മലയാള സിനിമയിലെ ചിരിയുടെ രാജാവും മികച്ച സ്വഭാവനടനും ആദ്യ കാല മിമിക്രി ആർട്ടിസ്റ്റുമായിരുന്ന എസ്.പി.പിള്ളയുടെ 35 -ാം ചരമ വാർഷികം കടന്നുപോയി. ജന്മനാടായ ഏറ്റുമാനൂരിൽ എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് നിയന്ത്രണം പാലിച്ച് പതിവുപോലെ എസ്.പി പിള്ള സ്മരണ പുതുക്കി. എന്നത് ഒഴിച്ചാൽ പത്രത്താളുകളിലെ സ്ഥിരം അനുസമരണ എഴുത്തുകാർ പോലും അതു മറന്നു.
അടൂർഭാസിയുടെയും മുതുകുളം രാഘവൻപിള്ളയുടെയും കാലത്ത് മലയാള സിനിമാവേദിയിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പങ്കജാക്ഷൻ പിള്ളയെ വെള്ളിത്തിരയ്ക്ക് സംഭാവന ചെയ്തത് നാടകവേദിയായിരുന്നു.
പാമ്പാടിയിൽ ജനിച്ച പങ്കജാഷന്റെ മാതാപിതാക്കൾ ബാല്യത്തിലേ മരിച്ചതു മൂലം കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പട്ടിണി മാറ്റാൻ പത്രവില്പനക്കാരനായി ജീവിതമാരംഭിച്ചു.
ഏറ്റുമാനൂരിൽ മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തെ അനുകരിച്ചത് വഴിത്തിരിവായി, വള്ളത്തോൾ കേരള കലാമണ്ഡലത്തിലേക്ക് കൂട്ടി. അവിടെ അന്തേവാസിയായി ഓട്ടൻതുള്ളൽ അഭ്യസിച്ചു. തിരിച്ചു വന്നത് പ്രൊഫഷണൽ നാടകവേദിയിലേക്കായിരുന്നു. 40 വർഷം നാടക സിനിമാരംഗത്തു നിറഞ്ഞു നിന്ന എസ്.പി.പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദിയിൽ അഭിനയിച്ചു . അല്ലിറാണിയായിരുന്നു ആദ്യ നാടകം ഭൂതരായർ ആദ്യ സിനിമയും. 1950ൽ പുറത്തിറങ്ങിയ നല്ല തങ്കയും ജീവിത നൗകയും എസ്.പിയെ മലയാള സിനിമയിൽ ഉറപ്പിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. ഉദയയുടെ വടക്കൻ പാട്ട് കഥകൾ ആസ്പദമാക്കിയുള്ള സിനിമകളിൽ സ്ഥിരം പാണൻ എസ്.പിയായിരുന്നു. 'പുത്തുരം വീട്ടിൽ ജനിച്ചോരെല്ലാം... എന്ന പാട്ട് ഉടുക്കും കൊട്ടി പാടി നീങ്ങുന്ന പാണനായി എസ്.പിക്കപ്പുറം മറ്റൊരു നടനെ മലയാള സിനിമക്കിന്നും സങ്കല്പിക്കാൻ കഴിയാത്ത വിധമായിരുന്നു ആ വേഷം മനോഹരമാക്കിയത്. ചെമ്മീനിൽ കൊട്ടാരക്കരയുടെ ചെമ്പൻകുഞ്ഞിനൊപ്പം നിൽക്കുന്നതായിരുന്നു എസ്.പിയുടെ കഥാപാത്രവും . അവസാന ചിത്രം പുല്ലാങ്കുഴൽ. കണ്ണിന്റെ കാഴ്ചക്കുറവ് അഭിനയരംഗത്തുനിന്ന് ആ പ്രതിഭയെ അകറ്റി. 1978ഭക്തകുചേലയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ്, മയൂര അവാർഡ് എന്നിവ ലഭിച്ചു. അവശ ചലച്ചിത്രകലാകാരന്മാരെ സംഘടിപ്പിച്ച അദ്ദേഹം യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. മലയാളസിനിമയിലെ ചാർലി ചാപ്ളിൻ എന്നു വിശേഷിപ്പിച്ചിരുന്ന എസ്.പിയുടെ പിൻഗാമിയായി കലാരംഗത്തു വന്ന പേരക്കുട്ടി മഞ്ചുപിള്ള സിനിമയിലും സീരിയലുകളിലും ഹാസ്യ റോളുകൾ കൈകാര്യം ചെയ്തു ശ്രദ്ധേയയാണ്.
ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ്.പി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ മോഷണത്തിലെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നപ്പോൾ പിള്ള നിരാഹാരത്തോടെ അഖണ്ഡനാമജപയജ്ഞം തുടങ്ങി. നൂറ് കണക്കിന് ഭക്തജനങ്ങളും ഒപ്പം കൂടിയതോടെ പൊലീസ് ശരിക്കും സമ്മർദ്ദത്തിലായി. പിള്ളയും കൂട്ടരും സമരം നടത്തുന്നതിനിടെ ഏറ്റുമാനൂർ എസ്.ഐ ആയിരുന്ന ശശിധരൻ അമ്പലക്കിണറ്റിൽ നിന്ന് ഒരു നോട്ട് ബുക്കിന്റെ ഒന്നാംപേജ് കണ്ടെത്തിയിരുന്നു. മോഷ്ടാവ് കമ്പിപ്പാര പൊതിയാൻ ഉപയോഗിച്ച പേപ്പറായിരുന്നു അത്. ആ കടലാസായിരുന്നു അന്വേഷണ സംഘത്തിന്റെ കച്ചിത്തുരുമ്പ്. പാറശാലയ്ക്കടുത്തുള്ള ചിന്നങ്കോട് ഗ്രാമത്തിൽ രമണിയെന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് കണ്ടെത്തി പഴയ പാഠപുസ്തകം വിറ്റ കടയിലെത്തി കമ്പിപ്പാര വാങ്ങിയ സ്റ്റീഫനെന്ന മോഷ്ടാവിനെ അങ്ങനെയാണ് കണ്ടെത്തിയത് . മോഷ്ടാവ് പിടിയിലായതിന് വഴി തെളിച്ചത് എസ്.പി പിള്ളയുടെയും സംഘത്തിന്റെയും നാമജപ സമരത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു.