തിരുവനന്തപുരം : സ്പെയിൻകാരനായ ഫെർണാണ്ടോ സാന്റിയാഗോ വരേല കരാർ കാലാവധി അവസാനിച്ച് നാട്ടിലേക്ക് മടങ്ങിയതോടെ പുതിയ സീസണിലേക്ക് ഗോകുലം എഫ്.സി പരിശീലകനെ തേടുന്നു.
കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ടീമിന്റെ പ്രകടനത്തിൽ ക്ളബ് മാനേജ്മെന്റിന് സംതൃപ്തി ഇല്ലാതിരുന്നതും പുതിയ സീസണിലേക്ക് വരേല ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതുമാണ് കരാർ പുതുക്കാതിരിക്കാൻ പ്രധാന കാരണം. കഴിഞ്ഞ സീസണിൽ ഗോകുലത്തെ ഡുറൻഡ് കപ്പ് ജേതാക്കളാക്കിയത് വരേലയാണ്. ലോക്ക് ഡൗൺ കാലയളവിൽ കോഴിക്കോട്ട് കുടുങ്ങിപ്പോയ വരേല സ്പാനിഷ് സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്.
2019 ജൂലായിലായിരുന്നു വരേല ഗോകുലത്തിന്റെ മുഖ്യ കോച്ചായി ചുമതലയേറ്റിരുന്നത്. ഗോകുലത്തിലേക്കുള്ള വരേലയുടെ രണ്ടാം വരവായിരുന്നു ഇത്. 2018ൽ രണ്ട് മാസം ടീമിന്റെ പരിശീലകനായിരുന്നുവെങ്കിലും ഭാഷാ പ്രശ്നത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുകയായിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം വീണ്ടും വിളിച്ചു. കഴിഞ്ഞ സീസണിൽ ഗോകുലം ആറാം സ്ഥാനത്താണ് ഐ ലീഗിൽ ഫിനിഷ് ചെയ്തത്. റണ്ണർ അപ്പുകളാകാനെങ്കിലും കഴിയുമായിരുന്നു എന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
പുതിയ പരിശീലകനുവേണ്ടിയുള്ള ചർച്ചകൾ ക്ളബ് മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞു. നാലുപേരാണ് പ്രധാനമായും പരിഗണനാപ്പട്ടികയിലുള്ളത്. ഇവരിൽ ഇന്ത്യൻ പരിശീലകരും വിദേശ പരിശീലകരുമുണ്ട്. ഇന്ത്യൻ ക്ലബ് ഫുട്ബാളിൽ പരിചയ സമ്പത്തുള്ള വിദേശ പരിശീലകരിലാണ് മാനേജ്മെന്റിന് താൽപര്യം. പുതിയ കോച്ചിനെ ഉടൻ തീരുമാനിക്കുമെന്ന് ക്ളബ് മാനേജ്മെന്റ് അറിയിച്ചു.
വരേലയുടെ കളിക്കണക്ക്
20 മത്സരങ്ങളിലാണ് ഗോകുലത്തെ പരിശീലിപ്പിച്ചത്
11 മത്സരങ്ങളിൽ വിജയം നൽകാനായി
4 മത്സരങ്ങൾ സമനിലയിലായി
5 മത്സരങ്ങളിൽ പരാജയപ്പെട്ടു