
ആലപ്പുഴ:മൂന്നര പതിറ്റാണ്ടായി ആലപ്പുഴക്കാർ അർത്ഥമറിഞ്ഞും അറിയാതെയും പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കാണ് 'ബൈപ്പാസ്'.കാലക്രമത്തിൽ നടക്കാൻ സാദ്ധ്യതയില്ലാത്ത എന്ത് കാര്യത്തെയും വിശേഷിപ്പിക്കാൻ 'ബൈപ്പാസി"നെ ചിലർ ഉപയോഗിച്ചു തുടങ്ങി. ഏതു തിരഞ്ഞെടുപ്പ് വന്നാലും എല്ലാ മുന്നണികളും ഒരു പോലെ ആലപ്പുഴ ബൈപ്പാസ് എന്നുപറഞ്ഞ് തൊള്ളതുറക്കും. പദ്ധതി നടക്കാതിരിക്കുന്നതിന്റെ കുറ്റം ഓരോ മുന്നണിയും സൗകര്യം പോലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി വീതിച്ചു നൽകുകയും ചെയ്തു പോന്നു.പരസ്പരം എറിയാൻ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു 'കൊഴി" കൂടിയായിരുന്നു ബൈപ്പാസ്. പക്ഷെ ആ സ്ഥിതിയെല്ലാം മാറുകയാണ്. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ"എന്ന സിനിമാ ഡയലോഗുപോലെ ഇപ്പോൾ ബൈപ്പാസും യാഥാർത്ഥ്യമാവുന്ന ഘട്ടത്തിലെത്തി. ചിലപ്പോൾ രണ്ട് മാസത്തിനുള്ളിൽ ഇതുവഴി വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ രാഷ്ട്രീയക്കാർക്ക് പിന്നെ എറിഞ്ഞു കളിക്കാൻ വേറെ കൊഴിവേണ്ടിവരും.
രാജഭരണകാലത്തെ രൂപത്തിൽ നിന്ന് അധികം രൂപമാറ്റംവരാത്ത ഇടുങ്ങിയ റോഡുകൾ, വശങ്ങളിൽ പലേടത്തും പുരാതനമായ കെട്ടിടങ്ങൾ, മുക്കിന് മുക്കിന് കുപ്പിക്കഴുത്തു പോലുള്ള ഇടുങ്ങിയ പാലങ്ങൾ(ചില പാലങ്ങൾക്ക് വീതികൂടി) ഇതെല്ലാം ചേർന്നതാണ് ആലപ്പുഴ നഗരം.നിത്യേന ഇറങ്ങുന്ന വാഹനങ്ങളുടെ പെരുമഴ കൂടിയായപ്പോൾ നഗരത്തിൽ ഗതാഗതം വീർപ്പുമുട്ടലായി. ഈ പ്രതിസന്ധി മുന്നിൽ കണ്ടാണ് പതിറ്റാണ്ടുകൾക്ക് മുമ്പേ ആലപ്പുഴയിൽ ഒരു ബൈപ്പാസ് എന്ന ആശയം ഉയർന്നുവന്നത്. പല രാഷ്ട്രീയ നേതാക്കളും ഇക്കാര്യം തലകുലുക്കി സമ്മതിച്ചെങ്കിലും എന്തോ, കാര്യങ്ങൾ നീങ്ങിയില്ല. 1985-ൽ കെ.പി.ഉണ്ണികൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് ബൈപ്പാസിന് തറക്കല്ലിട്ടത്. അതോടെ ആലപ്പുഴക്കാർ വല്ലാതെ സന്തോഷിച്ചെങ്കിലും വെറും വാഗ്ദാനം പോലെ തറക്കല്ല് അങ്ങനെ നിന്നു,കല്യാണം ഉറയ്ക്കാത്ത നാളുദോഷക്കാരിയെപ്പോലെ.
ആലപ്പുഴ ബീച്ചുവഴി ബൈപ്പാസ് റോഡിന്റെ സർവെ ഇതിനിടെ നടന്നു.റോഡു വന്നാൽ ബീച്ചിന്റെ സൗന്ദര്യം പോകുമെന്ന തടസവാദവും ഉടലെടുത്തു.ബൈപ്പാസിന്റെ ശനിദശ അവിടെ തുടങ്ങി.വി.എം.സുധീരൻ, ടി.ജെ.ആഞ്ചലോസ്,ഡോ.കെ.എം.മനോജ് തുടങ്ങിയ എം.പിമാരെല്ലാം തിരഞ്ഞെടുപ്പു വാഗ്ദാനമായി ബൈപ്പാസിനെക്കുറിച്ച് പറയുകയും അതിന് വേണ്ടി തങ്ങളാലാവും വിധം പരിശ്രമം നടത്തുകയും ചെയ്തു.പക്ഷെ നിർമ്മാണത്തിന് ഒരു നീക്കുപോക്കുമുണ്ടായില്ലെന്ന് മാത്രം. ഡെൽഹിയിൽ സ്വാധീനമുണ്ടായിരുന്ന പല പ്രഗത്ഭരും ഇതിന് വേണ്ടി ശ്രമം നടത്തിയതും മറന്നുകൂടാ. വയലാർരവി, എ.കെ.ആന്റണി, സി.കെ.ചന്ദ്രപ്പൻ തുടങ്ങിയവരെല്ലാം ബൈപ്പാസിന് വേണ്ടി കഴിയുന്ന നീക്കങ്ങൾ നടത്തി.കെ.സി.വേണുഗോപാൽ ആലപ്പുഴ എം.എൽ.എ ആകുകയും യു.ഡി.എഫ് സർക്കാരിൽ മന്ത്രിയാവുകയും ചെയ്ത ഘട്ടത്തിൽ നടത്തിയ ശ്രമവും മറക്കാനാവില്ല.നഗരസഭാ ചെയർമാനായിരുന്ന ചിത്തരഞ്ജനും അന്ന് നഗരസഭാ പ്രതിപക്ഷനേതാവും പിന്നീട് എം.എൽ.എയുമായ എ.എ.ഷുക്കൂറുമടക്കം പല നേതാക്കളും ഇതിനായി ചില കാര്യങ്ങൾ ചെയ്തു. ഇതിനിടെ കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്റർ ദൂരത്തിൽ മനോഹരമായ ആലപ്പുഴ ബീച്ചുവഴി ബൈപ്പാസിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.കേന്ദ്രവും സംസ്ഥാനവും പകുതി ചിലവ് എന്ന ധാരണയിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സംസ്ഥാനം നിർമ്മാണത്തിന് പണം അനുവദിച്ചത്. ബീച്ചിന് ദോഷം വരാത്തവിധം 3.2 കിലോ മീറ്റർ എലിവേറ്റഡ് റോഡ് നിർമ്മാണത്തിനും ധാരണയായി.പണി തുടങ്ങിയപ്പോൾ സാധാരണ സംഭവിക്കുന്നപോലെ പലവിധ തടസങ്ങളും ഉടക്കുകളും ഉടലെടുത്തെങ്കിലും കാര്യങ്ങൾ ഒരു വിധം മുന്നോട്ടു പോയി.റെയിൽവെ ലൈനിന് മുകളിലൂടെയുള്ള രണ്ട് ഓവർബ്രിഡ്ജുകൾ-മാളികമുക്കിലും കുതിരപ്പന്തിയിലും നിർമ്മിക്കുന്ന ഘട്ടമെത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്.
റെയിൽവെ വക 
ഉടക്കുകൾ
റെയിൽവെയുടെ അനുമതി ഇല്ലാതെ ഇത് സാദ്ധ്യമാവില്ല.അതിന്റെ ചിലവിനെചൊല്ലിയും നിർമ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങളെചൊല്ലിയും തടസങ്ങൾ ഒന്നൊന്നായി ഉയർന്നതോടെ ബൈപ്പാസ് വീണ്ടും ഏട്ടിലെ പശുവായി.ഇടതു മുന്നണിക്കും യു.ഡി.എഫിനും ഒരു ക്ളച്ചും കിട്ടാത്ത ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകകൂടി ചെയ്തതോടെ ഇനി പ്രതീക്ഷവേണ്ട എന്ന മട്ടിലായി പ്രചാരണങ്ങൾ.നിർമ്മാണ ജോലികൾക്ക് ആദ്യമുണ്ടായിരുന്ന വേഗത കുറഞ്ഞും തുടങ്ങി.
എന്നാൽ പിണറായി സർക്കാർ വന്ന ശേഷം നടത്തിയ നിരന്തര ശ്രമങ്ങളും കേരളത്തിലെ റെയിൽവെയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്റെ ജാഗ്രതാപൂർണ്ണമായ ഇടപെടലും നിർമ്മാണത്തിലെ താളം വീണ്ടും കൊണ്ടുവരാൻ സഹായിച്ചു.
കേന്ദ്ര സർക്കാരും നിലപാട് തീർത്തും അനുഭാവപൂർണ്ണമാക്കി. ഓവർബ്രിഡ്ജുകളുടെ പണിയുമായി ബന്ധപ്പെട്ട് സംസ്ഥാനം റെയിൽവെയ്ക്ക് നൽകേണ്ട പണം അടയ്ക്കുക കൂടി ചെയ്തതോടെ സംഭവം ഫിനിഷിംഗ് ഘട്ടത്തിലെത്തി.
ഗർഡറുകളിൽ തട്ടി 
വീണ്ടും തടസം
മാളിക മുക്കിലെ ഒന്നാം ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് ചില സാങ്കേതിക തടസങ്ങൾ റെയിൽവെ ഉന്നയിച്ചിരുന്നു. റെയിൽവെ നിർമ്മാണ വിഭാഗവും പാലം പണിക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് ദേശീയപാത വിഭാഗവും നടത്തിയ സംയുക്ത ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചാണ് പണി തുടങ്ങിയത്. കുതിരപ്പന്തിയിലെ രണ്ടാം ഓവർബ്രിഡ്ജിന്റെ ഗർഡറുകളുടെ ബോൾട്ടുകൾക്ക് റെയിൽവെ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ വ്യാസമുണ്ടെന്ന കണ്ടെത്തൽ വീണ്ടും തടസമായി.റെയിൽവെ ബോർഡിന്റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനാവാത്ത സ്ഥിതിയുമായി. മന്ത്രി സുധാകരൻ തന്നെ ഇടപെട്ട് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കി.രണ്ടാം ഓവർബ്രിഡ്ജിലെ നാല് ഗർഡറുകൾ കൂടി സ്ഥാപിച്ചു കഴിഞ്ഞാൽ ബൈപ്പാസ് യാഥാർത്ഥ്യമാവും.കഴിഞ്ഞ ദിവസം ഈ ജോലികൾ തുടങ്ങി.ജൂൺ 25 വരെ റെയിൽവെ ജോലികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഇതുകൂടി 
കേൾക്കണേ
പണി തീർന്നാലും ഉദ്ഘാടനത്തിന് വേണ്ടി റോഡ് അടച്ചുവയ്ക്കുന്ന പതിവ് നമുക്കുണ്ട്. ബൈപ്പാസിന്റെ കാര്യത്തിൽ ഇങ്ങനൊരു കാത്തിരിപ്പ് വരുത്തരുതേ എന്നാണ് ആലപ്പുഴക്കാരുടെ പ്രാർത്ഥന.