മുംബയ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഈ സീസൺ ഇന്ത്യൻ പ്രിമിയർ ലീഗ് മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
ഒക്ടോബർ - നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ ട്വന്റി - 20 ലോകകപ്പ് നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ ലോകകപ്പ് മാറ്റിവയ്ക്കും എന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ ഐ.പി.എല്ലിന് സമയം നോക്കിവച്ചിരിക്കുന്നത്. 16 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഒരു ടൂർണമെന്റ് ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തുക പ്രയാസമാണെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ നിലപാട്. എന്നാൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ് ലോകകപ്പ് മാറ്റിവയ്ക്കുന്നതിൽ തീരുമാനമെടുക്കേണ്ടത്.
ഐ.സി.സിയുടെ കഴിഞ്ഞ രണ്ട് യോഗങ്ങളിലും ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം പത്തിന് ചേർന്ന യോഗത്തിൽ തീരുമാനമെടുക്കാൻ ഒരു മാസം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് ഐ.സി.സി എത്തിച്ചേർന്നത്.
അതിനിടെ ആസ്ട്രേലിയയിൽ സ്റ്റേഡിയത്തിൽ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതും സമീപത്തുള്ള ന്യൂസിലൻഡ് കൊവിഡ് മുക്തമായതും ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചിരുന്നു. ലോകകപ്പ് ന്യൂസിലൻഡിലേക്ക് മാറ്റണമെന്ന് ചില മുൻതാരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഈ വർഷം ലോകകപ്പ് നടത്തേണ്ടതില്ലെന്ന ആസ്ട്രേലിയയുടെ നിലപാടിനെ ഇന്ത്യ പിന്തുണയ്ക്കുന്നത് ഐ.പി. എൽ മുൻനിറുത്തിയാണ്. കാണികളെ ഒഴിവാക്കി ഒന്നോ രണ്ടോ വേദികളിലാകും ഐ.പി.എൽ നടത്തുക.