ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ഇന്ന് തിരികെയെത്തും
ലണ്ടൻ : ജർമ്മനിയിലും ഇറ്റലിയിലും സ്പെയിനിലും കളി തുടങ്ങിയതിന് പിന്നാലെ ഇന്ന് മുതൽ വീണ്ടും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിലും പന്തുരുണ്ടു തുടങ്ങും.
കൊവിഡിനെ തുടർന്ന് മൂന്നുമാസമായി നിറുത്തിവച്ചിരുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് ആസ്റ്റൺ വില്ലയും ഷെഫീൽഡ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് പുനരാരംഭിക്കുക. ആസ്റ്റൺ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാർക്കിൽ കാണികളില്ലാതെയാണ് മത്സരം നടക്കുക.
പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള പോരാട്ടവും ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 12.45 നാണ് സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഈ മത്സരം തുടങ്ങുന്നത്. 30 വർഷത്തിന് ശേഷമുള്ള ആദ്യ ഫസ്റ്റ് ഡിവിഷൻ കിരീടത്തിനായി കാത്തിരിക്കുന്ന ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള മത്സരം നിർണായകമാണ്. ഈ മത്സരത്തിൽ ആഴ്സനൽ ജയിക്കുകയാണെങ്കിൽ ലിവർപൂളിന് മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ എവർട്ടണെ കീഴടക്കി കിരീടത്തിൽ മുത്തമിടാം. ഞായറാഴ്ചയാണ് ലിവർപൂളും എവർട്ടണും തമ്മിലുള്ള മത്സരം.
ജർമ്മൻ കോച്ച് യൂർഗൻ ക്ളോപ്പിന് കീഴിൽ ഉജ്വല പ്രകടനം നടത്തിവന്ന ലിവർപൂൾ ഈ സീസണിലെ 29 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാംസ്ഥാനക്കാരായ സിറ്റിക്ക് 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റേയുള്ളൂ. 25 പോയിന്റിന്റെ ലീഡാണ് ക്ളോപ്പിന്റെ കുട്ടികൾക്കുള്ളത്.
പ്രിമിയർ ലീഗിലെ പ്രമുഖ ക്ളബുകളൊക്കെ വരും ദിനങ്ങളിൽ കളിക്കളത്തിലിറങ്ങുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വെള്ളിയാഴ്ച രാത്രി ടോട്ടൻഹാമുമായാണ് മടങ്ങിവരവിലെ ആദ്യ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ കോച്ച് ഹൊസെ മൗറീന്യോയാണ് ഇപ്പോൾ ടോട്ടൻ ഹാമിനെ പരിശീലിപ്പിക്കുന്നത്. ചെൽസി ഞായറാഴ്ച ആസ്റ്റൺ വില്ലയെ നേരിടും.
ഈയാഴ്ചത്തെ പ്രധാന മത്സരങ്ങൾ
ഇന്ന്
ആസ്റ്റൺ വില്ല Vs ഷെഫീൽഡ് യുണൈറ്റഡ്
മാഞ്ചസ്റ്റർ സിറ്റി Vs ആഴ്സനൽ
വെള്ളി
നോർവിച്ച് Vs സതാംപ്ടൺ
ടോട്ടൻഹാം Vs മാഞ്ചസ്റ്റർ യുണൈറ്റഡ്
ശനി
വാറ്റ്ഫോർഡ് Vs ലെസ്റ്റർ സിറ്റി
ബ്രൈട്ടൺ Vs ആഴ്സനൽ
ഞായർ
ആസ്റ്റൺ വില്ല Vs ചെൽസി
എവർട്ടൺ Vs ലിവർപൂൾ
ടോപ് ടെൻ @ പോയിന്റ് ടേബിൾ
(ക്ളബ്, കളി, പോയിന്റ് എന്ന ക്രമത്തിൽ)
ലിവർപൂൾ 29 - 82
മാഞ്ചസ്റ്റർ സിറ്റി 28-57
ലെസ്റ്റർ സിറ്റി 29 - 53
ചെൽസി 29 - 48
മാഞ്ചസ്റ്റർ യുണൈറ്റഡ് 29 - 45
വോൾവർ ഹാംപ്ടൺ 29 - 43
ഷെഫീൽഡ് യുണൈറ്റഡ് 28 - 43
ടോട്ടൻ ഹാം 29-41
ആഴ്സനൽ 28-40
ബേൺലി 29 -39
ടി.വി. ലൈവ്
സ്റ്റാർ സ്പോർട്സിന്റെ ഇംഗ്ളീഷ് പ്രിയർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം. ഹോട്ട് സ്റ്റാറിൽ ലൈവ് സ്ട്രീമിംഗും ഉണ്ടാകും.
1990
ൽ ആണ് അവസാനമായി ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം നേടിയത്
92
മത്സരങ്ങളാണ് സീസണിൽ ബാക്കിയുള്ളത്.
സുരക്ഷാ മുൻകരുതലുകൾ
ഇംഗ്ളണ്ടിൽ കൊവിഡ് ഇപ്പോഴും അപകടമുയർത്തുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് പ്രിമിയർ ലീഗ് തുടങ്ങുന്നത്. പ്രധാന മുൻകരുതലുകൾ ഇവയാണ്
# ഒരു മത്സരത്തിന് സ്റ്റേഡിയത്തിനുള്ളിൽ 300 പേർ മാത്രം
# മത്സരത്തിന് അഞ്ചുദിവസം മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായവർക്ക് മാത്രമേ ഗ്രൗണ്ടിനുള്ളിൽ പ്രവേശനമുള്ളൂ.
# കളിക്കാരും ക്ളബ് ഒഫിഷ്യൽസും എല്ലാ ദിവസവും ടെസ്റ്റിംഗിന് വിധേയരാകണം
# ഹസ്തദാനവും ഗ്രൗണ്ടിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്.