അകന്നുതുടങ്ങിയ കൊവിഡ് ഭീതി വീണ്ടും പെരുകിയതിന് പിന്നാലെ പ്രളയഭീഷണിയും നേരിടാൻ ഒരുങ്ങുകയാണ് എറണാകുളം ജില്ലക്കാർ. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽ കൊവിഡ് പെരുകിയപ്പോൾ കുറവ് രോഗം രേഖപ്പെടുത്തിയ എറണാകുളം കഴിഞ്ഞ ദിവസം ഇരട്ടയക്കം കടന്നു. ബാങ്കിന്റെ ഗ്ളാസ് വാതിൽച്ചില്ല് പൊട്ടിവീണ് തുളച്ചുകയറി വീട്ടമ്മ ദാരുണമായി മരിച്ചത് സംസ്ഥാനത്തിന്റെ തന്നെ വേദനയായി മാറി.
സംരംഭക കൂടിയായ കൂവപ്പടി ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിൽ നോബിയുടെ ഭാര്യ ബീന (43) യുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിൽ നിന്ന് ജില്ല മുക്തമാക്കിട്ടില്ല. പെരുമ്പാവൂരിലെ ബാങ്ക് ഒഫ് ബറോഡ ശാഖയിൽ പൊട്ടിവീണ വാതിലിലെ ചില്ലുകൾ വയറ്റിൽ തുളച്ചു കയറിയാണ് ബീന ദാരുണമായി മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഇലക്ട്രിക് കട നടത്തുന്ന ബീന പണമെടുക്കാനാണ് ബാങ്കിലെത്തിയത്. ക്യൂവിൽ നിന്നപ്പോഴാണ് സ്കൂട്ടറിൽ നിന്ന് താക്കോൽ എടുത്തിട്ടില്ലെന്ന് ഓർമ്മിച്ചത്. ബാഗിൽ പണവുമുണ്ടായിരുന്നു. താക്കോലെടുത്ത് വരാമെന്ന് ക്യൂവിൽ നിന്നവരോട് പറഞ്ഞ് ധൃതിയിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ ഗ്ളാസ് വാതിലിൽ തലയിടിച്ചു. പൊട്ടിവീണ ചില്ലിലേക്ക് ബീന വീഴുകയും ചെയ്തു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും വീണു. അപ്പോഴേക്കും ഗ്ളാസ് വയറിൽ തുളച്ചുകയറിയിരുന്നു. ബാങ്ക് ജീവനക്കാരും ഇടപാടുകാരും ഓടിയെത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. കരളിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ മുറിവാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. വിദ്യാർത്ഥികളായ മൂന്നു മക്കൾ ബീനക്കുണ്ട്.
വീണ്ടും
കൊവിഡ് ഭീതി
പ്രവാസികൾ ദിവസവും വിമാനത്തിൽ ഏറ്റവുമധികം വന്നിറങ്ങുന്ന ജില്ലയാണ് എറണാകുളം. കൊച്ചി വിമാനത്താവളത്തിലെ കർശനമായ പരിശോധനകൾക്ക് വിധേയമായാണ് പ്രവാസികൾ സ്വദേശങ്ങളിലേക്ക് പോകുന്നത്. ആയിരത്തിലേറെപ്പേർ ദിവസവും കൊച്ചിയിൽ വരുന്നുണ്ട്. രോഗം ബാധിച്ചവരിൽ എറണാകുളം ജില്ലക്കാർ കുറവായിരുന്നു. ഈമാസം 15 ന് സ്ഥിതി മാറി. 13 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർ എറണാകുളം ജില്ലക്കാരാണ്. മറ്റുള്ളവർ മറ്റു ജില്ലക്കാരും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വന്നവരുമാണ്. രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 83 പേരായും വർദ്ധിച്ചു. ഇവരിൽ എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന അഞ്ചു പേരുടെ ആരോഗ്യനില ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ തുടരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണങ്ങൾ ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പറയുന്നു. വിദേശങ്ങളിൽ നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരാണ് രോഗം ബാധിച്ചവർ. ഇവരിൽ നിന്ന് ബന്ധുക്കൾ ഉൾപ്പെടെ മറ്റാർക്കും രോഗം പകർന്നിട്ടില്ല. ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികളിലാണ് രോഗം കണ്ടെത്തുന്നത്. ക്വാറന്റൈൻ കാലത്താണ് രോഗം സ്ഥിരീകരിച്ചത്. വീട്ടുകാരുമായോ മറ്റാരെങ്കിലുമായോ സമ്പർക്കം പുലർത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ലാത്തത് രോഗവ്യാപനത്തിന്റെ ആശങ്ക കറയ്ക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇനിയും പ്രളയമോ,
നേരിടാൻ റെഡി
രണ്ടു മഹാപ്രളയങ്ങളുടെ ദുരിതം ഇനിയും മാറാത്ത ജില്ലയിൽ മഴക്കാലം കനത്തതിന്റെ ആശങ്ക പെരുകുകയാണ്. പെരിയാറിലും മൂവാറ്റുപുഴയാറിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും തീരദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നെങ്കിലും പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ചിട്ടില്ല. തൊടുപുഴയിലെ മലങ്കര അണക്കെട്ട് തുറന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടകരമല്ല. രണ്ടിടത്തെയും സ്ഥിതി രണ്ടു മണിക്കൂർ ഇടവിട്ട് ജലവിഭവ വകുപ്പ് വിലയിരുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്നുണ്ട്.
പ്രളയസാദ്ധ്യത വിലയിരുത്തി ജാഗ്രതാ നടപടികളും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും സ്വീകരിച്ചു. ഏതു സന്ദർഭത്തെയും നേരിടാൻ ഫയർ ആൻഡ് റെസ്ക്യൂ സേനയും ഒരുക്കങ്ങൾ ആരംഭിച്ചു. നേര്യമംഗലം മുതൽ പെരിയാർ കടലിൽ ചേരുന്നിടം വരെ തീരപ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളും മുൻകരുതലുകൾ ആരംഭിച്ചു.
പ്രളയസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ മുൻകരുതലുകൾ ആരംഭിച്ചു. ഇത്തരം പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി. ജനങ്ങളെ താമസിപ്പിക്കാൻ ക്യാമ്പുകൾക്ക് കെട്ടിടങ്ങളും കണ്ടെത്തി. കൊവിഡ് പശ്ചാത്തലത്തിൽ മുതിർന്നവർക്കും കുട്ടികൾക്കുമുൾപ്പെടെ പ്രത്യേക പരിഗണന നൽകും. കൊവിഡ് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പ് സൗകര്യവും ഒരുക്കുന്ന നടപടികൾ തുടരുകയാണ്. പ്രളയജലം കയറാതിരിക്കാൻ തോടുകളുടെ ആഴം വർദ്ധിപ്പിച്ച് ഒഴുക്ക് സുഗമമാക്കാൻ വിവിധ സ്ഥലങ്ങളിൽ പണികൾ പുരോഗമിക്കുകയാണ്.
പ്രളയമുണ്ടായാൽ സന്നദ്ധ പ്രവർത്തനത്തിന് 32,223 സന്നദ്ധ പ്രവർത്തകരെ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. സന്നദ്ധം പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശസ്വയംഭരണം, പൊലീസ്, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുകളുമായി സഹകരിച്ച് ഇവർ സന്നദ്ധപ്രവർത്തനം നടത്തും.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനം, ശുചിത്വം, പ്രളയസ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുക തുടങ്ങിയവക്ക് ഇവരെ ഉപയോഗിക്കും.
വാഹനപ്പിഴ ഇനി കൈയോടെ അടയ്ക്കാം
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്നവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇനി കൈയോടെ പിഴ അടയ്ക്കാം. സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലയിലാണ് ഇ ചെലാൻ പദ്ധതി ആരംഭിച്ചത്. വാഹൻ, സാരഥി എന്നീ ഓൺലൈൻ സംവിധാനങ്ങൾക്ക് പുറമെയാണ് കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനം നിലവിൽ വരുന്നത്. കേസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്താലുടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലുള്ള സ്വൈപ്പിംഗ് മെഷീനിൽ കാർഡുകൾ കൊണ്ട് പിഴത്തുകയും അടയ്ക്കാം. രജിസ്റ്റേർഡ് ഉടമയുടെ മൊബൈലിലേക്ക് അപ്പോൾ തന്നെ സന്ദേശവും ലഭിക്കും.
പിഴ കൈയോടെ അടച്ച് രക്ഷപെടാമെന്ന വിചാരം വേണ്ട. ഓരോ വാഹനവും നടത്തുന്ന നിയമലംഘനങ്ങൾ തത്സമയം ഇ ചെലാൻ സംവിധാനത്തിൽ രേഖപ്പെടുത്തും. വാഹനത്തിനോ ഡ്രൈവർക്കോ എതിരായ നിയമലംഘനങ്ങൾ രാജ്യത്തെവിടെയും ലഭിക്കും.
നിയമ ലംഘനത്തിന്റെ ഫോട്ടോകൾ സഹിതമാകും രേഖപ്പെടുത്തൽ. തുടർച്ചയായ കുഴപ്പക്കാർ പിടിയിലാകുമെന്ന് ഉറപ്പ്. ഇതുമൂലം കൂടുതൽ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കാൻ തയ്യാറാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.