മലയാളത്തിന്റെ പുതിയ
ചിരി താരം ഹരീഷ് കണാരന്റെ ജീവിത
വഴികളിലൂടെ...
എനിക്ക് വലിയ സിൽമാ നടനാകണമെന്ന' ഉത്തരം പറഞ്ഞ ആ നാലാംക്ളാസുകാരനെ കോഴിക്കോട് നടക്കാവ് യു.പി സ്കൂളിലെ കൂട്ടുകാർക്ക് ഇപ്പോഴും ഒാർമയുണ്ട്.ഛേ... അവൻ ഡോക്ടറുടെയും എൻജിനിയറുടെയും പേര് പറഞ്ഞില്ല.പറഞ്ഞതുപോലെ തന്നെ അവൻ വലിയ സിൽമാ നടനായി.ഒാടിനടന്നു അഭിനയിക്കുന്നു.ഡോക്ടറുടെയും എൻജിനിയറുടെയും വേഷം സിനിമയിൽ പോലും ഇതുവരെ കെട്ടിയില്ല. കള്ളന്റെയും കൂട്ടുകാരന്റെയും വേഷങ്ങളാണ് അധികവും.അവൻ ആശിച്ചതിലും അപ്പുറം സിനിമ നൽകി കൊണ്ടേയിരിക്കുന്നു.ആശിച്ചവന് ആകാശത്തുനിന്ന് ആനയെ കിട്ടിയെ പോലെ.
'' അച്ഛനും അമ്മയ്ക്കും ഒറ്റമോനാ ഞാൻ. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. അച്ഛന് സ്വകാര്യ ബാങ്കിലായിരുന്നു ജോലി. ആ ബാങ്കിന് സമീപം പണിക്കർ സ്കൂളിലാണ് ഒന്നിലും രണ്ടിലും പഠിച്ചത്. രാവിലെ അച്ഛൻ സ്കൂളിൽ കൊണ്ടാക്കും.വൈകിട്ട് അച്ഛന്റെ ബാങ്കിലേക്ക് .ദിവസവും അതായിരുന്നു പതിവ്. എന്റെ മാമൻ കല്യാണം കഴിച്ചത് അച്ഛന്റെ പെങ്ങളെയായിരുന്നു. അച്ഛന്റെ പെങ്ങളും മാമനുമൊക്കെ 'നീ വീട്ടിൽ ഒറ്റയ്ക്ക് നിക്കണ്ട ഇങ്ങോട്ട് പോരേ" എന്ന് പറഞ്ഞു. അങ്ങനെ തിരുവണ്ണൂരിന് പോയി. തിരുവണ്ണൂർ സ്കൂളിലാണ് മൂന്നാംക്ളാസ് പഠിച്ചത്. ആ സമയത്ത് അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. ഞാൻ വീണ്ടും സ്കൂൾ മാറി. നടക്കാവ് യു.പി സ്കൂളിൽ നാലുമുതൽ ഏഴുവരെ. എട്ടിൽ ചാലപ്പുറം ഗണപത് ബോയ്സിൽ .""ഒാർമകളുടെ കൈയും പിടിച്ച് ഹരീഷ് കണാരൻ നടന്നു.മുന്നിൽ കോഴിക്കോട്ടെ വെള്ളിത്തിരകൾ.മോഹൻലാൽ സിനിമയുമായി ഒരു വെള്ളി ദിനം വരാൻ കാത്തിരുന്ന ദിവസങ്ങളായിരുന്നു അത്.
'' ചെറുപ്പകാലത്ത് അച്ഛന്റെ കൂടെയായിരുന്നു സിനിമ കാണൽ. എല്ലാ സിനിമകളും അച്ഛൻ കാണിച്ചു. കൂടുതലും ലാലേട്ടന്റെ സിനിമകൾ. വെള്ളാനകളുടെ നാട്, ദശരഥം, മൂന്നാംമുറ, ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ് ,പട്ടണപ്രവേശം... സിനിമകളുടെ എണ്ണം അങ്ങനെ കിടക്കുന്നു. പത്താംക്ളാസിൽ പഠിക്കുമ്പോൾ ഒറ്റയ്ക്ക് സിനിമ കാണാൻ തുടങ്ങി. സ്കൂളിൽ സമരമുണ്ടെങ്കിൽ അന്ന് സിനിമ കാണും. ദിലീപേട്ടന്റെ സിനിമകളാണ് കൂടുതലും കണ്ടത്. അങ്ങനെ ദിലീപേട്ടന്റെ ആരാധകനായി. ഫാൻസ് അസോസിയേഷൻ പ്രവർത്തകനായി. ക്ളാസ് കട്ട് ചെയ്തും സിനിമയ്ക്ക് പോയി. ആ സമയത്താണ് സിനിമ ഒരു വലിയ മോഹമായി മനസിൽ നിറഞ്ഞത്.
എട്ടു മുതൽ പത്തുവരെ നഗരത്തിലെ സ്കൂളിലാണ് പഠിച്ചത്. പുതിയ കൂട്ടുകാർ. ഇപ്പോഴത്തെ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ദേവരാജനായിരുന്നു അന്ന് പ്രിയ ചങ്ങാതി. ഞങ്ങളൊരുമിച്ച് ഒാഡിയോ കാസറ്റുകൾ കേട്ട് ജയറാമേട്ടന്റെയൊക്കെ ശബ്ദം അനുകരിക്കാനും സ്കിറ്റ് അവതരിപ്പിക്കാനും തുടങ്ങി. അങ്ങനെയാ മിമിക്രിയുടെ തുടക്കം.പത്താംക്ളാസിൽ പഠിക്കുമ്പോൾ ജയപ്രകാശ് കുളൂർ സാറിന്റെ നാറ്റം നാടകം ചെയ്തു. ഇപ്പോഴത്തെ നടൻ ഹരീഷ് പേരടിയാണ് സംവിധാനം ചെയ്തത്. ആ നാടകത്തിന് സമ്മാനം കിട്ടി. അഭിനയത്തിന് കിട്ടിയ ആദ്യ സമ്മാനം. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ആ നാടകത്തിൽ ഒരു ഭടന്റെ വേഷമായിരുന്നു എനിക്ക്.
പത്താംക്ളാസിൽ തോറ്റതോടെ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. ഒരു കൈത്തൊഴിൽ പഠിക്കട്ടെയെന്ന് വിചാരിച്ച് പരീക്ഷിച്ചു!ഫിലിം ഒാപ്പറേറ്ററുടെയും വർക്ക് ഷോപ്പ് മെക്കാനിക്കിന്റെയും സഹായി, ബ്രോക്കർ ഒാഫീസിൽ ഫോൺ അറ്റൻഡർ, പെയിന്റിംഗ് ജോലി, ആട്ടോ ഡ്രൈവറുടെ കുപ്പായം അങ്ങനെ കുറേ ജോലികൾ . ഇത്രയും ജോലികൾ ചെയ്യാൻ കഴിഞ്ഞതിന്റെ പ്രയോജനം ഇപ്പോഴാണ് കിട്ടിയത്. ഈ വേഷമൊക്കെ സിനിമയിൽ നന്നായി കെട്ടുന്നു !""
ഫിലിം ഒാപ്പറേറ്ററാകാൻ ശ്രമിച്ചു. സർട്ടിഫിക്കറ്റ് വേണമെങ്കിൽ എസ്.എസ്.എൽ.സി പാസാവണമെന്ന കാര്യം തിയേറ്റർ മാനേജരാണ് എന്നോട് പറഞ്ഞത്. സത്യത്തിൽ ഞെട്ടിപ്പോയി.മാങ്കാവിലെ പാരലൽ കോളേജിൽ ചേർന്നു.അവിടെവച്ചാണ് സന്ധ്യയെ കാണുന്നത്. സന്ധ്യ അവിടെ ട്യൂഷന് വന്നതായിരുന്നു.ആദ്യ കാഴ്ചയിൽ എനിക്കവളെ ഇഷ്ടമായി. ഞാനവളുടെ പിന്നാലെ അഞ്ചാറുമാസം നടന്നു. പഠിത്തം നടന്നില്ല. കട്ട പ്രേമം. പത്തുവർഷം ഞങ്ങൾ പ്രണയിച്ചു.
രണ്ടും കല്പിച്ചായിരുന്നു ഞാൻ. ഒന്നുകിൽ എസ്.എസ്.എൽ.സി ജയിക്കണം. അല്ലെങ്കിൽ സന്ധ്യയെ കെട്ടണം അതായിരുന്നു എന്റെ ലക്ഷ്യം. നിറവേറ്റിയത് രണ്ടാമത്തെ ലക്ഷ്യം.ഞാനപ്പോഴും മിമിക്രി അവതരിപ്പിച്ച് നടപ്പാണ്. സീസൺ സമയത്ത് മാസത്തിൽ അഞ്ചെട്ട് പ്രോഗ്രാം കാണും. സീസൺ കഴിഞ്ഞാൽ പെയിന്റിംഗിന് പോവും.
മിമിക്രി പ്രോഗ്രാം ഒന്നുകൂടി പ്രൊഫഷണലായി. മാസത്തിൽ മുപ്പത് പരിപാടികൾ ചെയ്തു തുടങ്ങിയ സമയത്താണ് വിവാഹം കഴിക്കുന്നത്. ആ സമയത്ത് സീസൺ കഴിഞ്ഞാൽ സന്ധ്യയുടെ വരുമാനം കൊണ്ടാണ് ജീവിച്ചത്.
സിനിമയിലെത്താനുള്ള എളുപ്പവഴി കലാഭവനിൽ മിമിക്രി അവതരിപ്പിക്കുകയാണെന്ന് ഹരീഷ് തിരിച്ചറിഞ്ഞു.
വിനോദ് കോവൂരിന് തിരക്കായപ്പോൾ ഹരീഷ് ടീമിലെത്തി. എന്താ ബാബ്യേട്ടാ എന്ന സ്കിറ്റ് സൂപ്പർ ഹിറ്റായി. വിനോദ് കോവൂർ ചെയ്ത ജാലിയൻ കണാരന്റെ വേഷം ഹരീഷ് അവതരിപ്പിച്ചു.
''വിനോദേട്ടൻ ചെയ്ത കണാരനെ കാണാതെ ഞാൻ എന്റേതായ രീതിയിൽ മാറ്റി. അത് സൂപ്പർ ഹിറ്റായി. സംസ്ഥാന ടെലിവിഷൻ അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ കിട്ടി.കണാരനെ എന്റെ പേരിനൊപ്പം ചേർത്തു. ആ സ്കിറ്റ് കണ്ടാണ് അക്കു അക്ബർ സാർ സിനിമയിലേക്ക് വിളിച്ചത്. ഉത്സാഹക്കമ്മിറ്റി ആദ്യ സിനിമയായി.അതിന് ശേഷം വന്ന സപ്തമശ്രീ തസ്ക്കരഃ ബ്രേക്കായി.
ഒരു സെക്കൻഡ് ക്ളാസ് യാത്രയിലാണ് പിന്നെ അഭിനയിച്ചത്. ഒരുദിവസം ആ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ അരുൺഘോഷ് എന്നെ വിളിച്ചു: 'ഹരീഷ് ഭായ്.. ഒാട്ടോ ഒാടിക്ക്വോ?"
ഒാട്ടോ ഡ്രൈവറുടേതടക്കം ജീവിതത്തിൽ എത്രയോ വേഷങ്ങൾ കെട്ടിയാടിയ എനിക്ക് ആ ചോദ്യം കേട്ട് ചിരിവന്നു.
'ഒാട്ടോ ഒാടിക്കാനറിയാമെങ്കിൽ നാളെ കായംകുളത്തേക്ക് വാ" യെന്ന് പറഞ്ഞു. ഞാൻ രാവിലെ ട്രെയിൻ കയറി . കറുപ്പുടുത്ത സ്വാമിയായ ഒാട്ടോ ഡ്രൈവറുടെ വേഷം. ഒാട്ടോയ്ക്ക് മുന്നിൽ അയ്യപ്പന്റെ ഫോട്ടോ. കള്ളന്മാരും പൊലീസും കൂടി എന്റെ ഒാട്ടോയിൽ കയറുമ്പോൾ ഞാൻ ചോദിക്കും: ' എല്ലാരും കൂടി നേരം വെളുത്തപ്പോത്തന്നെ കുളിച്ച് കുറിയും തൊട്ട് എങ്ങോട്ടാ പോണേ.""
അപ്പോൾ ജോജു പറയും:'ഞങ്ങൾ ചുംബനസമരത്തിന് പോകുകാ. എന്താ വരുന്നുണ്ടോടാ." അവിടെ ഒരു കൗണ്ടർ ഡയലോഗ് പറയണമെന്ന് വിനീത് ശ്രീനിവാസൻ എന്നോട് പറഞ്ഞു.
ഞാൻ ഡയറക്ടർമാരോടും എല്ലാരോടും ആലോചിച്ച് ഒരു കൗണ്ടർ കണ്ടെത്തി. 'ഞാൻ മലയ്ക്ക് പോവാൻ മാലയിട്ട് പോയി"യെന്ന് പറഞ്ഞാ മതിയോ?
വിനീത് പറഞ്ഞു: 'അതുമതി". വിനീതിന് അതിലെ ഹ്യൂമർ പെട്ടെന്ന് പിടികിട്ടി. തിയേറ്ററിൽ ആ സീനിന് നല്ല കൈയടിയും ചിരിയും കിട്ടി. ഞാനാ ഡയലോഗ് പറഞ്ഞശേഷം വിനീത് എന്നോട് പറഞ്ഞു: 'നമുക്ക് വീണ്ടും കാണണംട്ടോ" വിനീത് നമ്പർ തന്നു. എന്റെ നമ്പറും വാങ്ങി.
ചെന്നൈയിൽ വിനീത് ശ്രീനിവാസന്റെയടുത്ത് സ്ക്രിപ്റ്റ് വായിക്കാൻ പോയി.അപ്പോ വിനീത് പറഞ്ഞു: 'കൗട്ട രതീഷ് എന്ന കാരക്ടർ നമുക്ക് ഹരീഷ് ഭായിയെക്കൊണ്ട് ചെയ്യിക്കാം.,"
ആ സിനിമയാ കുഞ്ഞിരാമായണം. കുഞ്ഞിരാമായണം കണ്ട് പിറ്റേദിവസം ദിലീപേട്ടൻ വിളിച്ച് ടൂ കൺട്രീസിൽ റോൾ തന്നു. അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.''
സംഭാഷണത്തിലെ കോഴിക്കോടൻ ശൈലിയാണ് ഹരീഷ് കണാരന്റെ പ്ളസ്. കോഴിക്കോട് ഭാഷയ്ക്ക് നന്മയും ലാളിത്യവുമുണ്ട്. അതിനാൽ അത് തിയേറ്ററിൽ ഏൽക്കുന്നു. പിന്നെ ഹരീഷ് തന്മയത്വത്തോടെ പറയാനും ചെയ്യാനും മാത്രമേ ശ്രമിക്കുന്നുള്ളൂ. അതിനാൽ പ്രേക്ഷകർക്ക് മടുപ്പില്ല.