മലയാളത്തിൽ ഒരിടവേള വന്നു; തമിഴിൽ അരുവി
ഏറെ പ്രശംസകൾ നേടിതന്നു. മലയാളത്തിന്റെ
ദത്തുപുത്രിയായ ലക്ഷ്മി ഗോപാലസ്വാമിയുടെ
പുതിയ വിശേഷങ്ങൾ
മലയാളികൾ ഏറെ സ്നേഹിക്കുന്ന മറുനാടൻ നായിക ലക്ഷ്മി ഗോപാലസ്വാമി ഇപ്പോൾ എവിടെയാണ്? അടുത്തിടെ അരുവി അടക്കമുള്ള ചില തെന്നിന്ത്യൻ സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും ലക്ഷ്മി മലയാളത്തിലേക്ക് വന്നിട്ട് കുറച്ചുനാളായി.
ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നു. സിനിമയിലെ ഇടവേളകൾ, ജീവിതം, നൃത്തം, വിവാഹം. പറയാൻ ഏറെയുണ്ട്...
ലക്ഷ്മി മലയാളത്തെ മറന്നോ?
എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന്. പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു.സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം. ബിഗ് ബഡ്ജറ്റ് സിനിമയാണ്. ഏറെ പ്രതീക്ഷയുണ്ട്.
അരുവിയിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നല്ലോ?
അരുവി പോലെയുള്ള സിനിമകളാണ് ഞാൻ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശക്തമായ ഉപകരണമാണ് സിനിമ. അതാണ് അരുവി ഉപയോഗപ്പെടുത്തിയത്.
സംവിധായകൻ അരുൺ പ്രഭുവിന്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ, എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന വേഷം. അതിത്രയും ഹ്യൂമറസായി വരുമെന്ന് വിചാരിച്ചില്ല. ഇപ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. ഒരുപാട് പേർ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും മലയാളികൾ. ലക്ഷ്മിക്ക് ഇത്രയും അഭിനയ ശേഷിയുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നല്ല കഥാപാത്രങ്ങൾ കിട്ടിയാലല്ലേ കഴിവ് പ്രകടിപ്പിക്കാൻ കഴിയൂ.
മലയാളമാണ് കൂടുതൽ സ്നേഹം തന്നതെന്ന് തോന്നിയിട്ടുണ്ടോ?
തീർച്ചയായും. മലയാളികൾ ദത്തെടുത്ത ഒരു പെൺകുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ട്. അത്രയ്ക്ക് വലുതാണ് നിങ്ങൾ തരുന്ന സ്നേഹം. മലയാളികൾ കലാപ്രേമികളും കലാകാരന്മാരെ ബഹുമാനിക്കുന്നവരുമാണ്. സിനിമയോടെന്ന പോലെ ക്ളാസിക്കൽ നൃത്തത്തോടും വലിയ സ്നേഹമാണവർക്ക്.
അതാണോ മലയാളികളുടെ
ഏറ്റവും വലിയ ഗുണം?
അല്ല. എപ്പോഴും ആക്ടീവായിരിക്കാൻ കഴിയുന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ഗുണം. മടിയുള്ളൊരു മലയാളിയെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് മലയാളികൾ ഇത്രയും ജോലി ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.സാമൂഹിക ഐക്യത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. അടുത്തിടെ ഞാൻ കണ്ണൂരിൽ ഒരു പരിപാടിക്ക് പോയിരുന്നു. മാദ്ധ്യമങ്ങൾ എന്തൊക്കെയാണ് ആ നാടിനെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നത്. നേരിട്ട് കണ്ടപ്പോൾ വളരെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചത്. വാർത്തകളിൽ പറയുന്നതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് തോന്നുന്നു. കേരളത്തിന് പുറത്തെ അന്തരീക്ഷം അത്ര നല്ലതല്ല. ഇവിടുത്തെ ശാന്തിയും സമാധാനവും നിലനിറുത്തികൊണ്ട് പോകേണ്ടത് മലയാളികളുടെ ഉത്തരവാദിത്വമാണ്.
മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചല്ലോ?
അതൊരു ഭാഗ്യമാണ്. മിക്കതും വലിയ പ്രോജക്ടുകളായിരുന്നു. അരയന്നങ്ങളുടെ വീട്, പരദേശി, ശിക്കാർ, ഭ്രമരം തുടങ്ങി മനസിൽ തട്ടിയ സിനിമകളുണ്ട്. ഇനിയും അവരുടെ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം.
അതുപോലെ ന്യൂജനറേഷൻ താരങ്ങൾക്കൊപ്പവും അഭിനയിക്കണമെന്നുണ്ട്- ഫഹദ്, ദുൽഖർ, നിവിൻ പോളി. എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്. പ്രതിഭയുള്ള പുതിയ സംവിധായകരും കടന്നുവരുന്നുണ്ട്.
കേരളത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ജിപ്സി മനസുള്ളൊരു ആളായതുകൊണ്ട് എല്ലാ സ്ഥലത്തും താമസിക്കാൻ ഇഷ്ടമാണ്. ബാംഗ്ളൂരിൽ എത്തുമ്പോൾ അതാണെന്റെ ഇഷ്ടയിടം. ജനിച്ചുവളർന്ന സ്ഥലം. എന്റെ കസിൻസും കൂട്ടുകാരുമെല്ലാം അവിടെയാണ്.ചെന്നൈ നഗരത്തോട് എന്നും പ്രണയമാണ്. അവിടുത്തെ കലകൾ, സംസ്കാരം, സിനിമ ഇതൊക്കെയാണ് ആകർഷക ഘടകങ്ങൾ.
തിരുവനന്തപുരം എത്ര മനോഹരമായ സ്ഥലമാണ്. തണൽ നിറഞ്ഞ വഴികളും പദ്മനാഭ സ്വാമിയും. തിരിച്ചുപോരാൻ തോന്നില്ല. കൊച്ചിയിൽ എത്തുമ്പോൾ തോന്നും ഇവിടെ താമസിക്കുന്നതാണ് നല്ലതെന്ന്. കടലും കായലും മട്ടാഞ്ചേരിയിലെ ജൂതത്തെരുവുകളും. ബാംഗ്ളൂരിനെക്കാൾ തിരക്കും കുറവാണ്. ചെറിയ ഗ്രാമങ്ങളിൽ പോയി താമസിക്കാൻ മാത്രം കുറച്ച് ബുദ്ധിമുട്ടാണ്. എന്തെങ്കിലുമൊക്കെ കൾച്ചറൽ ആക്ടിവിറ്റികൾ നടക്കുന്ന സ്ഥലങ്ങളേ എനിക്ക് പറ്റൂ.
യാത്രകളാണോ ഹോബി?
അതെ. കഴിഞ്ഞ വർഷം ഒരുപാട് യാത്ര ചെയ്തു. അവധി ആഘോഷിക്കാനായി യൂറോപ്പിൽ പോയി. ഒരു ഷോയ്ക്ക് വേണ്ടി ആസ്ട്രേലിയയിലും അമേരിക്കയിലും പോയി. സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ലഡാക്കിലും പോയിരുന്നു.
ഭക്തയാണോ?
അതെ. എന്നുകരുതി ഏതെങ്കിലും പ്രത്യേക അമ്പലത്തിൽ സ്ഥിരമായി പോകാറൊന്നുമില്ല. ചാമുണ്ഡേശ്വരിയാണ് ഇഷ്ടദേവത. ലക്ഷ്മി ദേവിയോടൊരു പ്രത്യേക ഇഷ്ടമുണ്ട്. എന്റെ പേരും അതായതുകൊണ്ടാകും. പത്മനാഭ സ്വാമിയുടെ ഭക്തയാണ്.
ആരാധനാലയങ്ങളുടെ ശില്പ ഭംഗിയാണ് എന്നെ ആകർഷിക്കുന്ന പ്രധാന ഘടകം. കൊണാർക്ക് ക്ഷേത്രത്തിന്റെ ഭംഗി കണ്ട് ഞെട്ടിപ്പോയി. തഞ്ചാവൂർ, ചിദംബരം, തിരുവണ്ണാമല, സോംനാഥ്പൂർ, ഹംപി, ഗുരുവായൂർ, വടക്കുനാഥ ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി മനോഹരങ്ങളായ ആരാധനാലയങ്ങൾ നിറഞ്ഞ നാടല്ലേ നമ്മുടേത്. യൂറോപ്പിൽ കാണുന്ന പഴയ പള്ളികളുടെ സൗന്ദര്യവും വിവരണാതീതമാണ്.
ഭരതനാട്യത്തിൽ റിസർച്ച് ചെയ്യുന്നുണ്ടായിരുന്നല്ലോ?
അത് വളരെ പതുക്കെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല. തത്കാലം ഡോ. ലക്ഷ്മി ഗോപാലസ്വാമി എന്നത് ഒരു വിദൂര സ്വപ്നമാണ്.
ആരാണ് ഈ കലാപ്രവർത്തനങ്ങൾക്കൊക്കെ പിന്തുണ നൽകുന്നത്?
അച്ഛനും അമ്മയും സഹോദരനും എന്നും എന്റെ താത്പര്യങ്ങൾക്കൊപ്പമുണ്ടായിരുന്നു. മാത്രമല്ല സുഹൃത്തുക്കളും കസിൻസുമെല്ലാം നല്ല 'സബാഷ്" ആളുകളാണ്.
ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് ആരാണ്?
അമ്മയാണ് എന്നും എന്റെ വഴികാട്ടി. കോളേജിലെ ഇംഗ്ളീഷ് പ്രൊഫസർ, ഗുരു കൃഷ്ണമൂർത്തി സർ തുടങ്ങി നിരവധി ഗുരുക്കന്മാർ, അഭിനയത്തിൽ ലാലേട്ടൻ, സംഗീതത്തി ൽ ഹരി ഹരൻ സർ. അങ്ങനെ ഒരുപാട് ആളുകളുണ്ട്. ഭഗവത്ഗീതയും എന്റെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ?
എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാൽ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരാളെ കണ്ടെത്തിയാൽ നടക്കും. നമുക്ക് നോക്കാം.