2

ശ്രീകാര്യം: ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വർക്കല സ്വദേശി ഷൈജുവിന്റെ ചിത്രം പതിഞ്ഞ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചു. ഷൈജുവിന്റെ മൃതദേഹം തൂങ്ങി നിന്ന കെട്ടിടത്തിലേക്ക് ഷൈജു ഒറ്റയ്ക്ക് പോകുന്ന സി സി ടിവി കാമറ ദൃശ്യമാണ് ശ്രീകാര്യം പൊലീസിന് ലഭിച്ചത്. തൂങ്ങിനിന്ന കെട്ടിടത്തിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ സി.സി ടിവി കാമറയിലാണ് ഷൈജു നടന്ന് പോകുന്ന ദൃശ്യം ലഭിച്ചത്. സംഭവം നടന്നതിന്റെ തലേന്ന് വൈകിട്ട് 5.34 ന് നടന്ന് പോകുന്ന ദൃശ്യമാണിത്. എന്നാൽ ഷൈജു ഇവിടെ എങ്ങനെയെത്തി എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. മറ്റാരുടെയും ദൃശ്യങ്ങൾ കാമറയിൽ കണ്ടെത്താനായിട്ടില്ല. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും കിട്ടിയതിന് ശേഷമേ കൂടുതൽ അറിയാൻ കഴിയുകയുള്ളൂവെന്ന് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. ഈ മാസം 15 നാണ് ഷൈജുവിനെ ശ്രീകാര്യത്ത് കെട്ടിടത്തിന്റെ പിറകു‌വശത്ത് മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും രക്തക്കറകളും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.