ഉന്നതരുടെ അഴിമതി അന്വേഷിക്കാനാണ് ലോകായുക്ത എന്ന് കേരളകൗമുദിയിൽ കണ്ടു. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ്.
ദുർബല വിഭാഗങ്ങൾക്ക് 10 രൂപയുടെ ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനം എടുത്താൽ അത് എങ്ങനെ തട്ടിത്തെറിപ്പിക്കാമെന്നു കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്ന സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാർ തന്നെയാകും നഴ്സറി അദ്ധ്യാപകരെ വലക്കാനും മുന്നിട്ടിറങ്ങിയത് എന്നുള്ള കേരളകൗമുദിയിലെ മുഖപ്രസംഗം അർത്ഥവത്തായിരുന്നു.
ജി. ഗോപിനാഥപണിക്കർ, അരുവിപ്പുറം.
കടക്കെണിയിൽ നിന്ന് രക്ഷിക്കാം
എല്ലാ ജീവജാലങ്ങൾക്കും ചൂഷണമില്ലാതെ ജീവിക്കാൻ വേണ്ടതെല്ലാം പ്രകൃതി നൽകിയിട്ടുണ്ട്. ദൈവം മനുഷ്യന് മാത്രം ബുദ്ധിനൽകി. ബുദ്ധി ഉപയോഗിച്ച് അവൻ പ്രകൃതിയേയും സഹചാരികളേയും ചൂഷണം ചെയ്തു പല പല ദുരന്തങ്ങൾക്കും വഴി തെളിച്ചു. ഇപ്പോൾ കണ്ണുകാണ്ട് കാണാൻ പറ്റാത്ത ഒരു ചെറു അണു കൊറോണ ലോകത്തെ മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. അതോടെ ലോക രാഷ്ട്രങ്ങൾ കടക്കെണിയിൽ നട്ടം തിരിയുന്നു.
ഇന്ത്യയെ സംബന്ധിച്ചു പറഞ്ഞാൽ നമ്മുടെ സാമ്പത്തിക ഇടിവിൽ മൊത്തം ജനങ്ങളെയും കടപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്. ആവശ്യത്തിലും അധികം ധനം ചില വ്യക്തികൾ കയ്യടക്കി വച്ചിട്ടുണ്ട്. അത്തരക്കാർ കരിഞ്ചന്തയിലൂടെയും ചൂഷണത്തിലൂടെയും ലക്ഷോപലക്ഷം ജനങ്ങളുടെ കഠിനാദ്ധ്വാനത്തെ മുതലെടുത്തു ഒട്ടേറെ ധനം സമ്പാദിച്ചിട്ടു അതിലൊരു പങ്ക് മതഭേദമില്ലാതെ വലിയ വലിയ ദേവാലയങ്ങൾക്കും ആശ്രമങ്ങൾക്കും നൽകി. മോക്ഷപ്രാപ്തി കിട്ടുമെന്ന ധാരണയിൽ നികുതിയിലും കൃത്രിമം കാട്ടി ലക്ഷക്കണക്കിന് രൂപ നൽകിയിട്ട്, സമൂഹത്തിൽ പേരും പെരുമയും ഉണ്ടാക്കുന്നു.
പല വിധത്തിലും കുന്നുകൂട്ടി വച്ചിരിക്കുന്ന ധനവും സ്വർണവും മറ്റും ഒരു വിഹിതമെങ്കിലളും കണ്ടുകെട്ടിയാൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും കടക്കെണിയിൽ നിന്നും രക്ഷിച്ചു സമത്വത്തിലേക്ക് എത്തിക്കാവുന്നതാണ്.
എസ്. സുകുമാരൻ, ഓച്ചിറ.