മാർച്ചിൽ ഓഹരി വില ₹95, ഇന്നലെ ₹151
കൊച്ചി: തുടർച്ചയായ നഷ്‌ടവും മൂലധനക്കുറവും മൂലം കടുത്ത പ്രതിസന്ധിയിലായിരുന്ന സി.എസ്.ബി ബാങ്ക് വീണ്ടും ലാഭത്തിന്റെ ട്രാക്കിലേറി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ 12.72 കോടി രൂപയുടെ ലാഭം ബാങ്ക് നേടി. മുൻവർഷത്തെ സമാനപാദത്തിൽ 197.42 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് കുറിച്ചിരുന്നത്. പ്രവർത്തനലാഭം 13 കോടി രൂപയിൽ 2,000 ശതമാനം ഉയർന്ന് 281 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 440 കോടി രൂപയിൽ നിന്നുയർന്ന് 592 കോടി രൂപയായി. 35 ശതമാനമാണ് വർദ്ധന.
കിട്ടാക്കടം തരണം ചെയ്‌ത് ബാലൻസ് ഷീറ്ര് മെച്ചപ്പെടുത്താനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്) 225 കോടി രൂപയാണ് ലാഭത്തിൽ നിന്ന് ബാങ്ക് മാറ്റിവച്ചതെന്ന് മാനേജിംഗ് ഡയറക‌്‌ടറും സി.ഇ.ഒയുമായ സി.വി.ആർ രാജേന്ദ്രൻ പറഞ്ഞു. സ്വർണപ്പണയ വായ്‌പകളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. നടപ്പുവർഷം ഇതിന്റെ വിഹിതം 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ഉയർത്തും. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 4.87 ശതമാനത്തിൽ നിന്ന് 3.54 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് വീണ്ടും ലാഭത്തിന്റെ പാതയിലേറിയതോടെ, ഓഹരി വിലയിലും കുതിപ്പ് ദൃശ്യമാണ്. ഇന്നലെ ഓഹരി വില സെൻസെക്‌സിൽ 9.95 രൂപ (7.03 ശതമാനം) ഉയർന്ന് 151.55 രൂപയായി. കഴിഞ്ഞ വർഷാന്ത്യം ചെയ്യപ്പെട്ടപ്പോൾ 300 രൂപയായിരുന്നു ബാങ്കിന്റെ ഓഹരിവില. മാർച്ചിൽ വില 95 രൂപവരെ താഴ്‌ന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവിലയിലെ വർദ്ധന 38 രൂപയോളമാണ്.
51%
തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ 51 ശതമാനം ഓഹരികൾ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഇന്ത്യാ വിഭാഗമായ ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്സ് കോർപ്പറേഷന്റെ കൈവശമാണ്. ഫെയർഫാക്‌സ് നിക്ഷേപം സ്വീകരിച്ചതിന് പിന്നാലെയാണ്, തൃശൂർ ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്ക് 'സി.എസ്.ബി ബാങ്ക്" എന്ന പേര് സ്വീകരിച്ചത്.
വികസനപാത
സ്വർണപ്പണയത്തിന് പുറമേ കാർഷികം, എം.എസ്.എം.ഇ, ഇരുചക്ര വാഹന വായ്പ, യൂസ്ഡ് കാർ വായ്പ എന്നിവയിലും കൂടുതൽ ശ്രദ്ധിക്കാനാണ് സി.എസ്.ബി ബാങ്ക് ലക്ഷ്യമിടുന്നത്.
ശാഖകളുടെ എണ്ണം നിലവിലെ 430ൽ നിന്ന് 500ലേക്ക് ഉയർത്തും; കേരളത്തിൽ തുറക്കുക 16 ശാഖകൾ
ക്രെഡിറ്ര് കാർഡും ബാങ്ക് അവതരിപ്പിക്കും