കൊവിഡ് പ്രതിസന്ധിയിൽ ലോക്ക് ഡൗണാകാതെ ഓൺലൈനിലും സജീവമാവുകയാണ് കേരള ബി.ജെ.പി. മാർച്ച് അവസാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ പാർട്ടി പ്രവർത്തനം ഓൺലൈനിലാക്കി കൊവിഡ് പ്രതിസന്ധിയെ തങ്ങളൊരുപരിധിവരെ മറികടന്നതായാണ് പാർട്ടിയുടെ അവകാശ വാദം. ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ പാർട്ടിയുടെ വെർച്വൽ റാലി ഡൽഹിയിൽ നിന്ന് നടത്തി ജനശ്രദ്ധ ആകർഷിച്ചപ്പോൾ കേരള ഘടകവും വെർച്വൽ റാലിയിലേക്ക് കടന്നു. ഓൺലൈൻ സാദ്ധ്യതകളെയും നവ മാദ്ധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ വെർച്വൽ സമ്മേളനം ജനങ്ങളിൽ നല്ല മതിപ്പ് ഉണ്ടാക്കി.
ശബരിമല സമര നായകനും തീപ്പൊരി നേതാവുമായ കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം കാലൊന്നുറപ്പിച്ചു വരുമ്പോഴാണ് കൊവിഡ് കടന്നുവന്നത്. ഒരുമാസമായപ്പോഴേക്കും സമ്പൂർണ ലോക്ക് ഡൗൺ ആയി. അതുകൊണ്ട് തന്നെ പുറത്തുകാണുന്ന പ്രവർത്തനത്തിൽ ഒരു സുരേന്ദ്രൻ ഇഫക്ട് ഉണ്ടാക്കാൻ അവർക്ക് അവസരം കിട്ടിയില്ല. ഇപ്പോൾ സംഘടനാ പ്രവർത്തനത്തിൽ ആ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി.വെർച്വൽ റാലികളോടെ ഓൺലൈൻ പരിപാടികളിൽ പൊതുജനത്തെയും പങ്കെടുപ്പിക്കാനായി എന്നവർക്കാശ്വാസിക്കാം.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടൻ എല്ലാവരോടും വിട്ടീലിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോൾ വീടുകളിൽ ഭക്ഷണപ്പൊതി എത്തിക്കലാണ് തങ്ങളാദ്യം ചെയ്തതെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. പിന്നെ അത് ഭക്ഷ്യധാന്യ കിറ്ര് വിതരണം ചെയ്യലായി. തിരുവനന്തപുരം നഗരത്തിലെ ചില വാർഡുകളിൽ മുഴുവൻ പേർക്കും 500 രൂപയോളം വിലവരുന്ന ഭക്ഷ്യകിറ്രുകൾ വിതരണം ചെയ്തിരുന്നു. വീടുകളിൽ ഒതുങ്ങിക്കഴിയുന്ന വൃദ്ധന്മാർക്ക് ഫോണിലൂടെ ആവശ്യപ്പെട്ടാൻ മരുന്നുവാങ്ങിയെത്തിച്ചുകൊടുക്കാനുള്ള സഹായവും അവർ ചെയ്തിരുന്നു. ഈ സമയത്തൊന്നും സംഘടനാ പ്രവർത്തനം മുടങ്ങാതിരിക്കാൻ തങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
സ്കൂൾ തുറക്കേണ്ടിയിരുന്ന ജൂൺ ഒന്നിനാണ് സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതെങ്കിൽ അതിന് മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികളുംഓൺലൈനിൽ യോഗങ്ങൾ നടത്തിതുടങ്ങിയിരുന്നു. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്രിയും ഓൺലൈനായാണ് നടക്കുന്നത്. ബി.ജെ.പിയാകട്ടെ ഇക്കാര്യത്തിൽ എല്ലാവരെക്കാളും അല്പം മുമ്പിലുമായിരുന്നു. സംസ്ഥാന , ജില്ല, നിയോജക മണ്ഡലം ,പഞ്ചായത്ത് കമ്മിറ്രികളൊക്കെ കൃത്യമായി യോഗങ്ങൾ സൂം ആപ്പിലും ഗൂഗിൾ മീറ്റ് വഴിയുമൊക്കെ നടത്തിയിരുന്നു. രണ്ടുമാസം മുമ്പ് തന്നെ അവർ ഓൺലൈൻ യോഗങ്ങൾ തുടങ്ങിയിരുന്നു. വിവിധ മോർച്ചകളുടെയും യോഗങ്ങൾ കൃത്യമായി നടന്നിരുന്നു. ദേശീയ തലത്തിൽ പാർട്ടി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയും ക്രമമായി പാർട്ടി സംസ്ഥാന നേതാക്കളുമായി വീഡിയോ കോൺഫറൻസിലുടെ പ്രവർത്തനത്തിന്റെ വിലയിരുത്തലും നടത്തുന്നുണ്ട്.
ഒക്ടോബർ അവസാനം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഇനി ബി.ജെ.പിക്കു മുമ്പിലുള്ള വെല്ലുവിളി. കഴിഞ്ഞ ലോകസഭാ തിരഞെടുപ്പിൽ സീറ്റുകൾ നേടാനായില്ലെങ്കിലും പല സീറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ത്രിതല പഞ്ചായത്തുകളിൽ നിന്നായി 3000 സീറ്രെങ്കിലും നേടിയെടുത്താൽ ബി.ജെ.പിക്ക് നല്ല പ്രകടനം നടത്തിയെന്നഭിമാനിക്കാൻ കഴിയും. തിരുവനന്തപുരം നഗരസഭ ഭരണം പിടിച്ചെടുക്കണം. വലിയ ഒറ്രക്കക്ഷിയായി ഭരിച്ച പാലക്കാട് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജയിക്കണം.ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെങ്കിൽ ഇപ്പോൾ വിഷയങ്ങൾ വ്യത്യസ്തമാണ്. കൊവിഡ് വ്യാപനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നേട്ടങ്ങളുണ്ടാക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ കൊവിഡിൽ പ്രവാസികളയും അന്യ സംസ്ഥാനത്തുള്ള മലയാളികളെയും തിരിച്ചു കൊണ്ടുവരുന്നതിലുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മുതലാകാകാനാവും യു.ഡി.എഫ് ശ്രമിക്കുക. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം കേന്ദ്രത്തിന്റെ നേട്ടങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് മുമ്പാകെ ബി.ജെ.പിക്ക് എടുത്തു പറയേണ്ടി വരും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി കുറേ ഗൃഹപാഠങ്ങൾ ബി.ജെ.പി ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തെ വാർഡുകളെ നാലായി അവർ തരംതിരിച്ചുകഴിഞ്ഞു. ജയിച്ചവ, ചെറിയ വോട്ടിന് തോറ്രവ, ആഞ്ഞുപിടിച്ചാൽ ജയിക്കാൻ കഴിയുന്നവ, ജയസാദ്ധ്യത കുറഞ്ഞവ എന്നിവയാണിവ. വാർഡ് തലത്തിൽ വരെ സംഘടനാ സംവിധാനം ഉണ്ടാക്കിക്കഴിഞ്ഞു.
ഭരണകക്ഷിയെ എതിർക്കുന്നതോടൊപ്പം വ്യത്യസ്തരാവാനാണ് ബി.ജെ.പി ശ്രമം. കൊവിഡ് വ്യാപന സമയത്ത് തുടക്കത്തിൽതന്നെ സർക്കാരിനെതിരെ ദിനം പ്രതി ആരോപണങ്ങളുമായി വന്ന യു.ഡി.എഫ് നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചുകൊണ്ട് പ്രസ്താവന നടത്തിയ സുരേന്ദ്രൻ പലരുടെയും കൈയടി നേടിയിരുന്നു. കൊവിഡ് സമയത്ത് സങ്കുചിത രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്നാൽ അതിന് ശേഷം സർക്കാർ നയങ്ങൾക്കെതിരെ, കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നാലും അഞ്ചും പേരെ വച്ചുകൊണ്ട് പ്രതിഷേധം നടത്തുന്ന ബി.ജെ.പിക്കാരെയാണ് പിന്നെ കണ്ടത്. വൈദ്യുതി ചാർജ്ജ് ബില്ലിലെ അപാകതകൾക്കെതിരെയും സ്പ്രിൻക്ലർ കരാറിനെതിരെയും പ്രാദേശിക തലത്തിലെ പ്രശ്നങ്ങളുന്നയിച്ചും പമ്പയിലെ മണലെടുപ്പിനെതിരെയും ബി.ജെ.പി പ്രത്യക്ഷമായി സമരത്തിറങ്ങിയിരുന്നു.
കേന്ദ്രത്തിൽ മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് കേരളസർക്കാരിനെതിരെ വി.മുരളീധരൻ നടത്തിയ വിമർശനങ്ങൾ കേരളത്തിലെ ബി.ജെ.പിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട് . കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോൾ ബി.ജെ.പിയുടെ ലക്ഷ്യം. . രണ്ടുപേർ വീതമുള്ള സംഘമാണ് അമ്പത് ലക്ഷം വീടുകൾ കയറിയിറങ്ങി കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബി.ജെ.പിയിലും കാര്യങ്ങൾ അങ്ങേയറ്രം സുഗമമാണെന്ന് പറയാൻ വഴിയില്ല. കെ.സുരേന്ദ്രൻ പ്രസിഡന്റായ ഉടൻ ഈ സ്ഥാനത്തിന് കൊതിച്ചിരുന്നവരൊക്കെ അസംതൃപ്തിയും പ്രതിഷേധവുമായി ഇറങ്ങിയിരുന്നതാണ്. തത്കാലം അടങ്ങിയെങ്കിലും അവസരം കിട്ടാത്തതുകൊണ്ടാണ് അവർ ഒച്ചവയ്ക്കാത്തത്. സ്പ്രിൻക്ലറിനെതിരയുള്ള ഹൈക്കോടതിയിൽ നടന്ന കേസിൽ വിജിലൻസ് അന്വേഷണമാണ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്. അതേ സമയം എൻ.ഐ.എ അന്വേഷണം മാത്രമാണ് അഭികാമ്യം എന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി . രമേശിന്റെ ഫെയ്സ് ബുക്കിലൂടെയുള്ള അഭിപ്രായ പ്രകടനം പാർട്ടിയിലെ അഭിപ്രായ വ്യാത്യാസം വിളിച്ചോതുന്നതായിരുന്നു. സാധാരണ ഗ്രൂപ്പ് യോഗങ്ങളൊക്കെ നടത്താൻ സാഹചര്യം അനുവദിക്കാത്തതിനാൽ വാട്ട്സാപ്പ് , ഫെയിസ് ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ബി.ജെ.പിയിലെ ഗ്രൂപ്പിസം പകരുന്നത്. എതിർവശത്തുള്ളവരെ തീരെ പിണക്കാതെയും എന്നാൽ കൂടുതൽ പരിഗണിക്കാതെയും ബാലൻസ്ഡ് ആയ സമീപനം ആണ് കെ.സുരേന്ദ്രൻ ഇപ്പോൾ സ്വീകരിക്കുന്നത്. അത് എത്രത്തോളം വിജയിച്ചുവെന്നറിയാൻ തദ്ദേശ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.