ന്യൂഡൽഹി : 2008ൽ താൻ പരിശീലകനായി സ്ഥാനമേൽക്കുന്ന സമയത്ത് സൂപ്പർ ബാറ്റ്‌സ്‌മാനായിരുന്ന സച്ചിൻ നിരാശയുടെ പടുകുഴിയിലായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗാരി കേഴ്സ്റ്റൺ. 2007ൽ വിൻഡീസിൽ നടന്ന ലോകകപ്പിൽ പുറത്തായപ്പോൾ കളി നിറുത്തുന്നതിനെക്കുറിച്ച് ആലോചിച്ചതായി സച്ചിൻ തന്നോട് പറഞ്ഞതായും കേഴ്സ്റ്റൺ ക്രിക്കറ്റ് കളക്ടീവിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു
ബാറ്റിംഗിൽ അദ്ദേഹത്തിന് കംഫർട്ടബിളായ പൊസിഷനിൽ കളിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു സച്ചിന്റെ പ്രശ്നമെന്ന് ഗാരി പറയുന്നു. ബാറ്റിംഗ് ആസ്വദിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല സച്ചിൻ. 2008 മാർച്ചിൽ ഇന്ത്യൻ കോച്ചായി ചുമതലയേറ്റ കേഴ്സ്റ്റൺ പക്ഷേ തന്ത്രപരമായ രീതിയിലാണ് സച്ചിന്റെ പ്രശ്നം പരിഹരിച്ചത്.
സച്ചിനെ പുതുതായി ഒന്നും പഠിപ്പിക്കാൻ ഇല്ലായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന അന്തരീക്ഷം ടീമിൽ ഒരുക്കിക്കൊടുക്കുക മാത്രമാണ് താൻ ചെയ്തത്. സ്വന്തം ബാറ്റിംഗിനെ കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിൽ, ഇഷ്ട പൊസിഷനിൽ ബാറ്റ് ചെയ്യാൻ സച്ചിന് അവസരം നൽകി. ഇതോടെ അദ്ദേഹം ആളാകെ മാറിയെന്നും ഗാരി പറയുന്നു.
2011ൽ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ശേഷമാണ് ഗാരി ഇന്ത്യ വിട്ടത്. ഗാരിയുടെ കാലയളവിൽ 38 ഏക ദിനങ്ങളും 31 ടെസ്റ്റുകളുമാണ് സച്ചിൻ കളിച്ചത്. ഏകദിനങ്ങളിൽ ഒരു ഇരട്ട സെഞ്ച്വറിയടക്കം 1958 റൺസും ടെസ്റ്റുകളിൽ 12 സെഞ്ച്വറിയടക്കം 2910 റൺസും നേടിയിരുന്നു. ആ മൂന്നു വർഷത്തിനിടയിൽ 19 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടാൻ സച്ചിന് കഴിഞ്ഞതും ലോകകപ്പ് നേടാനായതും ആത്മവിശ്വാസം തിരിച്ചു കിട്ടിയതുകൊണ്ടാണെന്ന് കേഴ്സ്റ്റൺ പറഞ്ഞു.
സച്ചിന് മാത്രമല്ല എല്ലാവർക്കും തങ്ങൾ ആഗ്രഹിക്കുന്ന ചുറ്റുപാടുകൾ ലഭിച്ചാൽ മികവ് പുറത്തെടുക്കാനാകുമെന്നും ഇന്ത്യൻ കോച്ചായിരുന്ന സമയത്ത് താൻ അതിനായി മാത്രമേ ശ്രമിച്ചിരുന്നുള്ളൂവെന്നും ഗാരി വ്യക്തമാക്കി.