prannoy-srikanth

ന്യൂഡൽഹി : അർഹതയുണ്ടായിട്ടും തന്നെ അർജുന അവാർഡ് ശുപാർശപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതികരണം നടത്തിയ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ്ക്ക് ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ മനിലയിൽ നടന്ന ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതെ ബാഴ്സലോണയിലെ പ്രൊഫഷണൽ ടൂർണമെന്റിൽ പങ്കെടുത്തതിനാണ് പ്രണോയ്ക്ക് നോട്ടീസ് നൽകിയതെന്നാണ് അസോസിയേഷന്റെ വിശദീകരണം. എന്നാൽ ബാഴ്സലോണയിലെ ടൂർണമെന്റിൽ പ്രണോയ്ക്ക് ഒപ്പം പങ്കെടുത്ത കിഡംബി ശ്രീകാന്ത് മാപ്പപേക്ഷ നൽകിയ പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ഖേൽരത്നയ്ക്കായി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തതായി അസോസിയേഷൻ അറിയിച്ചു.

തുടർച്ചയായി രണ്ടാം വർഷവും തന്നെ അർജുന ശുപാർശപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രണോയ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ''കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയവരെ ഒഴിവാക്കി ഇതിലൊന്നും പങ്കെടുക്കാത്തവർക്ക് ശുപാർശ നൽകിയിരിക്കുന്നു. ഈ രാജ്യം ഒരു തമാശയാണ്'' - എന്നാണ് പ്രണോയ് ട്വീറ്റ് ചെയ്തത്. സ്വന്തം നിലയിൽ അർജുനയ്ക്ക് അപേക്ഷിക്കുമെന്നും പ്രണോയ് പറഞ്ഞിരുന്നു.

പ്രണോയ് ഇതിനുമുമ്പ് പലതവണ അസോസിയേഷനെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ടെന്നും 15 ദിവസത്തിനകം ഷോക്കാസ് നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അജയ് സിംഘാനിയ പറഞ്ഞു. പ്രണോയ്ക്ക് പകരം സമീർ വർമ്മയെയാണ് അർജുനയ്ക്കായി അസോസിയേഷൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്.