പാറശാല: നിരവധി മോഷണക്കേസുകളിലെ പ്രതി നഗ്നമോഷ്ടാവ് എന്നറിയപ്പെടുന്ന തമിഴ്‌നാട് മങ്കാട് സ്വദേശി എഡ്വിൻ ജോസ് (29) അറസ്റ്റിലായി. തമിഴ്‌നാട്ടിലെ പാളയംകോട് സെൻട്രൽ ജയിലിൽ നിന്നും 17ഓളം കേസുകളിൽ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് പാറശാല പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വെളുപ്പിന് പാറശാല ആശുപത്രി ജംഗ്‌ഷനിൽ നിന്നും ഒരു ബൈക്കും സമീപത്തെ വീട്ടിൽ നിന്നും നാല് പവന്റെ ആഭരണങ്ങളും കവർച്ച ചെയ്‌ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാൾ മാർത്താണ്ഡത്തെ ചിലങ്ക ജൂവലറി കുത്തിത്തുറന്ന് 37 ലക്ഷം രൂപയും 250 പവൻ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ജൂവലറികളിൽ നിന്നും മോഷണം നടത്തിയ സ്വർണം ഉരുക്കി ഒളിപ്പിച്ച ശേഷം പാറശാലയിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കുഴിത്തുറയിലൂടെ പോകുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരി 18ന് മാർത്താണ്ഡം പൊലീസ് എഡ്വിൻ ജോസിനെ പിടികൂടിയത്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് മോഷണങ്ങളുടെ ചുരുളഴിയുന്നത്. മാർത്താണ്ഡം നേശമണി കോളേജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ഇയാൾ ചെറുവാരക്കോണം ലാ കോളേജിൽ നിന്നും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. ഒരുവർഷത്തോളം ടി.വി.എസ് കമ്പനിയിലും എഡ്വിൻ ജോലി ചെയ്‌തിരുന്നു. പാറശാല എസ്.ഐ മഹേഷ്, എസ്.സി.പി.ഒ പ്രമോദ് കുമാർ, സി.പി.ഒമാരായ ജിജു എസ്. നായർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പാളയംകോട്ടയിൽ നിന്നും അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.