപകടം നിലനിൽക്കുന്നുവെങ്കിലും സാമൂഹിക അകലം പാലിയ്ക്കുന്നതിലും മാസ്ക്ക് ധരിയ്ക്കുന്നതിലും ജനങ്ങൾ വിമുഖതകാട്ടുന്നതിലെ ആശങ്കയും നിലനിൽക്കുന്നുണ്ട്. കൊവിഡ് സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങൾ ഇതുവരെ കണ്ടുതുടങ്ങിയില്ലെന്നത് മാത്രമാണ് താത്ക്കാലികമായ ആശ്വാസം നൽകുന്നത്.
കാലവർഷം കനത്തു
കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെങ്ങും കനത്ത നാശനഷ്ടമുണ്ടായി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാൽ മരങ്ങൾ കടപുഴകുന്നതും കാർഷികവിളകൾ നശിക്കുന്നതും കെടുതികളുടെ തോതുയർത്തുന്നു. മരച്ചില്ലകൾ വീണ് വൈദ്യുതി തടസ്സവും വ്യാപകമാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യു വകുപ്പ് അധികൃതർ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.