img-5890

തിരുവനന്തപുരം: കാഴ്ചയ്‌ക്കു മുന്നിലെ ഇരുട്ടിൽ ഇക്കാലംവരെ മറഞ്ഞുനിന്ന വാർത്തകളുടെ ലോകത്തേക്ക്, കേരളകൗമുദി സമ്മാനിച്ച സാങ്കേതിക സൗകര്യത്തിന്റെ വിരൽപിടിച്ച് ദിനപത്രവായനയുടെ പുതിയ അനുഭവവുമായി ആത്മവിശ്വാസത്തോടെ ചുവടുവയ്‌ക്കുകയാണ്, കാഴ്ചപരിമിതരായ രണ്ടു ലക്ഷത്തോളം മലയാളികൾ.

ഇന്ത്യയിൽത്തന്നെ, കാഴ്ചപരിമിതർക്കായി പ്രത്യേകം രൂപകല്പന ചെയ്ത ആദ്യ ഓഡിയോ ദിനപത്രമാണ് അന്ധതയുടെ ഇരുട്ടിൽ വായന അന്യമായിരുന്നവർക്ക് കേൾവിയുടെ അക്ഷരത്തെളിച്ചമായി നിറയുന്നത്. കാഴ്ചപരിമിതരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞും, ടെസ്റ്റ് പേജിനു ശേഷം അവർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചുമാണ് കേരള കൗമുദിയുടെ ഈ പ്രത്യേക പതിപ്പിന്റെ രൂപകല്പന.

അന്ധത കാരണം ഇതുവരെ പത്രവായന വേദനയോടെ മാറ്റിവയ്‌ക്കേണ്ടി വന്നവർക്കാണ് ഏത് സ‌്മാർട്ട് ഫോണിലും അക്‌സസ് ചെയ്യാവുന്ന ഓഡിയോ പത്രം അനുഗ്രഹമാകുന്നത്. കേരളത്തിലെ ആകെ കാഴ്ചപരിമിതരിൽ ആയിരക്കണക്കിനു പേർ വർത്തമാനപത്രങ്ങളുടെ വാർത്താലോകത്തേക്ക് ആദ്യമെത്തുന്നതു തന്നെ, കേരളകൗമുദി ഓഡിയോ പത്രത്തിൽ പ്രവേശിച്ചതിനു ശേഷം! സംസ്ഥാനത്ത് കാഴ്ചപരിമിതരുടെ കൂട്ടായ്മയായ കേരള ഫെഡറേഷൻ ഒഫ് ദ ബ്ളൈൻഡിൽ അംഗങ്ങളായ ആറായിരത്തിലധികം പേരും ഇന്ന് കേരളകൗമുദിയുടെ ഈ പ്രത്യേക പതിപ്പിലൂടെ പ്രഭാത വാർത്തകളുടെ വെളിച്ചത്തിലേക്ക് 'മിഴി തുറക്കുന്നു!'

ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്ന ഇരുന്നൂറോളം ദിനപത്ര വാർത്തകൾ ഇഷ്ടവിഷയ ക്രമത്തിൽ തിരഞ്ഞെടുത്തു കേൾക്കാൻ കാഴ്ചപരിമിതർക്ക് ഇവിടെ സൗകര്യമുണ്ട്. മുഴുവൻ വാർത്തയും തുടർച്ചയായി കേട്ട് പത്രവായനയുടെ സമ്പൂർണ അനുഭവം ആഗ്രഹിക്കുന്നവർക്ക് പ്ളേ ഓൾ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. സുഹ‌ൃത്തുക്കളുമായി പങ്കുവയ്ക്കാൻ താത്‌പര്യപ്പെടുന്ന വാർത്തകൾ വാട്‌സ്ആപ്പിലേക്കോ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലേക്കോ സെൻഡ് ചെയ്യാം. എളുപ്പം കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഏറ്റവും ലളിതമായ ഓപ്‌ഷനുകളോടു കൂടി,​ അനായാസമായ നാവിഗേഷൻ സൗകര്യത്തോടെ കേൾവിക്കപ്പുറം,​ പത്രവായനയുടെ സ്വാഭാവികാനുഭവം പകരുകയാണ്,​ കേരളകൗമുദി ഓഡിയോ ദിനപത്രം.

കാഴ്ചപരിമിതി കാരണം പത്രവായനാ ശീലമില്ലാതിരുന്ന ഞാൻ കേരളകൗമുദി ഓഡിയോ പത്രം കിട്ടിത്തുടങ്ങിയതോടെ ആദ്യമായി പത്രവായന തുടങ്ങി.

അമ്പിളി ജയകുമാർ

വീട്ടമ്മ,​ കഴക്കൂട്ടം,​ തിരുവനന്തപുരം

ഹൃദ്യവും ആഹ്ളാദകരവുമായ അനുഭവം. കാഴ്ചപരിമിതർക്ക് നിഷേധിക്കപ്പെട്ടിരുന്ന വായനയുടെ സ്വാതന്ത്ര്യമാണ് കേരളകൗമുദി നൽകിയിരിക്കുന്നത്.

പ്രൊഫ. ഡോ. ഹബീബ്

ഗവ. ഫാറൂഖ് കോളേജ്,​ കോഴിക്കോട്

കേരളകൗമുദിയുടെ സാമൂഹികപ്രതിബദ്ധത ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന സംരംഭം. ഏറ്റവും നല്ല സ്ക്രീൻ റീഡർ സപ്പോർട്ട് നൽകിയതിന് നന്ദി.

അനിൽകുമാർ

പ്രസിഡന്റ്,​ കേരള ഫെഡ. ഒഫ് ദ ബ്ളൈൻഡ്

പത്രവായനാ മോഹം കാഴ്ചപരിമിതി കാരണം ഇതുവരെ മനസ്സിലൊതുക്കുകയായിരുന്നു. കേരളകൗമുദി ഓഡിയോ പത്രം ലഭിച്ചതോടെ ആഗ്രഹം സഫലമായി.

റോബിൻ രാജ്

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്,​ കൊല്ലം