കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ നാട്ടുകാരെ ഇപ്പോൾ ഭയപ്പെടുത്തുന്നത് വന്യമൃഗ ശല്യമാണ്. നിരന്തരം കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചതോടെ ഗ്രാമവാസികൾ കടുത്ത ഭീതിയിലാണ്. കാട്ടാന, പുലി, കാട്ടുപന്നി, ചെന്നായ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ ജനവാസ മേഖലയിലാണ് ആക്രമണം വർദ്ധിച്ചത്. ശനിയാഴ്ച പട്ടാപ്പകൽ തെന്മലയിലും ഇടപ്പാളയത്തും ഇറങ്ങിയ ചെന്നായ്ക്കൾ രണ്ടുപേരെ കടിച്ച് പരിക്കേൽപ്പിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. തെന്മല സ്വദേശി വിജയൻ, ഇടപ്പാളയം ലക്ഷം വീട് കോളനിയിലെ സതീശൻ എന്നിവരെയാണ് ചെന്നായ് ആക്രമിച്ചത്. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. പുനലൂർ ഗവ. താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. വനപാലകർ രാത്രിയിൽ നടത്തിയ പരിശോധനയിൽ ചെന്നായയെ പിടികൂടി താത്കാലിക കൂട്ടിലടച്ചെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. ജനവാസ മേഖലയിലിറങ്ങുന്ന പുലി പശു, ആട്, വളർത്ത് നായ തുടങ്ങിയ മൃഗങ്ങളെ കടിച്ച് കൊല്ലുന്നത് പതിവാണ്. വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചത് മൂലം താമസക്കാർ ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. മുൻപ് വന്യമൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ കൊന്നുതിന്നുകയുമായിരുന്നു പതിവ്. എന്നാൽ മനുഷ്യരെയും ആക്രമിച്ചു തുടങ്ങിയതിനെ അധികൃതരും ഗൗരവത്തോടെയാണ് കാണുന്നത്.
ആനടച്ചാടി, ഇടപ്പാളയം, ആര്യങ്കാവ്, കുറവൻതാവളം, വെഞ്ച്വർ, 27മല, ഇരുളൻകാട്, തെന്മല, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, പുളിമുക്ക്, ആനപെട്ട കോങ്കൽ, തോണിച്ചാൽ, ചെറുതന്നൂർ, ഉപ്പുകുഴി, ഓലപ്പാറ, മാമ്പഴത്തറ, ചെറുകടവ്, ചാലിയക്കര എന്നീ പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചത്.
ആറ് മാസമായി ആര്യങ്കാവ് പഞ്ചായത്തിലെ തെന്മല വാലി എസ്റ്റേറ്റ് മേഖലയോട് ചേർന്ന് താമസിക്കുന്ന മലയോര കർഷകരുടെ കൃഷികളെല്ലാം കാട്ടാനക്കൂട്ടം ഇറങ്ങി നശിപ്പിക്കുകയാണ്. ഫോറസ്റ്റ് അധികൃതരിൽ നിന്ന് കാര്യമായ ഇടപെടലുകളും ആശ്വാസ നടപടികളും ഉണ്ടാകാത്തതിൽ നാട്ടുകാർ രോഷാകുലരാണ്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ കഴുതുരുട്ടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് രാവിലെ 11ന് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
റോഡുകൾ
ചോരക്കളങ്ങളാകുന്നു
ലോക്ക്ഡൗണിൽ സമ്പൂർണ ഇളവുകൾ പ്രഖ്യാപിച്ചതോടെ റോഡുകളിൽ വാഹന പ്രളയമാണ്. അപകടങ്ങളും വൻതോതിൽ വർദ്ധിച്ചതോടെ റോഡുകൾ ചോരക്കളങ്ങളായി മാറുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ദേശീയപാതയിൽ ചാത്തന്നൂരിന് സമീപം രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേരാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ആറ്റിങ്ങളിലുണ്ടായ വാഹനാപകടത്തിൽ കല്ലുവാതുക്കൽ സ്വദേശികളായ മൂന്ന് പേർ മരിച്ചതിന്റെ ആഘാതം മാറും മുൻപേയാണ് ചാത്തന്നൂരിലെ അപകടങ്ങൾ. ഭാര്യയുമൊത്ത് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന കാറിടിച്ചാണ് ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഷേർളി ബിജു മരിച്ചത്. ഭർത്താവ് ബിജുവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. ഇതിനു തൊട്ടടുത്തായി ശനിയാഴ്ച ഇത്തിക്കര പാലത്തിന് സമീപം കാർ മരത്തിലിടിച്ച് പരവൂർ കൂനയിൽ കൊച്ചാലുംമൂട് കാർത്തികയിൽ സഞ്ജയ് കൃഷ്ണ (20) മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.
ജില്ലയെ നടുക്കി രണ്ടാം കൊവിഡ് മരണം
വീണ്ടും കൊവിഡ് ഭീഷണിയിലായ കൊല്ലത്ത് ഒരാൾ കൂടി മരിച്ചതോടെ ജില്ലയിൽ കൊവിഡ് മരണം രണ്ടായി. മയ്യനാട് ജന്മകുളം പുളിമൂട്ടിൽ ഹൗസിൽ വസന്തകുമാർ (68) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മറ്റൊരാൾ രോഗമുക്തനായ ശേഷം ചൊവ്വാഴ്ച മരിച്ചതും സ്ഥിതി ആശങ്കാജനകമാണെന്ന സൂചനയാണ് നൽകുന്നത്. പെരിനാട് ഞാറയ്ക്കൽ 'അമൃത"ത്തിൽ ശശിധരൻപിള്ള (66) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ന് ഹൃദയാഘാതം മൂലമാണ് മരണമെങ്കിലും കൊവിഡ് മരണമായി കണക്കാക്കിയാൽ ജില്ലയിൽ കൊവിഡ് മരണം സാങ്കേതികമായി മൂന്നാകും. കാവനാട്, അരവിള, കാളച്ചേഴത്ത് വീട്ടിൽ സേവ്യറാണ് (63) ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ.
വസന്തകുമാർ ഈമാസം 10 നാണ് ഡൽഹിയിൽ നിന്ന് മംഗള എക്സ്പ്രസിൽ എറണാകുളത്തിറങ്ങിയത്. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്തെത്തി സ്വയം ആംബുലൻസ് വിളിച്ച് മയ്യനാടെ വീട്ടിൽ ക്വാറന്റൈനിലായി.
ഭാര്യയും മക്കളും വേളമാനൂരിലെ കുടുംബ വീട്ടിലായതിനാൽ വസന്തകുമാറിന് മറ്റാരുമായും സമ്പർക്കം ഉണ്ടായിട്ടില്ല. അസുഖത്തെ തുടർന്ന് 17ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ന്യുമോണിയ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഹൃദയസ്തംഭനം ഉണ്ടായതോടെ ആരോഗ്യനില കൂടുതൽ വഷളായി. ചൊവ്വാഴ്ച രാവിലെ 9.55 ന് മരണം സ്ഥിരീകരിച്ചു. വൈകിട്ടോടെ മുളങ്കാടകം ശ്മശാനത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിച്ചു.
കൊവിഡ് മരണത്തിൽ കൊല്ലം രണ്ടാം സ്ഥാനത്ത്
കൊവിഡ് ബാധിച്ച് മരണങ്ങളുടെ എണ്ണത്തിൽ ജില്ല രണ്ടാം സ്ഥാനത്താണ്. 4 പേർ വീതം മരിച്ച തിരുവനന്തപുരം, കണ്ണൂർ ജില്ലകളാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറം, തൃശൂർ ജില്ലകളിലും 3 പേർ വീതം മരിച്ചു. പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിൽ ഒരാൾ വീതവും മരിച്ചു. കാസർകോഡ്, ഇടുക്കി, കോട്ടയം ജില്ലകളിൽ കൊവിഡ് മരണമില്ല.
റിമാന്റ് പ്രതിക്ക് കൊവിഡ്, പൊലീസുകാർ ക്വാറന്റൈനിലായി
പുകയില ഉല്പന്നം വിറ്റതിന് അറസ്റ്റിലായ പുനലൂരിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കം 15 പൊലീസുകാരും സമ്പർക്ക പട്ടികയിലെ 25 പേരും നിരീക്ഷണത്തിലായി. സ്റ്റേഷൻ മണിക്കൂറുകളോളം അടച്ചിട്ട ശേഷം അണുനശീകരണം നടത്തി. പുനലൂർ ഗവ.എച്ച്.എസ്.എസിനു സമീപം കപ്പലണ്ടിക്കട നടത്തുന്ന 65 കാരനെയാണ് 19 ന് അറസ്റ്റ് ചെയ്തത്. ഒരു ദീവസം മുഴുവൻ പ്രതിയെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. കോടതി നടപടിയുടെ ഭാഗമായി വ്യാപാരിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് റിമാന്റ് ചെയ്തത്. കൊല്ലത്ത് പൊലീസ് നിരീക്ഷണത്തിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ പ്രതിയുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ജാമ്യത്തിലും ഇറങ്ങി. കൊവിഡ് പരിശോധനാഫലം പോസിറ്റീവായ ചൊവ്വാഴ്ചയും ഇയാൾ കടതുറന്നിരുന്നു. തുടർന്ന് ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത എസ്.ഐ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉൾപ്പെടെയാണ് 15 പൊലീസുകാർ നിരീക്ഷണത്തിലായത്. വ്യാപാരിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമുള്ള ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തിയവരുടെ വിവരശേഖരണം നടത്തുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നാണ് വ്യാപാരിയുടെ കടയിലേക്ക് സാധനങ്ങൾ എത്തുന്നത്. ഇതിന്റെ പണപ്പിരിവിനായും നിരവധി പേർ എത്താറുണ്ട്. ഇവരുമായുള്ള സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഉറവിടം കണ്ടെത്തുന്നതും സങ്കീർണമാകും.
ജില്ലയിൽ 162 പേർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച ജില്ലയായി കൊല്ലം മാറി. ആറ് ദിവസത്തിനുള്ളിൽ 94 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 14 പേർക്കും വ്യാഴാഴ്ച 13 പേർക്കും വെള്ളിയാഴ്ച 17 പേർക്കും ശനിയാഴ്ച 24 പേർക്കും ഞായർ, തിങ്കൾ ദിവസങ്ങളിൽ 13 പേർക്ക് വീതവും ചൊവ്വാഴ്ച 4 പേർക്കും.
ഉത്ര വധക്കേസ് അന്വേഷണം
അന്തിമ ഘട്ടത്തിലേക്ക്
അഞ്ചലിൽ ഭർത്താവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘത്തിന്റെ കസ്റ്റഡിയിലുള്ള മുഖ്യപ്രതി സൂരജിനെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി മരിച്ച ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരുടെ കടുത്ത രോഷപ്രകടനമാണുണ്ടായത്. 50 ഓളം സായുധ പൊലീസുകാരുടെ സുരക്ഷ ഏർപ്പെടുത്തിയ ശേഷമാണ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. നാട്ടുകാരുടെ രോഷപ്രകടനം അതിരുകടന്ന് പ്രതിയെ കല്ലെറിയുമെന്ന സംശയത്തിൽ സൂരജിനെ ഹെൽമറ്റ് ധരിപ്പിച്ചാണ് കൊണ്ടുവന്നത്. നാട്ടുകാർ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും രോഷം പ്രകടിപ്പിച്ചു. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചില നാട്ടുകാരും ഇടപെട്ട് നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് സൂരജിനെ തെളിവെടുപ്പിന് ശേഷം വാഹനത്തിലേക്ക് കയറ്റിയത്. മേയ് ഏഴിന് പുലർച്ചെയാണ് ഉത്രയ്ക്ക് അഞ്ചലെ വീട്ടിൽ കിടപ്പുമുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. ഉത്രയുടെ മരണശേഷം വീട്ടുകാർ നൽകിയ പരാതിയിൽ കൊല്ലം റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സൂരജാണ് ഉത്രയെ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.