danikkutty

ഇന്നലെ നിര്യാതനായ വോളിബാൾ താരം ഡാനിക്കുട്ടി ഡേവിഡിനെക്കുറിച്ച്

തിരുവനന്തപുരം : അതുല്യ പ്രതിഭയായിരുന്നിട്ടും ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ പോയ വോളിബാൾ താരമാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയ ഡാനിക്കുട്ടി ഡേവിഡ്.

1960ൽ പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിൽ ജനിച്ച ഡാനിക്കുട്ടി കേരള യൂണിവേഴ്സിറ്റി വോളിബാൾ ടീമിലൂടെയാണ് പ്രതിഭ തെളിയിച്ചത്. 1981-82 സീസണിൽ വാറങ്കലിൽ നടന്ന ആൾ ഇന്ത്യ ഇന്റർ വാഴ്സിറ്റി വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിയെ വിജയ കിരീടം ചൂടിച്ച നായകനായിരുന്നു ഡാനിക്കുട്ടി. 81-82ൽ ഫരീദാ ബദിൽ തുടങ്ങി 1992-93ൽ കൽക്കട്ടവരെ നടന്ന 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി കളിച്ചു. മൂന്ന് തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും ഒരു തവണ വെങ്കലവും കരസ്ഥമാക്കി. 1985-86 സീസണിൽ ഡൽഹിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലാണ് കേരളത്തിന്റെ നായകനായതും വെങ്കലം നേടിയതും.

1985ൽ ഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിലും അംഗമായിരുന്നു ഈ അറ്റാക്കർ. 1982ൽ ഏഷ്യാഡിന് മുന്നോടിയായി നടന്ന ട്രയൽ ഗെയിംസിൽ സൗത്ത് ഇന്ത്യ ടീമിനായി കളിച്ചു. എന്നാൽ അക്കാലത്ത് ഏറെ പ്രതിഭാധനരായിരുന്ന സിറിൽ സി വള്ളൂർ, അബ്ദു റസാഖ് തുടങ്ങിയവരുടെ തിളക്കത്തിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തിയില്ല.

ട്രാവൻകൂർ ടൈറ്റാനിയം വോളിബാൾ ടീമിന്റെ നെടുംതൂണായിരുന്നു ഡാനിക്കുട്ടി. 1993-ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ ബെസ്റ്റ് പ്ളേയർ അവാർഡ് തേടിയെത്തിയത് ഡാനിക്കുട്ടിയെ ആയിരുന്നു. ഒരു പതിറ്റാണ്ടിലേറെ ടൈറ്റാനിയത്തിനുവേണ്ടി കളിച്ച ഡാനിക്കുട്ടി കഴിഞ്ഞ മേയ് 31 നാണ് ഔദ്യോഗിക ജിവിതത്തിൽ നിന്ന് വിരമിച്ചത്.