തിരുവനന്തപുരം: നിഷ്ക്രിയത്വത്തിനും അനിശ്ചിതത്വത്തിനും പേരുകേട്ടതാണ് എൽ.ഡി.എഫ് സർക്കാരെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഹുൽഗാന്ധിയുടെ ജന്മദിനത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നടന്ന മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധിയുടെ ജന്മദിനത്തിൽ നിരാലംബരും കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് അന്നദാനം നടത്തുകയും, അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമാണ് കോൺഗ്രസ് പാർട്ടി മുന്നോട്ടുവന്നത്. ഈ സന്ദർഭത്തിലാണ് ശിവകുമാറിന്റെ സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാകുന്നത്. കൊവിഡ് കാലത്ത് എം.എൽ.എ എന്ന നിലയിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം ജനങ്ങൾക്കായി നടപ്പിലാക്കിയതെന്ന് മുല്ലപ്പളളി പറഞ്ഞു. 12000 മാസ്കുകളും 500 സാനിറ്റൈസറുകളും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വലിയശാല പരമേശ്വരൻനായർ, പി.പത്മകുമാർ എന്നിവർ ചേർന്ന് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നു ഏറ്റുവാങ്ങി. ചടങ്ങിൽ നെയ്യാറ്റിൻകര സനൽ, കെ.പി.അനിൽകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.