പാലാക്കാരെപ്പറ്റി ഒരു പഴയ കഥയുണ്ട്. പനംകള്ളും പന്നിയും എല്ലിനിടയിൽ കയറുമ്പോൾ ആരെയെങ്കിലും തല്ലണം എന്നത് പാലാക്കാരുടെ പഴയ സ്വഭാവമായിരുന്നു. തല്ലാൻ ആരെയും കിട്ടിയില്ലെങ്കിൽ ഒന്നിച്ചു ചിയേഴ്സ് പറഞ്ഞവരുടെ പേര് എഴുതിയിട്ട് നറുക്ക് വീഴുന്നവനെ തല്ലി കലിപ്പ് തീർക്കും. റബൽ പാലിൽ പള്ളി കൊള്ളുന്ന കേരള കോൺഗ്രസ് പാർട്ടിയും ഏതാണ്ട് ഇതുപോലെയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുമെന്ന് പറഞ്ഞതു പോലെ എപ്പോഴും പൊട്ടലും ചീറ്റലും തന്നെ . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ജോസും ജോസഫും കട്ടക്കു നടത്തുന്ന പോരാണ് പുതിയ വിശേഷം . രണ്ട് കൂട്ടരുമായി യു.ഡി.എഫിലെ സകല നേതാക്കളും ചർച്ച നടത്തി മടുത്തു. സഹികെട്ട് ജോസിന്റെ ആള് രാജിവെക്കണമെന്ന് യു.ഡി.എഫ് തീരുമാനിച്ചപ്പോൾ രാജിവയ്ക്കാൻ സൗകര്യമില്ലെന്ന് വെല്ലുവിളിച്ച് നിൽക്കുകയാണ് ജോസും കൂട്ടരും. അവിശ്വാസ പ്രമേയമെന്ന തേങ്ങ ഇപ്പം പൊട്ടിക്കുമെന്ന് മിഥുനത്തിലെ നെടുമുടിയെപോലെ പറഞ്ഞു മടുത്ത ജോസഫ് പന്ത് യു.ഡി.എഫ് കോർട്ടിലെന്നു പറഞ്ഞു ചൊറിഞ്ഞു നിൽക്കുകയാണ്. ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ കീരിയും പാമ്പുമായ ജോസിനെയും ജോസഫിനെയും ഐക്യജനാധിപത്യമുന്നണിയെന്ന കാഴ്ചബംഗ്ലാവിൽ എങ്ങനെയും പിടിച്ചു നിറുത്താൻ ശ്രമിക്കുന്ന യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രശ്നം നീട്ടിക്കൊണ്ട് പോയി വെടക്കാക്കി തനിയ്ക്കാക്കാനുള്ള കളി തുടരുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ (ഒന്നായിരുന്നപ്പോൾ ) രണ്ട് നേതാക്കൾക്കായി വീതംവച്ചിരുന്നു. മാണിയുടെ മരണശേഷം ജോസും ജോസഫും രണ്ട് വഴിക്കായപ്പോൾ പ്രസിഡന്റ് സ്ഥാനം വീണ്ടും വീതം വയ്ക്കണമെന്ന ആവശ്യം ജോസഫ് ഉയർത്തി. കെ.എം.മാണിയുടെ കാലത്തെപ്പോലെ എഴുതിവച്ച രേഖയില്ലാതെ ആകെ 14 മാസകാലയളവിൽ എട്ടുമാസം ജോസിനും ആറ് മാസം ജോസഫിനുമായി വീതംവച്ചു കൊടുത്തത് ഉമ്മൻചാണ്ടിയടക്കം ഉന്നത കോൺഗ്രസ് നേതാക്കളായിരുന്നു. രേഖ എവിടെയെന്ന് ജോസ് ചോദിച്ചാൽ വിയറ്റ്നാം കോളനി സിനിമയിൽ ശങ്കരാടിയുടെ ചങ്ങലയിൽ കിടക്കുന്ന ഭ്രാന്തൻ കഥാപാത്രം പറയുന്നതു പോലെ 'ഇതാണ് ആ രേഖ'യെന്ന് പറഞ്ഞ് കൈവെള്ളയിലെ രേഖയേ ഉമ്മൻചാണ്ടിക്കും ജോസഫിനും പോലും കാണിക്കാനുള്ളൂ. പിന്നെന്ത് ചെയ്യും. ജോസഫ് അവിശ്വാസമെന്ന അടവ് പുറത്തെടുത്തു. യു.ഡി.എഫിലെ ഒരു കക്ഷി മറ്റൊരു കക്ഷിക്കെതിരെ അവിശ്വാസം കൊണ്ടു വന്നാൽ അത് മുന്നണി ബന്ധത്തെ പിടിച്ചുലയ്ക്കുമെന്നറിയാവുന്ന സകല നേതാക്കളും ചേർന്ന് ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനമെടുത്തു. അടുത്ത ടേമിൽ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരികയും ജോസഫ് പക്ഷം ജയിക്കുകയും ചെയ്താൽ ആദ്യടേമിൽ പ്രസിഡന്റ് സ്ഥാനം നൽകാമെന്നും, ഒപ്പം മോൻസ് ജോസഫിന്റെ കടുത്തുരുത്തി സീറ്ര് അടക്കം വേണമെന്ന പുതിയ ഡിമാൻഡുകൾ ജോസ് മുന്നോട്ടുവച്ചു. വേല മനസിലിരിക്കട്ടെയെന്ന് പറഞ്ഞ് ജോസഫ് ഇത് തള്ളിയതോടെ പന്ത് വീണ്ടും യു.ഡി.എഫ് കോർട്ടിലെത്തി നിൽക്കുകയാണ്. "ഇപ്പം ശരിയാക്കുമെന്ന് യു.ഡിഎഫ് നേതാക്കൾ പറയുമ്പോൾ പള്ളീൽ പറഞ്ഞാൽ മതിയെന്ന് ജോസ് പറയും " അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനുള്ള അംഗബലം പോലുമില്ലാത്തതിനാൽ അവിശ്വാസത്തെക്കുറിച്ച് ജോസഫ് ഇപ്പോൾ കമാന്ന് മിണ്ടാതെ തീരുമാനം നടപ്പാക്കാൻ യു.ഡി.എഫിന് ആർജ്ജവമുണ്ടെന്ന് പറഞ്ഞ് ന്യൂട്രലിൽ നിൽക്കുകയാണ് . 21 അംഗ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം പാസാകണമെങ്കിൽ 12 പേരുടെ പിന്തുണ വേണം. നോട്ടീസ് നൽകണമെങ്കിൽ എട്ട് പേർ പിന്തുണയ്ക്കണം. ജോസഫിനുള്ളത് ആകെ രണ്ട് പേരാണ്. കോൺഗ്രസിന് എട്ടും. അവിശ്വാസം വന്നാൽ പ്രതിപക്ഷം വിട്ടുനിന്നാലും ജോസിനെ പുറത്താക്കാനാവില്ല. ഈ ആത്മവിശ്വാസത്തിലാണ് ദൈവം തമ്പുരാൻ പറഞ്ഞാലും രാജിയില്ലെന്ന് പ്രഖ്യാപിച്ചുള്ള മാണി മകൻ ജോസിന്റെ നെഞ്ചും വിരിച്ചുള്ള നിൽപ്പ് ...