സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു നിലമ്പൂർ കവളപ്പാറയിലേത്. 59 ജീവനുകളും 42 വീടുകളും മണ്ണിനടിയിലായി. 2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കി മുത്തപ്പൻകുന്ന് നെടുകെ പിളർന്ന് ഉരുൾപൊട്ടിയത്. ഉറ്റവരും കിടപ്പാടവും നഷ്ടപ്പെട്ട 53 കുടുംബങ്ങൾ ദുരന്തം പിന്നിട്ട് പത്ത് മാസം കഴിയുമ്പോഴും ക്യാമ്പിൽ നരക ജീവിതത്തിലാണ്. ക്യാമ്പിൽ കൊണ്ടുപോയി ആക്കുന്നത് വരെ എല്ലാവരും ഉണ്ടായിരുന്നെങ്കിൽ പിന്നെ തിരിഞ്ഞുനോക്കാൻ ആരുമില്ലാതായി.
ആദിവാസികൾ ഉൾപ്പടെയുള്ള ദുരന്ത ബാധിതർക്ക് വീടിനും സ്ഥലത്തിനുമായി പത്ത് ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടമെടുത്ത തീരുമാനമാണ് ഏക ആശ്വാസം. പ്രഖ്യാപിച്ച തുക കൈയിൽ കിട്ടിയാലെ സഹായം ലഭിച്ചെന്ന് ഉറപ്പിക്കാനാവൂ എന്നതാണ് ഇവരുടെ മുൻകാല അനുഭവം. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുൻ ജില്ലാ കളക്ടർ ജാഫർ മാലിക്കും നിലമ്പൂർ എം.എൽ.എ പി.വി.അൻവറും തമ്മിലെ വടംവലിയും വല്യേട്ടൻ പോരുമാണ് ഈ മനുഷ്യരെ ഇപ്പോഴും ക്യാമ്പിൽ തളച്ചിട്ടത്.
ഇനിയും വീടായില്ലെങ്കിൽ ദുരന്തഭൂമിയിൽ കുടിൽകെട്ടി അവിടെ കിടന്ന് മരിക്കുമെന്ന് കോളനി സന്ദർശിച്ച പുതിയ കളക്ടർ കെ.ഗോപാലകൃഷ്ണനോട് മാദ്ധ്യമപ്രവർത്തകരെ സാക്ഷിനിർത്തി മൂപ്പൻ ചാത്തൻ സഹികെട്ട് പറഞ്ഞതിന് പിന്നാലെയാണ് പത്ത് ലക്ഷം രൂപ അനുവദിക്കാൻ നടപടികളായത്. താങ്ങാവേണ്ടവർ വടംവലിക്ക് ഇറങ്ങിയപ്പോൾ ഒരുകൂട്ടം മനുഷ്യർ അനുഭവിച്ച ദുരിതത്തിന്റെ നേർകാഴ്ചയാണ് കവളപ്പാറ.
അൽപ്പം
ഫ്ലാഷ് ബാക്ക്
ദുരന്തഭൂമിയാണെങ്കിലും ജനിച്ച നാടിനെ ഉപേക്ഷിക്കാൻ കവളപ്പാറക്കാർ തയ്യാറല്ല. കവളപ്പാറയ്ക്ക് സമീപമോ തങ്ങളുടെ പഞ്ചായത്തായ പോത്ത്കല്ല് പരിധിയിലോ പുനരധിവസിപ്പിക്കണമെന്ന ആവശ്യമായിരുന്നു ഇവരുടേത്. ഇതിലുൾപ്പെടാത്ത ഉപ്പട ചെമ്പൻകൊല്ലിയിൽ ജില്ലാ ഭരണകൂടം കണ്ടെത്തിയ ഭൂമിയിൽ സ്വകാര്യ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടോടെ മാതൃകാ ഗ്രാമം നിർമ്മിക്കാനായിരുന്നു ജില്ലാ കളക്ടറായിരുന്നു ജാഫർ മാലിക്കിന്റെ പദ്ധതി. ഇവിടം കവളപ്പാറക്കാർ താത്പര്യം കാണിക്കാത്തതിനാൽ മറ്റൊരു പ്രളയ ബാധിതരായ ചളിക്കൽ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു കളക്ടറുടെ പദ്ധതി. ആദ്യം കവളപ്പാറക്കാരുടെ പുനരനധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ എം.എൽ.എ ചെമ്പൻകൊല്ലിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞതോടെ പോരിന് തുടക്കമായി. ഇവിടെ ഭൂമി വാങ്ങിയപ്പോൾ തന്നോട് അന്വേഷിച്ചില്ലെന്നും കളക്ടറുടെ നടപടി വിജിലൻസ് അന്വേഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഭൂമി വാങ്ങുന്നതിന് പർച്ചേഴ്സ് കമ്മിറ്റിയും നടപടിക്രമങ്ങളുമുണ്ടെന്നും നിയമപ്രകാരം ഇതിൽ എം.എൽ.എയ്ക്ക് പങ്കില്ലെന്നും കളക്ടർ തിരിച്ചടിച്ചു. പിന്നാലെ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന റീബിൽഡ് നിലമ്പൂർ പ്രളയ പുനരധിവാസ പദ്ധതിക്കെതിരെ കളക്ടർ രംഗത്തുവന്നു. സൗജന്യമായി സ്ഥലവും പണവും ലഭിച്ചിട്ടും ഒരുവീട് പോലും നിർമ്മിച്ചിട്ടില്ല. റീബിൽഡിന് ലഭിച്ച ഭൂമി സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങണമെന്ന എം.എൽ.എയുടെ ആവശ്യം അംഗീകരിക്കാനാവില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും കളക്ടർ തിരിച്ചടിച്ചു. കളക്ടർ അഹങ്കാരിയും സഹകരിക്കാത്തയാളും കേന്ദ്ര സർക്കാരിന്റെ ഏജന്റുമാണെന്ന് എം.എൽ.എയും. പരസ്പരം ചളി വാരിയെറിയൽ പുരോഗമിച്ചതല്ലാതെ കവളപ്പാറക്കാരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. പുതിയ ഭൂമി കണ്ടെത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നിലച്ചു.
കാത്തിരിപ്പ് നീളും
ചെമ്പൻകൊല്ലിയിലെ വീടുകൾ തങ്ങൾക്ക് വേണ്ടെന്ന നിലപാട് പുതിയ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ മുന്നിലും കവളപ്പാറക്കാർ ആവർത്തിച്ചു. വിഷയം ചൂടുപിടിച്ചതോടെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നു. ഭൂമിയേറ്റെടുപ്പ് ഇനിയും നീളുമോയെന്ന ആശങ്കയിൽ പത്ത് ലക്ഷം രൂപ അനുവദിച്ചാൽ ഭൂമി സ്വയം കണ്ടെത്താൻ സന്നദ്ധരാണെന്ന് കവളപ്പാറ ഊര് മൂപ്പൻ യോഗത്തിൽ അറിയിച്ചു. ചോർന്നൊലിക്കാത്ത, പേടിക്കാതെ കിടന്നുറങ്ങാൻ കഴിയുന്ന ഒരിടം അത്രമാത്രമേ അന്നും ഇന്നും ഇവർ ചോദിക്കുന്നൊള്ളൂ. പത്ത് ലക്ഷം നൽകിയാൽ പുലിവാല് പിടിക്കാതെ രക്ഷപ്പെടാമെന്നതിനാൽ അധികാരികൾക്കും ഏറെ താത്പര്യം. പ്രിയപ്പെട്ടവരടക്കം എല്ലാം നഷ്ടപ്പെട്ടവർക്ക് അതിവേഗത്തിൽ പുനരധിവാസമെങ്കിലും ഉറപ്പാക്കേണ്ടപ്പോഴാണ് അവരെ ക്യാമ്പുകളിൽ പൂട്ടിയത്.