ഒരാളിന്റെ മുഖ്യശ്രതുവാരെന്നറിയാമോ ? അപ്പുറത്തെ കുട്ടപ്പണ്ണനോ, ഇപ്പുറത്തെ ഭാക്കരണ്ണനോ ഒന്നുമല്ല. ശത്രു കൂടെ നടക്കുകയാണ്. അവസരം കിട്ടിയാൽ കാല് വാരിയിടാൻ. ഏതൊരാളിന്റെ ജീവിതത്തിലും ആ ശത്രുവുണ്ടായിരിക്കും. അതാരപ്പാ അങ്ങനെയൊരു ശത്രു? ഇതുവരെ അങ്ങനെയൊന്നിനെപ്പറ്റി കേട്ടിട്ടേയില്ലല്ലോ. ശത്രുവാണെന്നറിഞ്ഞിട്ടും ചിലർ അതിനെ കാര്യമായി മെരുക്കിക്കൊണ്ട് നടക്കും. പാപ്പാൻ ആനയെ കൊണ്ട് നടക്കും പോലെ. വലിയ കുഴപ്പമൊന്നും വരുത്താതെ. ചിലർ മെരുക്കിയാൽ മെരുങ്ങത്തില്ല. കൈവിട്ടു പോകും. പിന്നെ രക്ഷയില്ല. കണ്ടിട്ടില്ലേ ചെറിയ പ്രായത്തിൽ തന്നെ ജരാനരകൾ ബാധിച്ച് ഒരു മാതിരി കിളവൻ ലുക്കുമായി നടക്കുന്നത്. ശത്രു കാല് വാരിയതാണ്. ചിലർ എത്ര പ്രായമായാലും സുമുഖനായി നടക്കും. ഇത് ശത്രുവിന്റെ കളികളാണ്. കാലത്തെ തോൽപ്പിച്ച് മുന്നേറാൻ കഴിയുന്ന ഒരേയൊരാളേയുള്ളൂ. അതാണീ 'പ്രായ ശത്രു.' ആള് ചില്ലറക്കാരനല്ല, കൊത്തി നോവിക്കും. മുപ്പത്, നാൽപ്പത്, അമ്പത്, അറുപത്, എഴുപത്, എൺപത്. അങ്ങനെ അവൻ ചാടിച്ചാടി നിൽക്കും. മനുഷ്യൻെറ മനസമാധാനം കളയാൻ. ഓരോ ചാട്ടത്തിനും ഓരോ ലക്ഷ്യങ്ങളുണ്ട്. ആ ഘട്ടത്തിൽ ആ ലക്ഷ്യം നിറവേറ്റിക്കൊള്ളണം. ഇല്ലെങ്കിൽ പിന്നെ വലിയ പാടാണ്. പഠിക്കാനുള്ള പ്രായം, കളിക്കാനുള്ള പ്രായം, വിവാഹം കഴിക്കാനുള്ള പ്രായം.... അങ്ങനെ പോകുന്നു ആ ലക്ഷ്യഗുണങ്ങൾ. ചിലർ പ്രായത്തെ മറന്ന് പോകും. പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് 'ങ്ങാ -നല്ല പ്രായത്തിൽ കഴിഞ്ഞില്ല പിന്നെയാ...' എന്ന് വേവലാതിപ്പെടുന്നത്.
പ്രായം നമ്മിൽ മോഹം നൽകി. മോഹം നമ്മിൽ പ്രേമം നൽകി എന്ന് പാടുന്നത് ചുമ്മാതല്ല. പ്രായം അഴിച്ചുവിട്ട കുതിരയെപ്പോലെയാണ്. കടിഞ്ഞാണില്ലാതെ പായും. ചെറുപ്രായത്തിൽ, അതായത് മീശമുളയ്ക്കുന്ന പ്രായത്തിൽ, മീശ വേഗം വരണേ എന്ന് ആഗ്രഹിക്കുന്നു. മീശയില്ലാതാകുമ്പോൾ തീപ്പെട്ടിക്കോല് കൊണ്ട് മീശ വരച്ചുവച്ചിരുന്ന കാലം. അത് ഇന്തക്കാലമല്ല, അന്ത പോയ കാലം. ഇന്തക്കാലത്ത് മീശ മുന്നേ പറക്കുന്നുണ്ട്. മീശ വന്നു കഴിയുമ്പോഴോ ഹോ -വേണ്ടായിരുന്നുവെന്നും സൂപ്പറാണെമെന്നുമുള്ള തോന്നലുകൾ. ചിലർ മീശപിരിക്കും. ചിലർ കട്ടയ്ക്ക് മീശ വയ്ക്കും. ചിലർ മീശയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കും. എന്റെ പൂമുഖത്ത് നിന്നെ വളരാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്തുകൊണ്ട് മിസ്റ്റർ ക്ളീനായി വിലസും. മീശയും താടിയുമൊക്കെ അങ്ങനെ നിറഞ്ഞുനിറഞ്ഞു നിൽക്കുന്ന സുന്ദരസുരഭിലകാലം വസന്തകാലം പോലെയാകും. വസന്തം മാറി ഹേമന്തം വരുമ്പോഴാണ് മീശയ്ക്കും താടിക്കുമൊക്കെ കളർ കോമ്പിനേഷൻ വരാൻ തുടങ്ങുന്നത്. അപ്പോഴാണ് ഇതൊന്നും വേണ്ടായിരുന്നെന്ന് ചിന്തിക്കുന്നത്. അത് ശത്രു നൽകുന്ന മുന്നറിയിപ്പാണ്. ' ഡേയ് ..നീ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു' എന്ന മുന്നറിയിപ്പ്. ചിലർക്ക് ആ കോമ്പിനേഷൻ മിന്നും ലുക്കാകും. ചിലർ അതിനെ പെയിന്റടിച്ച് തോൽപ്പിക്കും. തോൽക്കാൻ ഞങ്ങൾക്ക് മനസില്ല, കരയാൻ ഞങ്ങൾക്ക് മനസില്ല എന്ന വീറും വാശിയോടെ. കറുക്കും തോറും വെളുക്കാൻ തുടങ്ങുന്ന ശത്രുവായി അത് മാറും. പിന്നെയൊരു പാേരാട്ടമാണ്. അതിൽ വിജയം എന്നും ശത്രുവിനൊപ്പമാകും. കാരണം ശത്രു കാലത്തിന്റെ നോമിനിയാണ്.
പത്ത് വയസിന് താഴെയുള്ളവരും അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരും ഇപ്പോൾ നോട്ടപ്പുള്ളികളാണ്. പൊതുനിരത്തിൽ കണ്ടാൽ അപ്പോൾ പൊക്കും. ഇവർക്ക് എങ്ങും പ്രവേശനമില്ല. ക്ഷേത്രങ്ങളിൽ കയറ്റില്ല, ഷോപ്പിംഗ് മാളുകളിൽ കയറ്റില്ല. എന്തിന് നാലാള് കൂടുന്നിടത്ത് ഇവർക്ക് അയിത്തം കൽപ്പിച്ചിരിക്കുകയാണ്. പത്ത് വയസുകാരൻ പതിനാെന്നാകാൻ കൊതിക്കുന്ന കാലം. അറുപത്തിയഞ്ചുകാരൻ പിന്നിലേക്ക് നോക്കി വേവലാതിപ്പെടുന്ന കാലം. ഇതും ശത്രുവിന്റെ കളിയാണ്. പത്തുകാരനും അറുപത്തിയഞ്ചുകാരനും ഒരേ സ്റ്റാറ്റസ്. ഇവരുടെ മനസിന്റെ വേദന ആരറിയുന്നു? പ്രതിരോധശക്തി കുറഞ്ഞവരാണ് രണ്ടുകൂട്ടരും. ആർക്കും എപ്പോഴും കയറി നിരങ്ങാമെന്ന് അർത്ഥം. അതുകൊണ്ടാണ് വീട്ടിനകത്ത് ഇരുത്തിയിരിക്കുന്നത്. അവിടെ കാവൽ നിൽക്കുന്നതും ശത്രുവാണ്. പത്തുകാരനെയും അറുപത്തിയഞ്ചുകാരനെയും ക്ഷേത്രങ്ങളിൽ കയറ്റാത്തതിൽ ഉൗറ്റം കൊള്ളുന്നവരുമുണ്ട്. അവർ ശബരിമലയുടെ സ്ത്രീപക്ഷ ശബ്ദത്തിൽ ദൈവത്തെ 'ഫെമിനിസ്റ്റ് " എന്ന് വിളിച്ച് ആഹ്ളാദിക്കുന്നു.
ചെറുപ്രായത്തിൽ നിൽക്കുമ്പോൾ വലിയ പ്രായക്കാരനാണെന്നറിയിക്കാൻ വലിയ ത്വരയാണ്. പതിനേഴ് പതിനെട്ട് വയസുള്ളപ്പോൾ ഒരു ഇരുപതുകാരന്റെ മട്ടാകാനാണ് മോഹം. ഡിഗ്രിക്ക് പഠിക്കുന്നവർക്കൊപ്പം ചങ്ങാത്തം കൂടാനുള്ള അടവാണത്. ആ അടവിന് നിലനില്പില്ല. കുറേക്കഴിയുമ്പോൾ ചെറുപ്രായത്തിലേക്ക് തിരിച്ചുവരാനാണ് മോഹം. പത്ത് വയസുകാരന്റെ മോഹവും അറുപത്തിയഞ്ചുകാരന്റെ വികാരവും അതുതന്നെയാണ്.
പതിനാല് പതിനഞ്ച് വയസുകാരൻെറ വേദന അമ്പോ അപാരമാണ്. അവനിൽ എന്നുമൊരു വിലക്കിൻെറ കണ്ണുണ്ട്. പണ്ട് സിനിമാ പോസ്റ്ററുകളിൽ വലിയൊരു 'A'യുണ്ടായിരുന്നു. എടുത്ത് ചാരി വച്ചതു പോലെ 'A' അങ്ങനെ നിൽക്കും. അതിൽ കണ്ണുവയ്ക്കാൻ പതിനഞ്ചുകാരനും അതിന് താഴെയുള്ളവനും ഒരധികാരവുമില്ല. പക്ഷേ, നോക്കാനും വയ്യ, നോക്കാതിരിക്കാനും വയ്യ എന്ന അവസ്ഥ. സീമ ഷർട്ട് മാത്രമിട്ട് നിൽക്കുന്ന 'A' പോസ്റ്ററുണ്ടായിരുന്നു. അവളുടെ രാവുകളുടെ പോസ്റ്റർ. പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനമില്ല എന്ന മുന്നറിയിപ്പും. കാണാനും വയ്യ, കാണാതിരിക്കാനും വയ്യ. ആ 'A'യും ആ പോസ്റ്ററുമൊക്കെ എവിടെപ്പോയി? അതിനെ കാലം മായ്ച്ചു കളഞ്ഞു. അത് ശത്രുവിന്റെ മിടുക്കായി കാണുമ്പോൾ കൂടെപ്പോയത് സിനിമയിലെ കാബറെ നൃത്തവും ഷക്കീല ചേച്ചിയുമൊക്കെയാണ്.
അന്ന് 'A' എന്ന് കോട്ടൽ ചമ്മലാണ്. ഇന്ന് 'A' എന്ന് കേട്ടാലാേ അഭിമാനവും! മോൾക്ക് ഗ്രേഡ് 'എ' ആണ് 'എ പ്ളസാ'ണ് എന്ന് അന്തസോടെ പറയുന്ന രീതിയിലേക്ക് 'A' യുടെ ജാതകം മാറിയിരിക്കുന്നു.
പ്രായം എന്ന ശത്രുവിനുമുണ്ടൊരു ശത്രു. അത് പ്രണയവും ഹാപ്പിയുമാണെന്നാണ് ഒരു നിത്യഹരിത ജീവിത നായകൻ പറയുന്നത്. ചുമ്മാ ചിരിക്കുക. സന്തോഷം കൊണ്ട് നിറയ്ക്കുക. ടേക്ക് ഇറ്റ് ഈസി പോളിസിയായാൽ പ്രായം തോറ്റുപോകുമെന്നാണ് നായകൻെറ കണ്ടെത്തൽ. മനസിൽ വിഷമം കൊണ്ടല്ല പ്രണയം കൊണ്ട് നിറയ്ക്കുക. ഒപ്പം പീഡനക്കേസിൽ പ്രതിയാവാതെ സൂക്ഷിക്കുക എന്ന് നായകൻെറ ഉപദേശവും.
*****
വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങുമെന്നാണ് ഒരു പ്രവാചകൻെറ വിലയിരുത്തൽ. നമ്മൾ നമ്മളെ മറക്കാതിരുന്നാൽ വാർദ്ധക്യം നാണിക്കുമെന്ന് പ്രവചനവും.
*****
ആണിനേക്കാൾ പ്രായം തോൽപ്പിക്കുന്നത് പെണ്ണിനെയാണെന്നാണ് ഒരു വിദഗ്ധൻ പറയുന്നത്. പെണ്ണിന് പെട്ടെന്ന് പ്രായം തോന്നിക്കും. ആണിൽ പ്രായം സ്ളോമോഷനാണ്. അതുകൊണ്ടാണ് പ്രായവ്യത്യാസമിട്ട് കല്യാണം കഴിപ്പിച്ചിരുന്നത്. ആ കാലം കഴിഞ്ഞ് ഇപ്പോൾ തുല്യപ്രായക്കാരായി കല്യാണം മാറിയപ്പോൾ ഇനി ആര് തോൽക്കുമെന്നാണ് കണ്ടറിയേണ്ടതെന്നാണ് കല്യാണം മറന്ന ഒരു അവിവാഹിതൻ പറയുന്നത്.
*****
കമല സുരയ്യയുടെ 'മിഡിൽ ഏജ്' എന്നൊരു ഇംഗ്ളീഷ് കവിതയുണ്ട്. കമല സുരയ്യ കമലദാസ് ആയിരുന്നപ്പോൾ എഴുതിയതാണ്. ഒരമ്മ എപ്പോഴാണ് മദ്ധ്യവയസ്കയാകുന്നത് എന്നാണ് കവിത പറയുന്നത്. ശരീരത്തിൽ ചുളിവുകൾ വീഴുമ്പോഴല്ല, കുട്ടികൾ അവരോട് കയർത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴാണ്. അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നിടത്ത് അല്ലെങ്കിൽ അമ്മ ഒറ്റയ്ക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുമ്പോഴാണ് ആ അമ്മ മദ്ധ്യ വയസിൽ എത്തുന്നതെന്നാണ് കവിത വരച്ചു കാട്ടുന്നത്. പ്രായം കൂടുമ്പോൾ സ്നേഹം കുറയും. ബന്ധങ്ങൾ കുറയും. പിന്നെ ഒരു ബാദ്ധ്യതയാകും. എന്റെ വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന് ആ അമ്മ ചോദിക്കുമ്പോൾ എനിക്കിന്ന് തിരക്കാണ് ഒറ്റയ്ക്ക് പൊയ്ക്കോളൂ എന്ന് മകൻ പറയുമ്പോൾ പണ്ട് എവിടെ പോയാലും കൂടെ വരാൻ കരഞ്ഞ മകന്റെ ചിത്രമായിരിക്കും അമ്മയുടെ മനസിൽ തെളിയുക. മദ്ധ്യവയസ്ക്കയുടെ അവസ്ഥയെ കവിത കണ്ണീരണിയിക്കുമ്പോൾ അതിനപ്പുറത്തെ പ്രായത്തിന്റെ അവസ്ഥയാണ് എഴുതാത്ത കവിതകളായി സമൂഹത്തിൽ ഇപ്പോൾ നിറയുന്നത്.