സോസിഡാഡിനെ കീഴടക്കി റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്ത്
2-1
മാഡ്രിഡ് : കൊവിഡിനു മുമ്പ് സ്പാനിഷ് ലാലിഗയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ബാഴ്സലോണയെ പിന്തള്ളി റയൽമാഡ്രിഡ് മുന്നിലെത്തി. ലോക്ക്ഡൗണിനു ശേഷം നടന്ന മൂന്നാം മത്സരത്തിലും വിജയിച്ച റയൽമാഡ്രിഡ് ബാഴ്സയ്ക്കൊപ്പം ഒരേ പോയിന്റ് നിലയിലായി റയൽ ഈ സീസണിൽ നേർക്കു നേർ പോരാട്ടത്തിൽ ബാഴ്സയെ തോല്പിച്ചതിനാൽ ഒന്നാം സ്ഥാനക്കാരുമായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സോസിഡാഡിനെയാണ് റയൽ മാഡ്രിഡ് കീഴടക്കിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്സലോണ സെവിയ്യയോട് ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് റയലിന് പട്ടികയിൽ ഒന്നാമതെത്താൻ വഴി തുറന്നത്. കഴിഞ്ഞ രാത്രി സോസിഡാഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 50-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നായകൻ സെർജിയോ റാമോസാണ് റയലിന് ലീഡ് നൽകിയത്. 70-ാം മിനിട്ടിൽ കരിം ബെൻസേമ രണ്ടാം ഗോളും നേടി. 83-ാം മിനിട്ടിൽ മൈക്കിൾ മെനിനോയാണ് സോസിഡാസിന്റെ ആശ്വാസഗോൾ നേടിയത്.
ഇരു ടീമുകൾക്കും 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റ് വീതമാണുള്ളത്. ബാഴ്സ 69 ഗോളുകൾ നേടുകയും 31 എണ്ണം വഴങ്ങുകയും ചെയ്തപ്പോൾ റയൽ 57ഗോളുകൾ നേടുകയും 21 എണ്ണം വഴങ്ങുകയും ചെയ്തപ്പോൾ റയൽ 57 ഗോളുകൾ നേടുകയും 21 എണ്ണം വഴങ്ങുകയും ചെയ്തു. എന്നാൽ ഗോൾ ശരാശരിയല്ല നേർക്ക് നേർ പോരാട്ടമാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്രാഥമിക താരതമ്യമാനദണ്ഡം.
ഗോളുകൾ ഇങ്ങനെ
1-0
50-ാം മിനിട്ട്,
സെർജിയോ റാമോസ്
വിനീഷ്യസ് ജൂനിയറിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തിട്ടതിന് ലഭിച്ച പെനാൽറ്റി റാമോസ് വലയിലാക്കുകയായിരുന്നു.
2-0
7-ാം മിനിട്ട്,
കരിം ബെൻസേമ.
വൽവെർദെ ലിഫ്റ്റ് ചെയ്ത് നൽകിയ ക്രോസ് ബെൻസേമ തോൾ കൊണ്ട് തടുത്തിട്ടശേഷം വലയിലേക്ക് തൊടുക്കുകയായിരുന്നു.
2-1
83-ാം മിനിട്ട്
മൈക്കിൾ മെറിനോ
പകരക്കാരനായിറങ്ങിയ ഉടൻ കിട്ടിയ പന്തിൽ നിന്ന് റോബർട്ടോ ലോപ്പസ് നൽകിയ പാസാണ് മെറിനോ ഇടതു വിംഗിലൂടെ കയറി ഗോളാക്കിയത്.
കാഴ്ച മറച്ചു, ഗോൾ പോയി
68-ാം മിനിട്ടിൽ ജനുസാജ് റയലിന്റെ വല കുലുക്കിയെങ്കിലും 'വാർ' പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. സോഡിഡാസ് താരം മെറിനോ റയൽ ഗോളി കുർട്ടോയ്സിന്റെ കാഴ്ച മനഃപൂർവം മറച്ച് കയറി നിന്നതിനാലായിരുന്നു ഇത്.
റെക്കാഡ് റാമോസ്
സ്പാനിഷ് ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധ താരം എന്ന റെക്കാഡ് റയൽ ക്യാപ്ടൻ സെർജിയോ റാമോസ് സ്വന്തമാക്കി. 68 ഗോളുകൾ തികച്ച റാമോസ് ബാഴ്സലോണ മുൻ ഡിഫൻഡർ റൊണാൾഡ് കോമാന്റെ റെക്കാഡാണ് തകർത്തത്. പരിക്കേറ്റ് വീണതിന് പിന്നാലെയാണ് റാമോസ് പെനാൽറ്റി ഗോളാക്കിയത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു.
പോയിന്റ് നില
റയൽമാഡ്രിഡ് 30-65
ബാഴ്സലോണ 30-65
അത്ലറ്റിക്കോ 30-52
സെവിയ്യ 30-52
ഗെറ്റാഫെ 30-48
(ടീം, കളി, പോയിന്റ് എന്ന ക്രമത്തിൽ)