ഹൈദരാബാദ്: ആകാശമേഘങ്ങൾക്കിടെ സൈനിക വിമാനങ്ങൾ കൊടുങ്കാറ്റാകുന്നത് ആഞ്ജൽ കണ്ടുതുടങ്ങിയത് ചായക്കോപ്പയിൽ നിന്ന്!
മദ്ധ്യപ്രദേശിലെ നീമക്കിൽ ചായക്കടക്കാരനായ സുരേഷ് ഗാങ്‌വാളിന്റെ മകൾക്ക് കാണാവുന്നതിലൂം ദൂരെയായിരുന്നു ആ സ്വപ്നം. ശനിയാഴ്ച, ദണ്ടിഗലിലെ ഇന്ത്യൻ എയർഫോഴ്സ് അക്കാഡമിയിലെ ഗ്രാജുവേഷൻ പരേഡിൽ രാഷ്‌ട്രപതിയുടെ മെഡലോടെ ഫ്ളൈയിംഗ് ഓഫീസർ ബാഡ്ജ് അണിയുമ്പോൾ ആഞ്ജലിന് ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ: കൊവിഡ് നിയന്ത്രണങ്ങൾ കാരണം അച്ഛനും അമ്മയ്‌ക്കും ഹൈദരാബാദിലേക്കു വരാനായില്ലല്ലോ.
അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 123 ഫ്ളൈറ്റ് കേഡറ്റുമാരുടെ സംഘത്തിൽ, നാവിഗേഷൻ വിഭാഗത്തിൽ രാഷ്‌ട്രപതിയുടെ മെഡൽ നേടിയ ആഞ്ജലിന്റെ കഥയ്ക്ക് പ്രതിസന്ധികളെ നിശ്ചയദാർഢ്യത്താൽ കീഴടക്കിയ വലിയ സ്വപ്നത്തിന്റെ തിളക്കമുണ്ട്.
നീമക്കിൽ, അച്ഛന്റെ കൊച്ചു ചായക്കടയുടെ മുറ്റത്തുനിന്ന് വിമാനങ്ങളെ നോക്കി കൊതിച്ചിരുന്ന ബാല്യം. ചിറകുണ്ടായിരുന്നെങ്കിൽ എന്നായിരുന്നു ആദ്യമോഹം. സ്കൂളിൽ യുദ്ധവിമാനങ്ങളെക്കുറിച്ചു പഠിച്ചപ്പോൾ ആഞ്ജൽ അതൊരു സ്വപ്‌നമായി സൂക്ഷിച്ചു: യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകണം!
അച്ഛന്റെ ചായക്കട മാത്രമായിരുന്നു വരുമാനം. കഷ്‌ടപ്പാടുകൾക്കിടയിലും രണ്ടു പെൺമക്കൾക്കും മകനും നല്ല വിദ്യാഭ്യാസം നൽകണമെന്ന് നിബന്ധമുണ്ടായിരുന്നു, സുരേഷ് ഗാങ്‌വാളിന്. മൂന്നു മക്കളുടെ പഠനച്ചെലവിനുതന്നെ ബുദ്ധമുട്ടി. നീമക്കിലെ ഗവ. വിമൻസ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയപ്പോൾ, അച്ഛനെ സഹായിക്കാൻ ഒരു സർക്കാർ ജോലിയായിരുന്നു ആവശ്യം. ആദ്യം മദ്ധ്യപ്രദേശ് തൊഴിൽ വകുപ്പിൽ ഇൻസ്പെക്ടർ. എട്ടു മാസത്തിനു ശേഷം പൊലീസ് സബ് ഇൻസ്പെക്‌ടർ ആയി സെലക്ഷൻ. എയർഫോഴ്സ് പൈലറ്റ് എന്ന ആകാശസ്വപ്നത്തിന്റെ ചിറകിലായിരുന്നു അപ്പോഴും ആഞ്ജൽ.
അച്ഛനോടു പറഞ്ഞപ്പോൾ
എയർ ഫോഴ്സ് സ്വപ്നം അച്ഛനോടു പറഞ്ഞപ്പോൾ, മകളുടെ ആഗ്രഹത്തിന് എതിരല്ലായിരുന്നെങ്കിലും ഗാങ്‌വാളിനു സംശയം: അതൊക്കെ നടക്കുമോ? അച്ഛൻ സമ്മതിച്ചാൽ മതി, പറക്കാമെന്ന് ആഞ്ജൽ. പിന്നീട് എയർ ഫോഴ്സ് അക്കാഡമിയിലേക്ക് സെലക്‌ഷൻ. രാജ്യസുരക്ഷയെ ജീവിതലക്ഷ്യമാക്കിയ മകളെക്കുറിച്ച് അഭിമാനപൂർവം പറയാൻ സുരേഷ് ഗാങ്‌വാളിന് ഒരേയൊരു വാക്യം: അവൾ ആകാശത്തോളം പറക്കട്ടെ! വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയയിൽ നിന്നാണ് ആഞ്ജൽ മികച്ച പ്രകടനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം സ്വീകരിച്ചത്. പരിശീലനം പൂർത്തിയാക്കിയ ഫ്ളൈറ്റ് കേഡറ്റുമാർക്ക് ഇത്തവണ ഒരു ദിവസത്തെ ഇടവേള പോലുമില്ല. അക്കാഡമിയിൽ നിന്ന് ആഞ്ജല നേരെ ചിറകുവിരിക്കുന്നത് സേനയുടെ ആകാശദൗത്യങ്ങളിലേക്ക്.