ആതുര സേവനത്തിലൂടെ മാനവ സ്നേഹ മാതൃകകൾ ലോകത്തിനു കാഴ്ചവയ്ക്കുന്ന നഴ്സുമാരുടെ ദിനം ഈയിടെ വലിയ സംഭവമായി നമ്മളെല്ലാം കൊണ്ടാടി.
‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തതും ഒരു നഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നഴ്സിന്റെയും.. സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്ന് ഓർമ്മപ്പെടുത്താനും കൂടിയാണ് ഈ ചൊല്ല്. എന്നാൽ കൊവിഡ് എന്ന മഹാമാരി ലോകമെങ്ങും പിടിമുറുക്കിയതോടെ നഴ്സുമാർ ശരിക്കും ഭൂമിയിലെ മാലാഖമാരായി മാറുകയായിരുന്നു. എന്നാൽ ചിലയിടങ്ങളിൽ നഴ്സുമാരോടുള്ള ക്രൂരതക്ക് കൈയും കണക്കുമില്ലായിരുന്നു.
ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണു തുണയാവുക. അങ്ങനെയാണു സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഇവരുടെ വേദന കാണാതെ പോകുന്ന ചിലരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. മാസ്കും പി.പി. ഇ കിറ്റും ഗ്ളൗസും അണിഞ്ഞ് ഒരു ഗ്ളാസ് പച്ചവെള്ളം പോലും കുടിക്കാനാകാതെ കൊവിഡ് വാർഡുകളിലും മറ്റും ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവർ. അവരെയും ഇത്തരക്കാർക്ക് പരിഹാസമാണ്. പറഞ്ഞു വരുന്നത് കണ്ണൂർ ജില്ലയിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ്. ധർമ്മം കൊടുത്തില്ലെങ്കിലും പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ മിടുക്കരായ ചില പൊതു പ്രവർത്തകർ. അവരാണ് ഈ മാലാഖയെ അപമാനിച്ചു വിട്ടത്.
തലശേരിക്കടുത്ത ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചത് നടുക്കുന്ന വാർത്തയായി. നിർധന കുടുംബത്തിൽപെട്ട യുവതിക്ക് ചിലരുടെ അപമാനം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സാണ് രാഷ്ട്രീയവേട്ടയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് ന്യൂമാഹി പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
നഴ്സിന്റെ സഹോദരി കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽനിന്ന് ന്യൂമാഹിയിലെ വീട്ടിലെത്തിയിരുന്നു. സഹോദരിയും സമ്പർക്കമുണ്ടായ അമ്മയും മാഹി ചാലക്കരയിലെ ബന്ധുവീട്ടിൽ ക്വാറന്റൈനിലായിരുന്നു. സമ്പർക്കമില്ലാത്ത നഴ്സ് ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇത് അംഗീകരിക്കാതെ നഴ്സിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്.
വിവാദമുണ്ടായപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം നഴ്സിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. സമരക്കാരുടെ ക്വാറന്റൈൻ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായി. തെറ്റായ ആരോപണം ഉന്നയിച്ച് നഴ്സിനെ അപമാനിച്ച പാർട്ടികൾക്കെതിരെ നിയമ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ഇടപെട്ടു. ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിച്ചു. അതുകൊണ്ടു മാത്രമാണ് വേഗത്തിൽ നടപടിയായത്.
സമൂഹത്തിന് ഒരു പ്രയോജനവുമില്ലാതെ പൊതുപ്രവർത്തകർ എന്ന മേലങ്കിയണിഞ്ഞ് നടക്കുന്ന ഒരു പറ്റം എല്ലായിടത്തുമുണ്ട്. ഇവരൊന്നും ചെയ്യില്ലെന്നു മാത്രമല്ല, മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതു ഇവർ കാണുകയുമില്ല. ഇത്തരക്കാരുടെ പേക്കൂത്തുകളാണ് നഴ്സിനെയും കടുകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ അവധിയില്ലാതെ സേവനം നടത്തുകയാണെന്നും തെറ്റുകാരിയെന്ന് ചിത്രീകരിച്ചതിൽ വേദനയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുറച്ചുകാലമായി ചിലർ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരാളെ ഇല്ലാതാക്കണമെന്ന് വിചാരിച്ച് ഒരുകൂട്ടം വന്നാൽ മറ്റൊന്നും ചെയ്യാനാവില്ല. ആത്മാർഥമായി ജോലിചെയ്തിട്ടും എന്റെ ജോലിയെക്കുറിച്ചാണ് കുറ്റം പറഞ്ഞത്. ഇനിയും എനിക്ക് സഹിക്കാൻ വയ്യെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ആത്മഹത്യാ കുറിപ്പിൽ ചിലരുടെ പേരും എഴുതിവച്ചു.
ഇതുകൊണ്ടൊന്നും തീർന്നില്ല. അരിശം മൂത്തവർ ബോധമറ്റ് ആശുപത്രിയിൽ കിടക്കുന്ന യുവതിയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ അപവാദ പ്രചരണങ്ങളുമായി രംഗത്ത് വന്നു. ഉന്നത ഇടപെടലിനെ തുടർന്നാണ് ഒടുവിൽ താത്കാലികമായി ആശ്വാസമായത്.
ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായ ഒരു പാവം നഴ്സിനോട് ഇത്രയും ക്രൂരത വേണമായിരുന്നോ?